DAILY DISCUSSION







ഇന്റര്‍നെറ്റു സൌകര്യമുള്ള ആര്‍ക്കും ലോകത്തിലെ ഏതു ഭാഗത്ത്‌ നിന്നും ചര്‍ച്ച ശ്രവിക്കാം, പങ്കെടുത്തു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എല്ലാ ദിവസവും ഈ റൂമില്‍ വ്യത്യസ്ത വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. Beyluxe Messanger Download ചെയ്യാന്‍:http://www.beyluxe.com/messenger/Download.html. (Install ചെയ്തതിനു ശേഷം ഒരു പുതിയ ID ഉണ്ടാക്കുക. ശേഷം റൂമില്‍ പ്രവേശിക്കാം: Asia-India-ISLAAM PAADA SHAALA____VATTA MESHA swathandra samvatham)







2011 മേയ് 16, തിങ്കളാഴ്‌ച

സത്യം സത്യമായി മനസ്സിലാക്കാന്‍

മതരാഷ്ട്രമെന്നോ, ദൈവരാജ്യമെന്നോ, ഫണ്ടമെന്റലിസ്റ്റ്സ്റ്റേറ്റ്‌ തുടങ്ങി ഇസ്ലാം വിരുദ്ധരെപ്പോലെ - എന്ത് വിളിക്കുന്നു എന്നത് പ്രശ്നമല്ല, പക്ഷെ ആട്ടിനെ പട്ടിയാക്കി തല്ലിക്കൊല്ലാന്‍ ഏതായാലും നിങ്ങളും (നമ്മുടെ ഇസ്ലാഹീ സുഹൃത്തുക്കള്‍) - കുറ്റകരമായി, ആത്മവഞ്ചനയോടെ –കൂട്ട് കൂടരുത് (നിങ്ങള്‍ തന്നെ കേരള മുസ്ലിംകളോട് ഒരിക്കല്‍ പറഞ്ഞതേ മൌദൂദിയും, ജമാഅത്തെ ഇസ്ലാമിയും പറഞ്ഞിട്ടുള്ളൂ). ജമാഅത്തെ ഇസ്ലാമിയോട് ഇങ്ങള്‍ക്ക് വിയോചിപ്പാകാം, പക്ഷെ അത് ഇസ്ലാമിലെ ഒരു സംഗതിയെ നിഷേധിക്കാനും, നിങ്ങളുടെ താല്‍ക്കാലിക രാഷ്ട്രീയ നിലപാടിനനുസരിച്ച് ഒപ്പിക്കാനും ശ്രമിക്കുന്നത് ഗുരുതരമായ തെറ്റാണ്.
  
ഇസ്ലാം സ്വന്തം നിലക്ക് തന്നെ രാഷ്ട്രീയം ഉള്‍കൊള്ളുന്ന, പ്രവാചകന്‍ (സ) അത് സ്ഥാപിച്ചു കാണിച്ചു തരികയും ചെയ്ത ഒരു കാര്യമാണ്. ഭരണത്തെ നമസ്കാരം പോലെ ഇസ്ലാമിന്‍റെ പാശമായിട്ടാണ് (മൌദൂദിയല്ല) പ്രവാചകന്‍ (സ) തന്നെ ഉദാഹരിച്ഛത്: ഇസ്ലാമിന്‍റെ പാശങ്ങള്‍ ഒന്നൊന്നായി തകരും. ഓരോ പാശം തകരുമ്പോഴും ജനങ്ങള്‍ അതിനടുത്തത് മുറുകെ പിടിക്കും. ആദ്യം തകരുന്നത് ഭരണമായിരിക്കും, അവസാനം തകരുന്നത് നമസ്കാരവും [ഹദീസ്‌] ഇസ്ലാമിന്‍റെ ആരംഭകാലത്ത് മക്കയില്‍ പ്രവാചകന്‍ സ്വന്തം കുടുംബക്കാരോട് (ഖുറൈഷികളോട്) പറഞ്ഞു: നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് പറയുക; അറബികളും അനറബികളും നിങ്ങള്‍ക്ക്‌ കീഴ്പ്പെടും [ഹദീസ്‌]

അദ്ദേഹത്തെ മക്കയില്‍ ഒരു പ്രവാചകനും, മദീനയില്‍ ഒരു രാഷ്ട്രനായകനുമായി ചിത്രീകരിക്കുന്നവര്‍ മദീനയിലല്ല, മക്കയിലെ പരീക്ഷണ നാളുകളില്‍ തന്നെ രാഷ്ട്രത്തിന്‍റെ വിത്ത്‌ നട്ടിരുന്നു എന്ന വസ്തുത മനസ്സിലാക്കുന്നില്ല. പതിമൂന്നു വര്‍ഷത്തെ കടുത്ത പോരാട്ടത്തിന്‍റെ അനന്തരഫലം മാത്രമായിരുന്നു അത്. [പ്രമുഖ മുജാഹിദ് പണ്ഡിതനായ അലി അബ്ദുര്‍റസ്സാഖ് മദനിയുടെ 'മുഹമ്മദ് നബി അനുപമ വ്യക്തിത്വം' കാണുക].
ഭരണം മാറ്റി നിര്‍ത്തിയുള്ള ഇസ്ലാം ഭാഗികമാണ്, സമ്പൂര്‍ണ്ണമല്ല പ്രാവാചക ദൌത്യം പോലും അപ്പോള്‍ ഭാഗികമാവുമായിരുന്നു. ജീവിതത്തിന്‍റെ ഈ വശം കാണിക്കാതെ അദ്ദേഹം ചരമമടഞ്ഞിരുന്നെങ്കില്‍ ജനോപകാരിയായ സമ്പൂര്‍ണ്ണ മാതൃകാ പുരുഷനാവില്ലായിരുന്നു, അദ്ദേഹം. [അതേ പുസ്തകം].

ഇസ്ലാമിന്‍റെ ആദ്യകാലത്ത് മക്കയില്‍ നവമുസ്ലിംകള്‍ക്ക് ക്രൂരമായ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നപ്പോള്‍ പ്രവാചകന്‍ അവരോട് അല്ലാഹുവിന്‍റെ സഹായം ലഭിക്കും അത് വരെ തല്‍ക്കാലത്തേക്ക് ക്ഷമ കൈകൊള്ളാന്‍ കല്‍പ്പിച്ചു. പക്ഷെ പീഡനം വീണ്ടും കഠിനമായപ്പോള്‍ മുസ്ലിംകള്‍ അല്ലാഹുവിന്‍റെ സഹായം എപ്പോഴാനുണ്ടാവുക പ്രവാചകരെ എന്ന് ചോദിച്ചതിന് പ്രവാചകന്‍റെ മറുപടി മുന്‍കഴിഞ്ഞ പ്രവാചകരും ഇതിനേക്കാള്‍ ക്രൂരമായ പീഡന-മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്.. പക്ഷെ നിങ്ങള്‍ ധൃതി കാണിക്കുകയാണ്, സനആ മുതല്‍ ഹദറമൌത്ത് വരെ ഒരു സ്ത്രീക്ക്, തന്‍റെ ആട്ടിന്‍കുട്ടിയെ ചെന്നായ പിടിക്കുമോ എന്ന പേടിയല്ലാത്തെ മറ്റ് യാതൊന്നും പേടിക്കാനില്ലത്ത (രാജ്യവും, ക്രമസമാധാനവും) ഇവിടെ വരാന്‍ പോവുന്നു എന്നാണ് പ്രതീക്ഷ കൊടുത്തത്.

വിടവാങ്ങും മുന്‍പ്‌ പ്രവാചകന്‍ (സ) ഉപദേശിച്ചത്; എന്‍റെയും, സച്ചരിതരായ (പ്രവാചകന്‍ സ്ഥപിച്ച ഖിലാഫത്ത് നിലനിര്‍ത്തിയ) നാല് ഖലീഫമാരുടെയും (റ) ചര്യ നിങ്ങള്‍ പിന്‍തുടരുവോളം നിങ്ങള്‍ വഴി പിഴക്കില്ല എന്നാണ്.

പ്രവാചക പൌത്രന്‍ ഹുസൈന്‍ (റ), ഖിലാഫത്തിനെതിരെ രൂപംകൊണ്ട ഇസ്ലാം വിരുദ്ധ ഏകാധിപത്യ/രാജാധിപത്യ വ്യവസ്ഥക്കെതിരെയാണ് (വധിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടു പോലും) ഇറാഖിലോളം പോയി ജിഹാദ്‌ ചെയ്ത് തന്‍റെ തല എകാധിപതികള്‍ക്ക് തട്ടിക്കളിക്കാന്‍ കൊടുത്തത്, ഖര്‍ബല ഖിലാഫത്തിന്‍റെ മരണമണിയുടെ (ആദ്യ പാശം തകരുന്നതിന്‍റെ)  ചരിത്രം കൂടിയാണ്, ഇബ്നു സുബൈര്‍ (റ) പോലെയുള്ള നിരവധി പേര്‍ തങ്ങളുടെ തലയും, രക്തവും കൊടുത്തത്‌ ഇസ്ലാമിന്‍റെ ഈ പാഷത്തെ സംരക്ഷിക്കാനായിരുന്നു.

അതിനാല്‍ ഭൌതികവും ആത്മീയവും ഒത്ത് ചേര്‍ന്നുള്ള ഒരു രാഷ്ട്രമാണ് ഇസ്ലാം എന്ന് മനസ്സിലാക്കണം [അല്‍മുര്‍ഷിദ്], ഭരണം എന്ന നഷ്ടപ്പെട്ട പാശത്തെ ഇസ്ലാമിലില്ല എന്ന് പറഞ്ഞ്, അതുണ്ട് എന്നും അതിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നും പറയുന്നവരെ ഒറ്റു കൊടുക്കുകയും അങ്ങനെ ശത്രുവിന് കഞ്ഞിവെച്ചു കൊടുക്കുകയും ചെയ്യരുത്‌. ഇസ്ലാം ഏതു ദിവസം ദീന്‍ (മതം) ആയോ അന്ന് തന്നെ സിയാസത്തും (രാഷ്ട്രവും) കൂടിയായിരുന്നു. അതിന്‍റെ മിമ്പര്‍ അതിന്‍റെ സിംഹാസനവും, അതിന്‍റെ പള്ളി അതിന്‍റെ കോടതിയും, അതിന്‍റെ തൌഹീദ് നമ്രൂദ്‌, ഫിര്‍ഔന്‍, ഖൈസര്‍, ഖിസ്രാ മുതലായവരുടെ സാമ്രാജ്യത്വം നശിപ്പിക്കാനുള്ള സന്ദേശവും [അല്‍മുര്‍ഷിദ്] എന്നാല്‍ ഇത്രയും കനത്തില്‍ നിങ്ങള്‍ മതരാഷ്ട്രവാദി എന്ന് കുറ്റപ്പെടുത്തുന്ന മഹാനായ മൌലാനാ മൌദൂദി(റ) പോലും പറഞ്ഞില്ല!

ആയതിനാല്‍ നാം പരസ്പരം കൊമ്പ് കൊര്‍ക്കാതെ, (പൂര്‍വ്വ സൂരികള്‍ പറഞ്ഞപോലെ) പരസ്പരം  കൈകോര്‍ത്ത്‌ അല്ലാഹുവിന്‍റെ പ്രാധിനിത്യം സ്ഥാപിക്കണം. അതായത് അല്ലാഹുവിന്‍റെ നിയമങ്ങളെ നടത്തുന്നതിനുള്ള അധികാരം നാം കൈ വരുത്തണം. നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്‍ത്തികളോ ആയിരിക്കുന്നതിന് ഇസ്ലാം അനുവദിക്കുന്നില്ല [അല്‍മുര്‍ഷിദ്]..
ജനങ്ങളെ, ആരാധ്യന്‍ അല്ലാഹു അല്ലാതെ മറ്റാരും തന്നെയില്ല എന്ന് നിങ്ങള്‍ പറയുവിന്‍, നിങ്ങള്‍ വിജയശ്രീലാളിതരായിത്തീരും. അതുകൊണ്ട് നിങ്ങള്‍ക്ക്‌ അറബ് അധീനപ്പെടുത്തുവാനും കഴിയും. അജമ് (അനറബ്‌) കീഴ്പ്പെടുകയും ചെയ്യും.. ലോകത്തെ അങ്ങനെത്തന്നെ കീഴ്പ്പെടുത്തി അതില്‍ ദൈവരാജ്യം സ്ഥാപിക്കുവാനുള്ള ഏറ്റവും വമ്പിച്ച ഒരു അഭൌതിക ഉപകരണമാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നാണല്ലോ ഈ വിശുദ്ധ വാക്യത്തില്‍നിന്ന് ഗ്രഹിക്കാവുന്നത്? [അത്തൌഹീദ്]

പിന്നെ ഇസ്ലാമിക ശരീഅത്തിനെ അക്ഷരാര്‍ഥത്തില്‍ ഗ്രഹിക്കുകയും മാനവനന്മയിലും നീതിയിലും അതിന്‍റെ സംവിധാനം മനസ്സിലാക്കുകയും ചെയ്ത, നീതിരാഷ്ട്രീയം ശരീഅത്തിന്‍റെ ഒരു ഭാഗമാണെന്ന് കാണുകയും ചെയ്ത ഒരാള്‍ക്ക്‌ മറൊരു രാഷ്ട്രീയ നയം ആവിഷ്ക്കരിക്കുകയോ അനുധാവനം ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല. [ശബാബ് -1977)
മാത്രമല്ല, വിപത്തിന്‍റെ യഥാര്‍ത്ഥ കാരണം നമ്മുടെ പൂര്‍വ്വസൂരികള്‍ തന്നെ ഇങ്ങനെ നമ്മോട് പറഞ്ഞ് തരുന്നു: നാം ഇസ്ലാമിന്‍റെ മൌലികതത്വങ്ങള്‍ പ്രവത്തിക്കുന്നതിനെ ഉപേക്ഷിച്ചു കളഞ്ഞിരിക്കുന്നുവെന്നുള്ളതാണ് നമ്മുടെ സകലവിധ വിപത്തുകളുടെയും യഥാര്‍ത്ഥ കാരണം. നാം ഒരു കാര്യത്തെ അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ വീക്ഷിക്കുന്നതിന് വളരെ കുറച്ച് മാത്രമേ പരിശ്രമിക്കുന്നുള്ളൂ. ഏതൊരു തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് അറബികള്‍ ലോകത്തിന്‍റെ ഭൂരിഭാഗത്തില്‍ ഭരണം നടത്തിയോ ആ തത്വങ്ങള്‍ ഇന്നും ഖുര്‍ആനില്‍ കിടപ്പുണ്ട്. പക്ഷെ, ഈ മൂലതത്വങ്ങള്‍ക്ക് നാം ശാഖാ തത്വങ്ങളുടെ സ്ഥാനം മാത്രം നല്‍കിയിരിക്കുകയാണ് (അല്‍മുര്‍ഷിദ്).

ചുരുക്കത്തില്‍ നമ്മുടെ നിയ്യത്ത്, ലക്‌ഷ്യം ഇപ്രകാരമായിരിക്കണം; അല്ലാഹു അവതരിപ്പിച്ചത്കൊണ്ടല്ലാതെ വിധികല്‍പ്പിക്കുന്ന ഒരു ഭരണകൂടത്തിന്‍റെ നടത്തിപ്പുകാരനാകാനും ഇസ്ലാമിക ശരീഅത്തനുസരിച്ഛല്ലാതെ പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്തിയാവല്‍ മുസ്ലിമിന് അനുവദനീയമല്ല. അത്തരക്കാരെയോ, ഇങ്ങനെയുള്ള ഭരണകൂടത്തില്‍ പങ്കാളികളായിട്ടുള്ള മറ്റുള്ളവരെയോ തെരഞ്ഞെടുക്കാന്‍ വോട്ട്ചെയ്യലും അനുവദനീയമല്ല ഭരണകൂടത്തെ ഇസ്ലാമിക ശരീയത്തനുസരിച്ച് പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള മാര്‍ഗമായി ആ വോട്ടിങ്ങിനെയും പങ്കാളിത്തത്തെയും ഉപയോഗപ്പെടുത്തുന്നുന്ടെങ്കിലല്ലാതെ [ഇബ്നു ബാസ്], അതിന് കാരണം മത നിഷ്ഠയുള്ള ഒരു മുസ്ലിമിന് ഇസ്ലാമികെതര രാഷ്ട്രത്തില്‍ ഉദ്യോഗം വഹിക്കുകയും ഭരണത്തില്‍ പങ്കാളിയാവുകയും ചെയ്യുക അനുവദനീയമാല്ലെന്നു തന്നെയാണ് അടിസ്ഥാന നിയമം, ഈ വിഷയത്തില്‍ അടിസ്ഥാന നിയമം ഒരു മുസ്ലിം അല്ലാഹുവിന്‍റെ നിയമങ്ങള്‍ നടപ്പാക്കാന്‍ പറ്റുന്നതല്ലാത്ത ഭരണകൂടത്തില്‍ പങ്കുചെരാതിരിക്കുക എന്നതുതന്നെയാണ് [ഫിക്ഹുദ്ദൌല ഡോ.ഖറദാവി].

May 26 Kozhikkode





2011 മേയ് 15, ഞായറാഴ്‌ച

ഖുര്‍ആനും തൗറാത്തും -- ഇ.സി സൈമണ്‍ മാസ്റ്റര്‍

 
 
 
മൂസാ നബിയെപ്പറ്റി പറയുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരുക അദ്ദേഹം വഴി ലഭിച്ച തൗറാത്ത് എന്ന നിയമസംഹിത(ബൈബിളിലെ പഴയ നിയമം)യാണ്. മനുഷ്യ ജീവിതത്തിന്റെ ഒട്ടെല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ബൃഹത്തായ നിയമങ്ങളും ചട്ടങ്ങളും തൗറാത്തില്‍ നിന്ന് ലഭിച്ചു. സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും സാന്മാര്‍ഗികവുമായ വിഷയങ്ങളില്‍ തൗറാത്തിലെ നിയമങ്ങളും കല്‍പനകളും മതങ്ങള്‍ക്കു മാത്രമല്ല സ്വീകാര്യമായത്, പല രാജ്യങ്ങളിലെയും നിയമഗ്രന്ഥങ്ങളില്‍ പോലും അവ സ്ഥാനം പിടിക്കുകയുണ്ടായി. പല രാജ്യങ്ങളുടെയും നിയമസംഹിതകളില്‍ ഇന്നും വലുതായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നതാണ് തൗറാത്ത് എന്ന പഴയ നിയമം.
 
അതുപോലെതന്നെ, നിരവധി രാജ്യങ്ങളിലെ നിയമക്രമങ്ങളില്‍ ഇന്നും വലുതായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നതാണ് മുഹമ്മദ് നബി വഴി ലഭിച്ച ശരീഅത്ത് നിയമങ്ങള്‍ എന്ന ഇസ്‌ലാമിക നിയമവ്യവസ്ഥ. കുറ്റത്തിന്റെ ഗൗരവമനുസരിച്ചുള്ള ശിക്ഷാവിധികള്‍ അതില്‍ വ്യക്തമായി നിര്‍വചിച്ചിരിക്കുന്നു. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ബാധകമായ സ്വത്ത് നിയമം ഇന്നും പ്രാബല്യത്തിലുണ്ട്. പല മതസമൂഹങ്ങളിലും സ്ത്രീക്ക് സ്വത്തവകാശം നിഷേധിക്കപ്പെട്ടിരുന്ന കാലത്തും ഇസ്‌ലാമിക നിയമമനുസരിച്ച് വ്യവസ്ഥാപിത രീതിയില്‍ അവര്‍ക്ക് സ്വത്തവകാശം നല്‍കിയത് ആ നിയമത്തിന്റെയും മതത്തിന്റെയും പുരോഗമന സ്വഭാവം കാണിക്കുന്നു. മാനുഷിക മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം കൊടുക്കുന്നവയാണ് ഇസ്‌ലാമിക നിയമങ്ങള്‍. തൗറാത്തിലെ നിയമങ്ങളുമായി ഖുര്‍ആനിലെ ശരീഅത്ത് നിയമങ്ങള്‍ക്കുള്ള അടുപ്പവും സാദൃശ്യവും കാണിക്കുന്നത് ആ രണ്ട് പ്രവാചകന്മാര്‍ തമ്മിലുള്ള അടുത്ത ബന്ധവും രണ്ട് നിയമങ്ങളുടെയും ഉറവിടം ഒന്നാണെന്നുമാണ്.
 
മൂസാ നബിക്ക് ഹീബ്രു ഭാഷയില്‍ തൗറാത്ത് ലഭിച്ചപ്പോള്‍ മുഹമ്മദ് നബിക്ക് കിട്ടിയത് അറബി ഭാഷയിലുള്ള ഖുര്‍ആന്‍. ഒന്ന് ദൈവത്തില്‍നിന്ന് നേരിട്ട് കല്ലില്‍ എഴുതിക്കിട്ടി. മറ്റേത് മാലാഖ വഴി ഓതിക്കേള്‍പ്പിച്ച് പഠിപ്പിച്ചു എന്നേയുള്ളൂ വ്യത്യാസം.
 
ഈജിപ്തുകാര്‍ ഇസ്രയേല്‍ക്കാരോട് ചെയ്ത അതിക്രമങ്ങള്‍ക്ക് രണ്ട് വിധത്തില്‍ അല്ലാഹു അവരോട് പ്രതിക്രിയ ചെയ്തതായി പെസഹാ പെരുന്നാള്‍ സംഭവത്തില്‍ കാണുന്നു. ഫറവോന്‍ ചെയ്ത ക്രൂരതകളില്‍ ഏറ്റവും കടുത്തതായി ബൈബിളും ഖുര്‍ആനും എടുത്തുപറയുന്നത് ഇസ്രയേല്‍ക്കാരുടെ ആണ്‍മക്കളെ ശൈശവത്തില്‍ തന്നെ ഈജിപ്തുകാര്‍ കൊന്നുകളയുകയായിരുന്നെന്നും പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിച്ചെന്നുമാണ്. ഇസ്രയേല്‍ക്കാരെ മോചിപ്പിക്കാന്‍ അന്തിമമായി തീരുമാനിച്ച ദൈവം അതിനു വഴിയൊരുക്കിയത് ഈജിപ്തുകാര്‍ക്ക് ഏറ്റവും കടുത്ത ഒരു ശിക്ഷ കൊടുത്തുകൊണ്ടായിരുന്നു. പെസഹാ ദിവസം സന്ധ്യക്ക് ദൈവത്തിന്റെ മാലാഖ എല്ലാ ഈജിപ്ഷ്യന്‍ ഭവനങ്ങളുടെയും സമീപത്തു കൂടി കടന്നുപോയി എന്നും ആ പോകുന്ന സമയം മുഴുവന്‍ ഈജിപ്തുകാരുടെ വീടുകളിലെയും ആദ്യ പുത്രന്മാരെ മാലാഖ വധിച്ചുകളഞ്ഞെന്നും എന്നാല്‍ ഇസ്രയേല്‍ ഭവനങ്ങളെ ഒഴിവാക്കി മാലാഖ കടന്നുപോയി എന്നുമാണ് ബൈബിള്‍ വിവരണം. ആ സംഭവത്തെ അനുസ്മരിച്ച് 'കടന്നുപോവുക' എന്നര്‍ഥമുള്ള 'Pass Over' എന്നും പെസഹാ ദിനത്തിനു പേരുണ്ട്. കുടില്‍ മുതല്‍ കൊട്ടാരം വരെ എല്ലാവര്‍ക്കും അനുഭവപ്പെട്ട ദൈവശിക്ഷയുടെ ഭയാനകവേദന. ഫറവോന്റെ കൊട്ടാരത്തിലും മുഴങ്ങി അതിന്റെ ദീനരോദനം.
 
ഇസ്രയേല്‍ക്കാരെ കീഴ്‌പ്പെടുത്തി 400 കൊല്ലം കഷ്ടപ്പെടുത്തി കൂലി കൊടുക്കാതെ നിര്‍ബന്ധമായി അടിമപ്പണി ചെയ്യിച്ചതിന് ദൈവം അവരില്‍ നിന്ന് 'നഷ്ടപരിഹാരം' വാങ്ങി ഇസ്രയേല്‍ക്കാര്‍ക്ക് കൊടുപ്പിച്ചതിന്റെ വിവരണവും അതിലുണ്ട്. ദൈവം കൊടുത്ത വാഗ്ദത്ത ഭൂമിയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ അയല്‍വീട്ടുകാരായ ഈജിപ്തുകാരില്‍ നിന്ന് കിട്ടാവുന്നത്ര സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വായ്പ വാങ്ങാന്‍ ദൈവം ഇസ്രയേല്‍ക്കാരോട് നിര്‍ദേശിച്ചു. കടുത്ത ശിക്ഷ വന്നെത്തിയത് മുതല്‍ ഇസ്രയേല്‍ക്കാരോട് ഈജിപ്തുകാര്‍ക്ക് വലിയ മതിപ്പാണെന്നും അതുകൊണ്ട് ചോദിക്കുന്നത് മുഴുവന്‍ കിട്ടുമെന്നും ദൈവം അറിയിച്ചു. അതനുസരിച്ച് ധാരാളം സ്വര്‍ണം അവര്‍ വായ്പ വാങ്ങി. വാഗ്ദത്ത ഭൂമിയില്‍ ചെന്ന ശേഷം മൂസാ നബി അറിയാതെ ആ സ്വര്‍ണം ഉരുക്കി അവരൊരു പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചു. സമീരി എന്നൊരാളായിരുന്നു അതിന്റെ സൂത്രധാരന്‍. വിവരമറിഞ്ഞ് മൂസാ നബി കോപിഷ്ഠനായി. ജനങ്ങളെ വേണ്ടത്ര നിയന്ത്രണത്തില്‍ നിര്‍ത്താതിരുന്നതിന് സഹോദരനായ ഹാറൂന്‍ നബിയെ മൂസാ നബി കുറ്റപ്പെടുത്തി. സഹോദരന്‍ പറഞ്ഞു: ''എന്റെ ഉടപ്പിറന്നവനേ, എന്റെ താടിയും മുടിയും പിടിച്ചു വലിക്കല്ലേ! 'എന്റെ വാക്കുകള്‍ക്കു കാത്തിരിക്കാതെ ഇസ്രാഈല്യരെ ഭിന്നിപ്പിച്ചുകളഞ്ഞു' എന്ന് നീ പറയുമോ എന്നു ഞാന്‍ പേടിച്ചു''
 
ജനങ്ങളോടും അദ്ദേഹം കാരണം ആരാഞ്ഞു. ''അവര്‍ പറഞ്ഞു: നിനക്കു തന്ന വാക്ക് ഞങ്ങള്‍ കരുതിക്കൂട്ടി ലംഘിച്ചതല്ല. എന്നാല്‍ വന്നുഭവിച്ചതങ്ങനെയാണ്. ഈ ജനതയുടെ ആഭരണങ്ങളുടെ ചുമടുകള്‍ ഞങ്ങള്‍ വഹിക്കേണ്ടിവന്നിരുന്നുവല്ലോ. ഞങ്ങളത് ഉരുക്കിപ്പണിയാന്‍ തീയിലിട്ടു. അതുപോലെ സാമിരിയും ചെയ്തു. സാമിരി അവര്‍ക്ക് അതുകൊണ്ട് മുക്രയിടുന്ന ഒരു പശുക്കുട്ടിയുടെ രൂപമുണ്ടാക്കിക്കൊടുത്തു. അപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: ഇതാകുന്നു നിങ്ങളുടെ ദൈവം. മൂസായുടെ ദൈവവും ഇതുതന്നെ. മൂസയിത് പറയാന്‍ മറന്നുപോയതാണ്'' (20:87,88).
 
ഇസ്രയേല്‍ക്കാരെ ചൂഷണം ചെയ്ത് ഈജിപ്തുകാരുണ്ടാക്കിയ സമ്പത്തായിരുെന്നങ്കിലും ഒരുപക്ഷേ അവര്‍ക്കത് ലഭിച്ചത് ഹലാലായ രീതിയില്‍ ആയിരിക്കുകയില്ല. ഹറാമായതുകൊണ്ടാവാം നല്ല കാര്യത്തിനുപയോഗിക്കാതെ അവരത് വിഗ്രഹ നിര്‍മാണത്തിന് ഉപയോഗിക്കാനിടയായത്.സ്വര്‍ണപ്പശുക്കുട്ടിയെ ആവട്ടെ പൊടിച്ച് കടലില്‍ തള്ളുകയും ചെയ്തു.
 
ബൈബിളില്‍ ദീര്‍ഘമായി വിവരിച്ച സംഭവങ്ങളുടെ ആശയങ്ങള്‍ നഷ്ടപ്പെടാതെ ഏറ്റവും ചുരുക്കിക്കൊള്ളിച്ചതാണ് ഖുര്‍ആന്‍ സൂക്തം 20:87. 'ആഭരണങ്ങളുടെ ഒരു വലിയ ഭാരമാണ് ഞങ്ങള്‍ ചുമക്കേണ്ടിവന്നത്' എന്നു പറഞ്ഞപ്പോള്‍ ധാരാളം സ്വര്‍ണം അവരുടെ കൈവശം ഉണ്ടായിരുന്നു എന്നു തന്നെയാണ് അര്‍ഥം. അതിശയോക്തി കലര്‍ത്തി ഇല്ലാത്തതൊന്നും ഖുര്‍ആന്‍ പറയുന്ന പതിവില്ല. അനവധി തലമുറകളായി കടുത്ത ദാരിദ്ര്യവും പീഡനങ്ങളും സഹിച്ച് അടിമകളായി ജീവിച്ച ഒരു ജനതക്ക് എങ്ങനെ കിട്ടി ഇത്രയധികം സ്വര്‍ണം? അവരുടെ ദൈവത്തെ ആരാധിക്കുന്നതിനു വേണ്ടി ഒരു ദൂരസ്ഥലത്തേക്ക് യാത്ര പോവുകയാണെന്നും അതിനാല്‍ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ആവശ്യമുണ്ടെന്നുമാണ് അവര്‍ ഈജിപ്തുകാരോട് കാരണം പറഞ്ഞത്. മുന്‍ പതിവുപോലെ അഭിമാനം നശിച്ച കഴിവുകെട്ട ഇസ്രയേല്‍ക്കാരനെന്ന നിലയിലല്ല ഇപ്പോള്‍ അവര്‍ ചെല്ലുന്നത്. ഇസ്രയേല്‍ സന്തതികളുടെ ആണ്‍കുഞ്ഞുങ്ങളെ കൊന്നൊടുക്കി അനേക കൊല്ലം അവരെ കണ്ണീരു കുടുപ്പിച്ച യജമാന വര്‍ഗത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ആദ്യ ജാതരായ എല്ലാ ആണ്‍മക്കളെയും ഒരൊറ്റ അടിക്ക് കൂട്ടമായി സംഹരിച്ച് വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒന്നുപോലെ ദുഃഖത്തിലാഴ്ത്തി പരാജയപ്പെടുത്തിയ ശക്തനായ ദൈവത്തിന്റെ പ്രത്യേക സംരക്ഷണയിലുള്ള ഇസ്രയേല്‍ക്കാര്‍ നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചുവാങ്ങി വിജിഗീഷുക്കളായാണ് ഇത്തവണ ഈജിപ്തുകാരുടെ മുമ്പില്‍ ചെന്നത്. യാത്രക്കു വേണ്ടി അവര്‍ ആഭരണം ചോദിച്ചു. ഈജിപ്തുകാര്‍ കൊടുത്തു. മടികൂടാതെ ധാരാളം കൊടുത്തു. അങ്ങനെ കിട്ടിയതാണ് അവര്‍ക്ക് ആ സ്വര്‍ണക്കൂമ്പാരം. സമ്പന്നരായ ഈജിപ്തുകാര്‍ക്ക് അതൊരു പ്രയാസപ്പെട്ട കാര്യവുമായിരുന്നില്ല. അങ്ങനെ ഖുര്‍ആന്‍ വാക്യം ശരിയെന്ന് തെളിയുന്നു; ബൈബിള്‍ വിവരണവുമായി യോജിക്കുകയും ചെയ്യുന്നു.
 
 
ക്രൈസ്തവരെക്കുറിച്ച് ഖുര്‍ആന്‍
 
ക്രൈസ്തവരെപ്പറ്റി നല്ലത് പലതും പറയുന്നുണ്ട് ഖുര്‍ആന്‍. ''മനുഷ്യരില്‍ സത്യവിശ്വാസികളോട് ഏറ്റവും കൂടുതല്‍ ശത്രുതതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണെന്ന് നിശ്ചയമായും നിനക്ക് കാണാം; ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്നു പറഞ്ഞവരാണ് വിശ്വാസികളോട് കൂടുതല്‍ സ്‌നേഹമുള്ളവരെന്നും. അവരില്‍ പണ്ഡിതന്മാരും ലോക പരിത്യാഗികളായ പുരോഹിതന്മാരുമുണ്ടെന്നതും അവര്‍  അഹന്ത നടിക്കുന്നില്ലെന്നതുമാണതിനു കാരണം.
 
സത്യം മനസ്സിലായതിനാല്‍, ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകുന്നത് നിനക്ക് കാണാം. അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: 'ഞങ്ങളുടെ നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെയും നീ സത്യസാക്ഷികളുടെ കൂട്ടത്തില്‍ പെടുത്തേണമേ. ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സച്ചരിതരിലുള്‍പ്പെടുത്തണമെന്ന് ഞങ്ങളാഗ്രഹിച്ചുകൊണ്ടിരിക്കെ ഞങ്ങളുടെ നാഥനിലും ഞങ്ങള്‍ക്കു വന്നെത്തിയ സത്യത്തിലും ഞങ്ങളെന്തിനു വിശ്വസിക്കാതിരിക്കണം?'
 
അവരിങ്ങനെ പ്രാര്‍ഥിച്ചതിനാല്‍ അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ പ്രതിഫലമായി നല്‍കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലമാണിത്'' (5:82-85).
 
നബിയുടെ കാലത്ത് മക്കയില്‍ ഇസ്‌ലാമിനെതിരായ എതിര്‍പ്പും മര്‍ദനവും അസഹ്യമായപ്പോള്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനായി അവര്‍ അബിസീനയയില്‍ (സുഊദി അറേബ്യയുടെയും യമന്റെയും അടുത്തുള്ള എത്യോപ്യയുടെ പഴയ പേര്) അഭയം തേടി. ക്രൈസ്തവരായിരുന്ന അബിസീനിയക്കാര്‍ മുസ്‌ലിംകള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. എക്കാലത്തേക്കും ബാധകമായ നല്ലൊരു സ്‌നേഹസ്മരണയും സൗഹൃദബന്ധവും നിലനിര്‍ത്തുന്നതിന് ആ സംഭവം ഇടയാക്കി.
 
ക്രൈസ്തവ-മുസ്‌ലിം ആത്മബന്ധത്തിന് മറ്റൊരുദാഹരണം: എ.ഡി 615-ല്‍ പേര്‍ഷ്യക്കാരുമായുണ്ടായ ഒരു യുദ്ധത്തില്‍ ക്രൈസ്തവ റോമാ സാമ്രാജ്യത്തിന് ജറൂസലം നഷ്ടപ്പെട്ടു. അവിശ്വാസികളായ മക്കക്കാര്‍ ക്രൈസ്തവരുടെ പരാജയത്തില്‍ വിജയാഹ്ലാദം നടത്തി. നബിയോടും വിശ്വാസികളോടുമുള്ള എതിര്‍പ്പും അവര്‍ വര്‍ധിപ്പിച്ചു. അതിശക്തരായ ക്രൈസ്തവ സാമ്രാജ്യത്തെ അവിശ്വാസികളായ പേര്‍ഷ്യക്കാര്‍ക്ക് പരാജയപ്പെടുത്താന്‍ സാധിച്ചുവെങ്കില്‍ അവരുടെ വിജയം ആഗ്രഹിച്ചവരായ നബിയെയും മുസ്‌ലിംകളെയും ഇവിടെ മക്കയിലും പരാജയപ്പെടുത്തി തങ്ങളുടെ ആധിപത്യം നിലനിര്‍ത്താമെന്നായിരുന്നു അവരുടെ വ്യാമോഹം. എന്നാല്‍, ആ സംഭവത്തില്‍ ഉടന്‍ തന്നെ ഖുര്‍ആന്‍ സൂക്തം ഇങ്ങനെ പ്രഖ്യാപിച്ചു: ''റോമക്കാര്‍ പരാജിതരായിരിക്കുന്നു. അടുത്ത നാട്ടിലാണിതുണ്ടായത്. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം വരിക്കും.
 
ഏതാനും കൊല്ലങ്ങള്‍ക്കകം ഇതുണ്ടാകും. മുമ്പും പിമ്പും കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലാണ്. അന്ന് സത്യവിശ്വാസികള്‍ സന്തോഷിക്കും.
 
അല്ലാഹുവിന്റെ സഹായത്താലാണിതുണ്ടാവുക. അവനിഛിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവന്‍ പ്രതാപിയും പരമ ദയാലുവുമാണ്'' (30:2-5).
 
അവിശ്വാസികളായ പേര്‍ഷ്യക്കാര്‍ക്ക് അധിക നാള്‍ വിജയം നിലനിര്‍ത്താനായില്ല. ഖുര്‍ആന്‍ പ്രവചിച്ച പോലെ ഏറ്റവും കുറഞ്ഞ ഒരു കാലഘട്ടത്തിനുള്ളില്‍, അതായത് ഏഴെട്ടു കൊല്ലങ്ങള്‍ക്കുള്ളില്‍ തന്നെ റോമക്കാര്‍ പേര്‍ഷ്യക്കാരെ പരാജയപ്പെടുത്തി സ്ഥലം വീണ്ടെടുത്തു.
 
പുറമെനിന്നു നോക്കുന്ന ഒരാള്‍ക്ക് ക്രൈസ്തവരെ സംബന്ധിച്ച് ഒറ്റ മതമായി തോന്നുമെങ്കിലും യാഥാര്‍ഥ്യം അങ്ങനെയല്ല. അനേകം ജാതികളും ഉപജാതികളും ഉള്ളതാണ് ആ മതം. പരസ്പരം അംഗീകരിക്കാത്ത മതവിഭാഗങ്ങളും അതിലുണ്ട്. ക്രൈസ്തവരിലെ ഏറ്റവും വലുതും പ്രബലവുമാണ് മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള കത്തോലിക്കാ സഭയെങ്കിലും അവരെ ക്രിസ്ത്യാനികളായി അംഗീകരിക്കാത്ത ക്രൈസ്തവ സഭകളുമുണ്ട് എണ്ണത്തിലും വണ്ണത്തിലും കുറവാണെങ്കിലും വേറെ പലതും. അവര്‍ തമ്മില്‍ വിവാഹബന്ധവും നിരോധിക്കപ്പെട്ടിരിക്കുകയാണ്.
 
എന്നാല്‍, ഖുര്‍ആന്‍ മുസ്‌ലിംകള്‍ക്ക് ക്രൈസ്തവ സ്ത്രീകളുമായി വിവാഹം അനുവദിച്ചിരിക്കുന്നു. വ്യത്യസ്ത ക്രൈസ്തവ സഭകള്‍ പരസ്പരം വിവാഹം പാടില്ലെന്നു നിഷേധിച്ചിരിക്കുമ്പോഴാണ് ഈ ഖുര്‍ആന്‍ കല്‍പനയെന്നുള്ളത് ശ്രദ്ധേയം തന്നെ.
 
വേദക്കാരുടെ ഭക്ഷണം മുസ്‌ലിംകള്‍ക്കും അവരുടെ ഭക്ഷണം വേദക്കാര്‍ക്കും അനുവദിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മദ്യവും പന്നിയിറച്ചിയും സ്വീകാര്യമല്ല. ക്രിസ്ത്യാനികള്‍ക്ക് നേരത്തെ തന്നെ നിഷിദ്ധമാക്കപ്പെട്ടതാണ് പന്നി മാംസം.
 
സാമ്പത്തിക കാര്യങ്ങളിലെ കൊടുക്കല്‍ വാങ്ങലുകളില്‍ ഖുര്‍ആന്‍ ക്രിസ്ത്യാനികളെ കൃത്യമായി വിലയിരുത്തുന്നു, ഇങ്ങനെ: ''വേദവിശ്വാസികളിലൊരു വിഭാഗം നീയൊരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് തിരിച്ചുതരുന്നവരാണ്. മറ്റൊരു വിഭാഗമുണ്ട്. കേവലം ഒരു ദീനാര്‍ വിശ്വസിച്ചേല്‍പിച്ചാല്‍ പോലും നിനക്ക് അവരത് മടക്കിത്തരില്ല- നീ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ'' (3:75).

2011 മേയ് 14, ശനിയാഴ്‌ച

തനിമയുള്ള വെളിച്ചത്തെ ഏറ്റുവാങ്ങുക

കലയുടെയും സാഹിത്യത്തിന്റെയും കാതലായ അംശം മനുഷ്യന്റെ മനസ്സിനെ വിമലീകരിക്കുകയാണെന്നത്‌ പുതിയ ആശയമല്ല. ആ തീര്‍പ്പും അതിനോടുള്ള എതിര്‍പ്പും കൊണ്ട്‌ കലുഷിതമായിരുന്നു കലാസാഹിത്യ ചരിത്രംതന്നെ. മലയാളത്തില്‍പോലും `കല കലക്കുവേണ്ടി'യെന്നും `കല ജീവിതത്തിനുവേണ്ടി'യെന്നും `കല ജീവിതംതന്നെ'യാണെന്നും പലതരത്തില്‍ പറഞ്ഞ്‌ ബഹളംകൂട്ടിയ കാലം കഴിഞ്ഞുപോയിട്ടേയുള്ളൂ. വിവാദങ്ങളെക്കാളും ശക്തമായി കലയും സാഹിത്യവും സമൂഹത്തില്‍ നിലനില്‍ക്കുന്നു ഇന്നും എന്നതാണ്‌ ബാക്കിയാകുന്ന യാഥാര്‍ഥ്യം. സമൂഹമാണ്‌ കലയെയും സാഹിത്യത്തെയും ഉല്‍പ്പാദിപ്പിക്കുന്നത്‌, സമൂഹത്തില്‍നിന്ന്‌ വെള്ളവും വളവും സ്വീകരിച്ചാണ്‌ അത്‌ തഴക്കുന്നത്‌, സമൂഹത്തിന്റെ തണലിലാണ്‌ അത്‌ നിലനില്‍ക്കുന്നത്‌. എന്നിട്ടും പലപ്പോഴും കലയും കലാകാരും, എഴുത്തും എഴുത്തുകാരും സമൂഹവിരുദ്ധരായിത്തീരുന്നതെന്തുകൊണ്ടാണ്‌. പ്രതിഭകള്‍ ചരിത്രത്തിലങ്ങുനിന്നിങ്ങോളം അരാജകജീവിതത്തിന്റെയും അസാന്മാര്‍ഗിക വ്യക്തിത്വത്തിന്റെയും പ്രവാചകന്മാരായതെന്തുകൊണ്ടാണ്‌. ഈ അസ്വസ്ഥ സന്ദേഹങ്ങള്‍ക്ക്‌ ബദല്‍ പറയാന്‍ ധൈര്യപ്പെടുന്നു എന്നതാണ്‌ തനിമ കലാസാഹിത്യവേദി സംസ്ഥാനസമ്മേളനത്തിന്‌ കേരളത്തിന്റെ കലാ ചരിത്രത്തിലുള്ള സ്ഥാനം. എന്തുകൊണ്ട്‌ ഈ ധീരത പ്രകടിപ്പിക്കാന്‍ തനിമ ഇരുപത്‌ വര്‍ഷത്തിലധികം കാത്തിരുന്നു എന്നായിരുന്നു 2011 മാര്‍ച്ച്‌ ആറിന്‌ കോഴിക്കോട്‌ ടാഗോര്‍ സെന്റിനറി ഹാളില്‍ രാവിലെ മുതല്‍ രാത്രി വൈകുംവരെ ഒത്തുകൂടിയ കലാ - സാഹിത്യ തല്‍പരര്‍ മനസ്സില്‍ ചോദിച്ചത്‌.
സൗന്ദര്യമുള്ള ജീവിതത്തിന്‌ എന്ന സന്ദേശമാണ്‌ തനിമ സംസ്ഥാനസമ്മേളനം മുന്നോട്ടുവെച്ച സന്ദേശം. തനിമ കലാസാഹിത്യവേദിയുടെ നിലപാടുപ്രഖ്യാപനംകൂടിയാണ്‌ ആ മുദ്രാവാക്യം. കലയുടെ ആത്മാംശമാണ്‌ സൗന്ദര്യം. വിശ്വാസവും ആത്മീയതയും ശുഭപ്രതീക്ഷയും സര്‍ഗജീവിതവും എല്ലാം ഉല്‍പാദിപ്പിക്കുന്നത്‌ കേവലയുക്തിക്കപ്പുറമുള്ള പ്രസ്‌തുത സൗന്ദര്യമാണ്‌ . മതാത്മകമായ ആ സൗന്ദര്യസത്തയെ ജീവിതത്തിലേക്ക്‌ വീണ്ടെടുക്കാനുള്ള പരിശ്രമമാണ്‌ യഥാര്‍ഥ കലാ സാഹിത്യ പ്രവര്‍ത്തനം എന്ന്‌ തനിമ തിരിച്ചറിഞ്ഞു. പൂവിലെ ആണ്‍ബീജത്തെയും പെണ്‍ബീജത്തെയും വേര്‍തിരിക്കുന്ന ശാസ്‌ത്രമനസ്സിനപ്പുറം അതിലെ ദൈവികദൃഷ്‌ടാന്തത്തിന്റെ സൗന്ദര്യസുഗന്ധം കാണുന്ന പുതിയ കലാസമീപനം തനിമ ഉണര്‍ത്തുന്നു. കണ്ണീരിലെ രാസവസ്‌തുവിനെ വേര്‍തിരിക്കുന്നതിനുപകരം, കരയുന്നവന്റെ വേദന കാണുന്നതാണ്‌ ശരിയായ കല എന്ന്‌ തനിമ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെയാണ്‌ തനിമ കലാസാഹിത്യവേദിയുടെ സംസ്ഥാന സമ്മേളനം മുന്നോട്ടുവെച്ച പ്രമേയം അത്രയും സാരവത്തായി മാറിയത്‌.
ദക്ഷിണേന്ത്യയിലെ പ്രമുഖ എഴുത്തുകാരനായ തോപ്പില്‍ മുഹമ്മദ്‌ മീരാനാണ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. അത്യധികം താല്‍പര്യത്തോടെയും ആഹ്ലാദത്തോടെയുമാണ്‌ അദ്ദേഹം തനിമയുടെ ക്ഷണം സ്വീകരിച്ചിരുന്നത്‌. അത്‌ ഉദ്‌ഘാടന പ്രഭാഷണത്തില്‍ അദ്ദേഹം സൂചിപ്പിക്കുകയും ചെയ്‌തു. മലയാളത്തിലും തമിഴിലും ഒരുപോലെ എഴുതുന്ന മീരാന്‍, പുതുമയുടെ കാര്യത്തിലും സാമൂഹികവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തിലും തമിഴ്‌, മലയാളത്തെക്കാള്‍ ഒരടി മുന്നില്‍ നില്‍ക്കുന്നുവെന്ന്‌ തുറന്നു പറഞ്ഞു. സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും എഴുത്തുകാര്‍ പോരാടേണ്ടതുണ്ടെന്ന്‌ ഓര്‍മിപ്പിക്കുകയും ആ പോരാട്ടം മതത്തെ നിരാകരിച്ചുകൊണ്ടും മതത്തിന്‌ പുറത്തുകടന്നുകൊണ്ടുമല്ല, ശരിയായ മതത്തെ മനസ്സിലാക്കി അതിനുള്ളില്‍ ഉറച്ചുനിന്നാണ്‌ വേണ്ടെതെന്ന്‌ സ്വാനുഭവം മുന്‍നിറുത്തി തോപ്പില്‍ മുഹമ്മദ്‌ മീരാന്‍ പ്രഖ്യാപിക്കുകയും ചെയ്‌തു.
തനിമയുടെ സമ്മേളനബുള്ളറ്റിന്‍ പ്രമുഖ കവി കല്‍പ്പറ്റ നാരായണന്‍ പ്രകാശനം ചെയ്‌തു. അങ്കണം കലാസാഹിത്യ വേദിയുടെ കണ്‍വീനറായ ഷംസുദ്ദീനാണ്‌ ആദ്യ കോപ്പി ഏറ്റുവാങ്ങിയത്‌. തനിമ നോവല്‍ പുരസ്‌കാരത്തിന്‌ അര്‍ഹമായ `ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍' എന്ന കൃതിക്കുള്ള അവാര്‍ഡ്‌ മാധ്യമം പീരിയോഡിക്കല്‍സ്‌ എഡിറ്റര്‍ പി.കെ പാറക്കടവ്‌ നല്‍കി. നോവലിസ്റ്റ്‌ റഷീദ്‌ പാറക്കല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തനിമ സംസ്ഥാന ഡയറക്‌ടര്‍ നജീബ്‌ കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. ഫൈസല്‍ കൊച്ചി സ്വാഗതവും ഇസ്‌മാഈല്‍ പെരിമ്പലം നന്ദിയും പറഞ്ഞു.
ഉച്ചയ്‌ക്ക്‌ സംസ്ഥാന കൗണ്‍സിലിന്റെ ആദ്യം യോഗം ചേര്‍ന്നു. സമ്മേളന നഗരിയുടെ വിവിധ സ്ഥലങ്ങളില്‍ സജ്ജീകരിച്ച മൂന്നു വേദികളില്‍ നടന്ന സമാന്തര സദസ്സുകള്‍ പുതുമനിറഞ്ഞതും ആകര്‍ഷണീയവുമായിരുന്നു. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പേരിലുള്ള ഒന്നാം വേദിയില്‍ സാഹിത്യ സംവാദമാണ്‌ നടന്നത്‌. `ഉത്തരാധുനികത മലയാള സാഹിത്യത്തോട്‌ എന്തുചെയ്‌തു' എന്നതായിരുന്നു ചര്‍ച്ചാവിഷയം. കോഴിക്കോട്‌ സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ്‌ പ്രൊഫസറായ ഡോ. ഉമര്‍ തറമേല്‍, ഉത്തരാധുനിക കവികളില്‍ പ്രധാനിയായ വീരാന്‍കുട്ടി, സോളിഡാരിറ്റി സാംസ്‌കാരികവേദിയുടെ സംസ്ഥാന കണ്‍വീനര്‍ ടി മുഹമ്മദ്‌ വേളം എന്നിവരാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിച്ചത്‌. എസ്‌.ഐ.ഒ സംവേദനവേദി മുന്‍ സംസ്ഥാന കണ്‍വീനര്‍ സലീം പൂപ്പലം മോഡറേറ്ററായിരുന്നു.
പ്രമുഖ ഹോളിവുഡ്‌ സംവിധായകന്‍ മുസ്‌തഫാ അക്കാദിന്റെ പേരില്‍ സജ്ജീകരിച്ച രണ്ടാംവേദിയില്‍ ഡോക്യൂമെന്ററി പ്രദര്‍ശനവും ചര്‍ച്ചയുമാണ്‌ നടന്നത്‌. അബ്‌ദുല്‍ ലത്തീഫ്‌ സലാസര്‍ സംവിധാനം നിര്‍വഹിച്ച `ഗസ്സാലി, ദ ആല്‍ക്കമിസ്റ്റ്‌ ഓഫ്‌ ഹാപ്പിനസ്‌' എന്ന ഡോക്യുമെന്ററിയാണ്‌ പ്രദര്‍ശിപ്പിച്ചത്‌. ചലചിത്ര സംവിധായകനായ ആദം അയ്യൂബ്‌ ആണ്‌ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോയത്‌. മഹ്‌ബൂബ്‌ തിരുവനന്തപുരം മോഡറേറ്ററായിരുന്നു.
മൂന്നാമത്തെ എസ്‌.കെ പൊറ്റക്കാട്‌ വേദി ചൂടുപിടിച്ച സംവാദത്തിന്റെ വേദികൂടിയായി. `മലയാള സിനിമ കലയോ കച്ചവടമോ' എന്ന വിഷയത്തിലുള്ള പൊതു സംവാദത്തില്‍ പ്രമുഖ തിരക്കഥാകൃത്ത്‌ കലവൂര്‍ രവികുമാര്‍, സിനിമാ നിരൂപക അഡ്വ. ആശ ഉണ്ണിത്താന്‍, കോളമിസ്റ്റ്‌ സി ദാവൂദ്‌, സംവിധായകന്‍ മജീദ്‌ ഗുലിസ്‌താന്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചാവേദി വൈ. ഇര്‍ഷാദാണ്‌ നിയന്ത്രിച്ചത്‌. വൈകുന്നേരം ടി.കെ അബ്‌ദുല്ലാസാഹിബ്‌ നടത്തിയ പൊതുപ്രഭാഷണം അറിവിന്റെ ഗരിമകൊണ്ടും പുതുമകൊണ്ടും ശ്രദ്ധേയമായി. `കലയും ആത്മീയതയും' എന്നായിരുന്നു ടി കെയുടെ പ്രഭാഷണ വിഷയം. അറബിസാഹിത്യത്തിന്റെ ആഴങ്ങളില്‍ നിന്ന്‌ വാരിയെടുത്ത മുത്തുകള്‍ ആധുനിക സാഹിത്യത്തിന്റെ സൗന്ദര്യസിദ്ധാന്തങ്ങളുടെ തെളിമയില്‍ പ്രദര്‍ശിപ്പിക്കാന്‍ ടി.കെ ആവേശംകൊണ്ടു. ഈ പ്രഭാഷണസദസ്സില്‍ വി.എ കബീര്‍, തനിമ സംസ്ഥാന സമിതി അംഗങ്ങളായ ടി.പി മുഹമ്മദ്‌ ശമീം, സക്കീര്‍ ഹുസൈന്‍ എന്നിവരും സംസാരിച്ചു.
രാത്രി നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ തനിമ കലാസാഹിത്യവേദിയുടെ അടുത്ത പ്രവര്‍ത്തന കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദം അയ്യൂബിനെയും ജനറല്‍ സെക്രട്ടറി കെ.എ ഫൈസലിനെയും മുഖ്യരക്ഷാധികാരി ടി. ആരിഫലി സാഹിബ്‌ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപന സമ്മേളനത്തിലെ മുഖ്യാതിഥിയായ തോപ്പില്‍ മുഹമ്മദ്‌ മീരാന്‍ ഫലസ്‌തീനിനെപ്പോലെ, ബോസ്‌നിയയെപ്പോലെ ശ്രീലങ്കന്‍ മുസ്‌ലിംകളുടെ പ്രതിരോധ സാഹിത്യത്തെയും ജീവിതത്തെയും ശ്രീലങ്കന്‍ പ്രതിരോധ കവിതകള്‍ വായിച്ച്‌ വെളിപ്പെടുത്തി. തനിമ രക്ഷാധികാരി ടി കെ ഹുസൈന്‍, സ്വാഗതസംഘം കണ്‍വീനര്‍ പി സി ബഷീര്‍, വി.എ കബീര്‍, ജമീല്‍ അഹ്‌മദ്‌ എന്നിവരും പ്രഖ്യാപന സമ്മേളനത്തില്‍ സംസാരിച്ചു. അവസാനമായി നടന്ന കലാപരിപാടികള്‍ തനിമ മുന്നോട്ടുവെക്കുന്ന കലാ സാഹിത്യപ്രവര്‍ത്തനങ്ങളുടെ സ്വഭാവത്തെയും ശൈലിയെയും വെളിപ്പെടുത്തുന്നതുകൂടിയായിരുന്നു. തൃശൂരിലെ സി ആര്‍ രാജന്റെ നേതൃത്വത്തിലുള്ള നാടകസംഘം അവതരിപ്പിച്ച `തിയേറ്റര്‍ സ്‌കെച്ചസ്‌' എന്ന ലഘുനാടകാവതരണങ്ങള്‍ ലാളിത്യംകൊണ്ടും ആവിഷ്‌കാരഭംഗികൊണ്ടും സദസ്സില്‍ ആഹ്ലാദതരംഗങ്ങളുയര്‍ത്തി. പാട്ടിന്റെ ചരിത്രവഴിയിലൂടെയുള്ള സ്‌മൃതിയാത്രയായ `പാട്ടോര്‍മ' എന്ന പരിപാടിക്ക്‌ അമീന്‍ യാസിര്‍ നേതൃത്വം നല്‌കി.
തനിമയുടെ സംസ്ഥാന സമ്മേളനം ലക്ഷ്യംവെച്ചത്‌ നാളത്തെ കേരളത്തെ രൂപപ്പെടുത്തുന്ന ഒരു ബദല്‍ സാംസ്‌കാരിക വേദിയുടെ വ്യാപനമാണ്‌. കേരളത്തില്‍ നിലവിലുള്ള കലാസാംസ്‌കാരിക സംഘങ്ങള്‍ രാഷ്‌ട്രീയക്കാരുടെ തൊഴുത്തുകളായി ദുര്‍ഗന്ധംവമിച്ച്‌ ജനങ്ങളില്‍നിന്ന്‌ അകലേക്കകലേക്ക്‌ പോയിക്കൊണ്ടിരിക്കുമ്പോള്‍, ജനങ്ങളുടെ പക്ഷത്തുനിന്ന്‌ കലയെയും സാഹിത്യത്തെയും തിരിച്ചുപിടിക്കാനുള്ള ശ്രമമാണ്‌ തനിമ മുന്നോട്ടുവെക്കുന്നത്‌. ആ ലക്ഷ്യത്തിലേക്കുള്ള ഊര്‍ജമാണ്‌ ഈ സമ്മേളനത്തില്‍നിന്ന്‌ നൂറുകണക്കിന്‌ തനിമ അംഗങ്ങളും പ്രതിനിധികളും ഏറ്റുവാങ്ങിയത്‌. അതുകൊണ്ടുതന്നെ സാംസ്‌കാരിക കേരളം ഇനിയെങ്ങനെ ഈ തനിമയാര്‍ന്ന വെളിച്ചത്തെ സ്വീകരിക്കാതിരിക്കും. 

For videos :
http://www.jihkerala.org/thanima2011/index.html