DAILY DISCUSSION







ഇന്റര്‍നെറ്റു സൌകര്യമുള്ള ആര്‍ക്കും ലോകത്തിലെ ഏതു ഭാഗത്ത്‌ നിന്നും ചര്‍ച്ച ശ്രവിക്കാം, പങ്കെടുത്തു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എല്ലാ ദിവസവും ഈ റൂമില്‍ വ്യത്യസ്ത വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. Beyluxe Messanger Download ചെയ്യാന്‍:http://www.beyluxe.com/messenger/Download.html. (Install ചെയ്തതിനു ശേഷം ഒരു പുതിയ ID ഉണ്ടാക്കുക. ശേഷം റൂമില്‍ പ്രവേശിക്കാം: Asia-India-ISLAAM PAADA SHAALA____VATTA MESHA swathandra samvatham)







2014 മേയ് 17, ശനിയാഴ്‌ച

 പ്രവാചകന്റെ വിയോഗം മുസ്‌ലിംകളെ തളര്‍ത്തി. തിരുനബി (സ)യില്ലാത്ത ജീവിതം അവര്‍ക്ക് അചിന്ത്യമായിരുന്നു. സ്വഹാബിമാര്‍ക്ക് എന്തിനുമേതിനും പരിഹാരം തിരുദൂതരാണ്. അടുപ്പില്‍ പുകയുയരാതിരുന്നപ്പോഴും മാനസിക സംഘര്‍ഷം കൊണ്ട് പൊറുതിമുട്ടിയപ്പോഴും ഇഷ്ടജനം വിട്ട് പിരിഞ്ഞപ്പോഴും പ്രവാചക സാന്നിധ്യം അവര്‍ക്ക് ആശ്വാസമായി. മുഹമ്മദ് നബിയുടെ വേര്‍പാട് അവരെ അസ്വസ്ഥപ്പെടുത്തിയതിന്റെ കാരണം മാനസികവും ആദര്‍ശപരവുമായ ഈ അടുപ്പമായിരുന്നു.
 
 
തിരുനബി(സ)യുടെ മരണം ഉമറുബ്‌നുല്‍ ഖത്താബിനെ പോലുള്ള പ്രമുഖ സ്വഹാബിമാര്‍ക്ക് പോലും ഉള്‍കൊള്ളാനായില്ല. എന്നിട്ടല്ലേ, സാധാരണ ജനങ്ങള്‍ക്ക്. അവര്‍ കനത്ത ദുഃഖഭാരവുമായി സഖീഫ ബനൂ സാഇദില്‍ ഒത്തുകൂടി. പ്രവാചകന്‍ ഇഹലോക വാസം വെടിഞ്ഞ വിവരം സ്വഹാബിമാരെ കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നു അബൂബക്‌റിന്റെ പ്രഥമ ദൗത്യം. അദ്ദേഹം ഖുര്‍ആനില്‍ നിന്ന് അല്‍പഭാഗം അവരെ കേള്‍പിച്ചു: ''മുഹമ്മദ് ഒരു ദൈവദൂതനല്ലാതൊന്നുമല്ല. അദ്ദേഹത്തിന് മുമ്പും പല പ്രവാചകന്മാരും കടന്ന് പോയിട്ടുണ്ട്. അദ്ദേഹം നിര്യാതനാവുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പുറകോട്ട് തിരിഞ്ഞ് പോവുകയോ?'' (ആലു ഇംറാന്‍-144). ഖുര്‍ആന്‍ വചനം അവരെ യാഥാര്‍ഥ്യത്തിന്റെ ലോകത്തേക്ക് കൊണ്ട് വന്നു.
 
 
തിരുശരീരം മറമാടുന്നതിന് അവര്‍ തിടുക്കം കാട്ടിയില്ല. സമുദായത്തെ നേര്‍വഴിക്ക് നടത്താന്‍ ഒരു നേതാവിനെ വേണം. നേതൃത്വവും നേതാവുമില്ലാതെ സമുദായമില്ല. അവര്‍ കൂടിയാലോചിച്ചു. അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും വന്നു. പ്രവാചകന്റെ നിഴലായി സഞ്ചരിച്ചിരുന്ന, പ്രവാചകനെ ആദ്യമായി അംഗീകരിക്കുകയും, സത്യപ്പെടുത്തുകയും ചെയ്ത, പ്രതിസന്ധിഘട്ടങ്ങളില്‍ താങ്ങും തണലുമായി നിന്ന, പലായന വേളയില്‍ പോലും വിടാതെ പിന്തുടര്‍ന്ന, രോഗാവസ്ഥയില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ അബൂബക്‌റിനെ അവര്‍ പ്രവാചകന്റെ ഉത്തരാധികാരിയായി പ്രഖ്യാപിച്ചു.
 
 
അബൂബക്ര്‍ നേരിട്ട ഭരണ പ്രതിസന്ധിക്ക് ചരിത്രത്തില്‍ സമാനതയില്ല. പ്രവാചകന്റെ വിയോഗ വാര്‍ത്തയറിഞ്ഞ പ്രതിയോഗികള്‍ ആഭ്യന്തരവും വൈദേശികവുമായ യുദ്ധങ്ങള്‍ക്ക് കോപ്പുകൂട്ടി. അതിര്‍ത്തിക്കപ്പുറം റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യത്വ ശക്തികള്‍ ഇസ്‌ലാമിനെ വിഴുങ്ങാന്‍ നോമ്പ് നോറ്റ് കാത്തിരിക്കുകയായിരുന്നു. അവരെ നേരിടാന്‍ പ്രവാചകന്‍ നേരത്തെ ഉസാമതുബ്‌നു സൈദിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. അതിനിടെയാണ് തിരുദൂതരുടെ വിയോഗം. ഇസ്‌ലാമിന്റെ പടനായകരില്‍ ഒരാളും മുഅ്ത്വ സേനാ നായകനുമായിരുന്ന സൈദുബ്‌നു ഹാരിസയുടെ പുത്രനും കൗമാരക്കാരനുമായ ഉസാമക്ക് പകരം അനുഭവ പാരമ്പര്യവും യുദ്ധ പരിചയവുമുള്ള ഒരാളെ നേതൃപദവി ഏല്‍പിക്കണമെന്ന അഭിപ്രായത്തിന് അബൂബക്ര്‍ ചെവികൊടുത്തില്ല. അന്നത്തെ പ്രബല ശക്തികളോട് മല്ലിടാന്‍ യുദ്ധ പാരമ്പര്യമുള്ള ഒരാളുടെ നേതൃശേഷി സഹായകമാകുമായിരുന്നിട്ട് കൂടി, പ്രവാചകന്റെ തീരുമാനത്തിന് എതിര് നില്‍ക്കാന്‍ അബൂബക്ര്‍ സന്നദ്ധനായില്ല. നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തിയ ആ ഭരണാധികാരി ഇളം പ്രായക്കാരനായ ഉസാമയെത്തന്നെ സേന നായകനാക്കി. യുദ്ധ മുഖത്തേക്കുള്ള ഈ യാത്രയില്‍ അബൂബക്ര്‍, ആ ഇളം പ്രായക്കാരനോടൊപ്പം അതിര്‍ത്തി വരെ നടന്നു. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭരണാധികാരി മദീന തെരുവിലൂടെ വാഹനപ്പുറത്തിരിക്കുന്ന സൈനിക കമാന്ററെ കാല്‍നടയായി അനുഗമിക്കുന്ന ചേതോഹര ദൃശ്യത്തിന് അന്ന് ലോകം സാക്ഷിയായി. ചരിത്രത്തില്‍ തുല്യതയില്ലാത്ത ഐതിഹാസിക വിജയത്തിലേക്കുള്ള കുതിച്ചു ചാട്ടമായിരുന്നു ഉസാമയുടെ ആ യാത്ര.
 
 
അക്രമികളായ ഭരണാധികാരികളെ നേരിടുമ്പോഴും മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന പാരമ്പര്യമായിരുന്നു ഇസ്‌ലാമിക ഭരണകര്‍ത്താക്കളുടേത്. അതിര്‍ത്തി കടക്കാന്‍ പോകുന്ന സൈന്യത്തോട് അബൂബക്ര്‍ പറഞ്ഞു:''വഞ്ചിക്കരുത്. അപഹരിക്കരുത്. കരാര്‍ ലംഘിക്കരുത്. ആളുകളെ അംഗ ഭംഗം വരുത്തരുത്. കുട്ടികളെയും വൃദ്ധന്മാരെയും സ്ത്രീകളെയും വധിക്കരുത്. ഈന്തപ്പനകളും ഫല വൃക്ഷങ്ങളും വെട്ടി നശിപ്പിക്കുകയോ അഗ്നിക്കിരയാക്കുകയോ ചെയ്യരുത്. ഭക്ഷണാവശ്യത്തിനല്ലാതെ മൃഗങ്ങളെ അറുക്കരുത്. മഠങ്ങളില്‍ ആരാധനയില്‍ മുഴുകിയവരെ ശല്യപ്പെടുത്തരുത്.''
 
 
റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യത്വ ശക്തികളെ സൈനികമായി നേരിട്ട അബൂബക്ര്‍ രാജ്യത്തിനകത്ത് ഉരുണ്ടുകൂടിയ ഛിദ്രശക്തികളെ നേരിടാന്‍ അമാന്തിച്ചില്ല. ഏത് പ്രതികൂല സാഹചര്യവും നേരിടാന്‍ ഇസ്‌ലാമിക സമൂഹം സജ്ജമാണെന്നും കരുത്തുറ്റതാണെന്നും അദ്ദേഹം തെളിയിച്ചു. മതത്തിന്റെയും രാഷ്ട്രത്തിന്റെയും ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി മുസ്‌ലിം സമൂഹം ഏക മനസ്സോടെ സന്ദര്‍ഭത്തിനൊത്ത് ഉയരുമെന്നും ഖലീഫയുടെ നടപടി സംശയലേശമന്യേ തെളിയിച്ചു.
 
 
പ്രവാചകന് നല്‍കിപ്പോന്നിരുന്ന സകാത്ത് അദ്ദേഹത്തിന്റെ അഭാവത്തില്‍ ആര്‍ക്കും കൊടുക്കേണ്ടതില്ലെന്ന നിലപാടുമായി ചിലര്‍ രംഗത്ത് വന്നു. മദീനയുടെ അയല്‍ദേശങ്ങളില്‍ അധിവസിച്ചിരുന്ന അബ്‌സ്,ദുബ്‌യാന്‍, കിനാന്‍, ഗ്വത്ഫാന്‍, ഫിസാറ പോലുള്ള ഗോത്രങ്ങളായിരുന്നു ഇവരില്‍ പ്രധാനികള്‍. ഖലീഫ അബൂബക്ര്‍ അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇസ്‌ലാമികാചാരങ്ങള്‍ അനുഷ്ഠിക്കുന്ന, കേവലം സകാത്ത് നിഷേധികള്‍ മാത്രമായ ഒരു വിഭാഗത്തിനെതിരെ വാളെടുക്കുന്നതിന് പിന്നിലെ 'ഫിഖ്ഹ് മസ്അല'യുമായി രംഗത്ത് വന്നവരോട് അബൂബക്ര്‍ പറഞ്ഞു: ''നമസ്‌ക്കാരത്തിനും സകാത്തിനുമിടയില്‍ വിവേചനം കല്‍പിക്കുന്നവരോട് ഞാന്‍ യുദ്ധം ചെയ്യും. അല്ലാഹുവാണ, അവര്‍ പ്രവാചകന് നല്‍കിപ്പോന്നത് ഒട്ടകക്കയറാണെങ്കില്‍ പോലും, അത് ബൈതുല്‍ മാലില്‍ അടക്കുന്നത് വരെ ഞാനവരെ നേരിടുക തന്നെ ചെയ്യും''. അബൂബക്‌റിന്റെ നിശ്ചയ ദാര്‍ഢ്യം സ്ഫുരിക്കുന്ന വാക്കുകള്‍ ഇസ്‌ലാമിക സമൂഹം നെഞ്ചേറ്റി, സകാത്ത് നിഷേധികള്‍ക്കെതിരെ ആദ്യ ഖലീഫ സ്വീകരിച്ച കര്‍ക്കശ നിലപാട് ഇസ്‌ലാമിക രാഷ്ട്രത്തെ ഒരു മഹാമാരിയില്‍ നിന്ന് കര കയറ്റി.
 
 
ഹിജ്‌റ എട്ടാം വര്‍ഷം മക്കാവിജയത്തെ തുടര്‍ന്ന് അറേബ്യന്‍ ഉപദ്വീപ് ഇസ്‌ലാമിന് അധീനമായി. ജനങ്ങള്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് വന്നു. ഈ പുതുവിശ്വാസികള്‍ക്ക് മതിയായ ആദര്‍ശബോധമോ വിശ്വാസ ദാര്‍ഢ്യമോ ഉണ്ടായിരുന്നില്ല. ഒഴുക്കിനൊത്ത് നീന്തുകയായിരുന്നു പലരും. ''ബദുക്കള്‍ ഘോഷിക്കുന്നുണ്ട്, 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു'. അവരോടു പറയൂ: ''നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍, ഞങ്ങള്‍ അനുസരിക്കുന്നവരായിരിക്കുന്നു എന്ന് നിങ്ങള്‍ പറഞ്ഞ് കൊള്ളുക. വിശ്വാസം ഇനിയും നിങ്ങളുടെ ഹൃദയത്തില്‍ കടന്നിട്ടില്ല''(അല്‍ ഹുജ്‌റാത്ത്-14).
 
 
പ്രവാചകന്റെ വിയോഗത്തോടെ ദുര്‍ബല വിശ്വാസികള്‍ കളം മാറിച്ചവിട്ടി, അവര്‍ മത പരിത്യാഗികളായി. ഖലീഫ അബൂബക്ര്‍ മുര്‍തദ്ദുകളെ കര്‍ശനമായി നേരിട്ടു. ഇത് മതസ്വാതന്ത്ര്യത്തിന്റെ നേരെയുള്ള വെല്ലുവിളിയായി കാണുന്നവരുണ്ടാകാം. ഇസ്‌ലാമിക സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായിരുന്നു ഈ കൂട്ട മതപരിത്യാഗം. അത് മുളയിലേ നുള്ളേണ്ടതുണ്ട്. ഗുരുതരമായ ഈ മഹാരോഗത്തെ ലാഘവത്തോടെ കാണുന്നത് ശരിയല്ല.
 
 
കള്ള പ്രവാചകന്മാരുടെ രംഗ പ്രവേശമായിരുന്നു അബൂബക്‌റിന് നേരിടേണ്ടിയിരുന്ന മറ്റൊരു പ്രശ്‌നം. മുഹമ്മദ് നബി വിട വാങ്ങിയതോടെ തല്‍സ്ഥാനം കയ്യടക്കാനായി ഒന്നിലധികം കള്ളനാണയങ്ങള്‍ രംഗ പ്രവേശം ചെയ്തു. വ്യാജനബിമാര്‍ മാത്രമല്ല, സജ്ജാഹിനെ പോലുള്ള പെണ്‍നബിമാരും രംഗം കൊഴുപ്പിച്ചു. യമാമക്കാരനായ മുസൈലിമ, യമനിലെ അസ്‌വദുല്‍ അന്‍സി, ബുസാക്കയില്‍ നിന്നുള്ള തുലൈഹ തുടങ്ങിയവരായിരുന്നു പുത്തന്‍ പ്രവാചക വാദികളില്‍ പ്രമുഖര്‍, ബനൂ സഅദ് ഗോത്രം തുലൈഹയെയും ബനൂ തമീം സജ്ജാഹിനെയും ബനൂ ഹനീഫ മുസൈലിമയെയും ഉമ്മാന്‍ നിവാസികള്‍ ലഖീത്ബ്‌നു മാലികിനെയും യമനികള്‍ അസ്‌വദുല്‍ അന്‍സിയെയും പിന്തുണച്ചു. 
 
 
ആഭ്യന്തര രംഗം ശാന്തമാക്കാനായി അബൂബക്ര്‍ വന്‍ സൈനിക വ്യൂഹത്തെ ചിട്ടപ്പെടുത്തി. അല്ലാഹുവിന്റെ ഊരപ്പെട്ട വാളെന്ന് പ്രവാചകന്‍ പുകഴ്ത്തിയ ഖാലിദുബ്‌നുല്‍ വലീദിനെ ബുസാഖയിലേക്ക് അയച്ചു. കള്ള പ്രവാചകന്‍ തുലൈഹയെ നേരിടുകയാണ് ഖാലിദിന്റെ പ്രഥമ ലക്ഷ്യം. അനന്തരം അദ്ദേഹത്തിന് പരാജയപ്പെടുത്താനുണ്ടായിരുന്നത് ബിതാഹിലെ തമീം ഗോത്രത്തലവനായ വ്യാജനബി ചമഞ്ഞ മാലിക് ബ്‌നു നുവൈറയെയായിരുന്നു. വിജയ ശ്രീലാളിതനായ ഖാലിദ് യമാമയില്‍ കുതിച്ചെത്തി മുസൈലിമയുടെ 40,000 വരുന്ന പട്ടാളത്തെ തുരത്തിയോടിച്ചു. മുസൈലിമ കൊല്ലപ്പെട്ടു. ഖുര്‍ആന്‍ മനഃപാഠമുള്ള 700-ലധികം മുസ്‌ലിംകള്‍ രക്ത സാക്ഷികളായത് ഈ യുദ്ധത്തിലാണ്. ഖുര്‍ആന്‍ ക്രോഡീകരണം സംബന്ധിച്ച ചിന്തയിലേക്ക് വഴി വെച്ചത് ഈ സംഭവമാണ്. 
 
 
ആഭ്യന്തര ഭദ്രത കൈവരിക്കാനായി അബൂബക്ര്‍ നിയോഗിച്ചത് പ്രമുഖ സ്വഹാബിമാരെയാണ്. ഇക്‌രിമതുബ്‌നു അബീജഹല്‍, ശുറഹ്ബീലുബ്‌നു ഹസന, മുഹാജിറുബ്‌നു അബീ ഉമയ്യ, സുവൈദുബാനു മുഖ്‌രിന്‍, അല്‍ അലാഉബ്‌നുല്‍ ഹളറമി, ഹുദൈഫതുബിനു മുഹ്‌സിന്‍, അംറുബ്‌നുല്‍ ആസ്വ് തുടങ്ങിയവരായിരുന്നു ഇവരില്‍ പ്രമുഖര്‍. സംഘടിത മുന്നേറ്റത്തിലൂടെ മതപരിത്യാഗികളെയും സക്കാത്ത് നിഷേധികളെയും ആഭ്യന്തര വൈദേശിക ശത്രുക്കളെയും അവര്‍ നിലംപരിശാക്കി. ഛിന്നഭിന്നമായേക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാനും അറബ് സമൂഹത്തെ ഏകോപിപ്പിക്കാനും പക്വമതിയും ധീരനും രാഷ്ട്രതന്ത്രജ്ഞനുമായ ഖലീഫ അബൂബക്‌റിന് സാധ്യമായി. അബൂബക്‌റിന്റെ രാഷ്ട്രീയ വിജയമെന്നല്ല, ഇസ്‌ലാമിന്റെ രാഷ്ട്രീയ വിജയമെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. 
prabodanam

 recvd certificate by UAE auqaf --Quran Hifz

2014 മാർച്ച് 1, ശനിയാഴ്‌ച


ക്ലൗഡ് കമ്പ്യൂട്ടിംഗ്                            CLOUD COMPUTING




ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗും ക്ലൌഡ് കമ്പ്യൂട്ടിംഗും.
വളരെ ലളിതമായി പറയുകയാണങ്കിൽ ഒരു കമ്പ്യൂട്ടർ നെറ്റ് വർക്ക് വഴി ബന്ധിപ്പിച്ചിരിക്കുന്ന നിരവധി കമ്പ്യൂട്ടറുകൾ ഒരു കോമൺ ആവശ്യത്തിനായി പ്രവർത്തിക്കുമ്പോൾ അതിനെ ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് (Distributed computingഎന്ന് വിളിക്കാം. ഈ കമ്പ്യൂട്ടറുകളെല്ലാം സ്ഥിതി ചെയ്യുന്നത് ചിലപ്പോൾ വെബിലായിരിക്കാം അതുമല്ലെങ്കിൽ ഒരു പ്രൈവറ്റ് നെറ്റ്‌വർക്കിലായിരിക്കാം. ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗിൽ ഈ നെറ്റ്‌വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകൾക്ക് ചുമതലകൾ വീതിച്ച് നൽകുകയും അവ ഒരു പ്രത്യേക കമ്പ്യൂട്ടറിന്റെ പ്രവർത്തികളൊ അതുമല്ലങ്കിൽ ഒരു പ്രോഗ്രാമിനോ വേണ്ടി പ്രവർത്തിക്കുകയൊ ആയിരിക്കും ചെയ്യുക. ഈ നെറ്റ്‌വർക്കിനുള്ളീൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളൂടെ റിസോഴ്സസ്, ഹാർഡ്‌വെയറുകൾ, മെമ്മറി മുതലായവയെല്ലാം തന്നെ മറ്റു കമ്പ്യൂട്ടറുകളുമായി ഷെയർ ചെയ്തിരിക്കും. ഇവയെ ഒരു  കൺ‌ട്രോൾ നോഡ് വഴി നിയന്ത്രിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി കമ്പ്യൂട്ടറുകളുടെ ശേഷി വളരെയധികം വർദ്ധിക്കുകയും അവ സൂപ്പർ കമ്പ്യൂട്ടറുകളെ പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. ഡിസ്ട്രിബ്യൂട്ടിംഗ് കമ്പ്യൂട്ടിംഗ് ഗ്രിഡ് കമ്പ്യൂട്ടിംഗ് (Grid Computing)  എന്ന മറ്റൊരു പേരിലുമറിയപ്പെടുന്നു. ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് സിസ്റ്റം പ്രവർത്തിക്കുന്നതിനായ് ഒരു ഇന്റർഫെയ്സ് ആവശ്യമാണ്.
ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടറുകളുടെ ആശയത്തെ കടമെടുത്താണ് ക്ലൌഡ് കമ്പ്യൂട്ടിംഗ് (Cloud Computing)  എന്ന മറ്റൊരാശയം നിലവിൽ വരുന്നത്.  ഒരു തരത്തിലുള്ള ഡീസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് തന്നെയാണു ക്ലൌഡ് കമ്പ്യൂട്ടിംഗ് എന്നുമറിയപ്പെടുന്നത്. വെബ് അടിസ്ഥാനമാക്കിയാണ് ക്ലൌഡ് കമ്പ്യൂട്ടിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്. കൃത്യമായൊരു നിർവചനം ഇതുവരെ ക്ലൌഡ് കമ്പ്യൂട്ടീംഗിനായി നൽകിയിട്ടില്ല.
സാധാരണഗതിയിൽ ഒരു കമ്പ്യൂട്ടറിനുള്ളീൽ ഓപ്പറേറ്റിംഗ് സോഫ്‌റ്റ്വ്‌വെയറടക്കമുള്ള നിരവധി ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തായിരിക്കും ഒരു യൂസർ പ്രവർത്തിക്കുന്നത്. ഓരൊ യൂസർക്കും പ്രത്യേകം ആപ്ലിക്കേഷൻ സ്യൂട്ടൂകൾ അവരവരുടെ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യേണ്ടി വരുന്നു. ഇതു വഴി വൻ സാമ്പത്തിക ചെലവുകൾ ഉണ്ടാകുകയും ചെയ്യുന്നു.
ക്ലൌഡ് കമ്പ്യൂട്ടിംഗിൽ ഇങ്ങനെ ചെയ്യുന്നതിനു പകരം ഈ ആപ്ലിക്കേഷൻ സ്യൂട്ടുകളെ  (Application Suits) ഒരു കമ്പ്യൂട്ടറിനുള്ളീൽ മാത്രം (സാധാരണ ഗതിയിൽ വെബ്‌സെർവറുകൾ) ഇൻസ്റ്റാൾ ചെയ്യുകയും അവയെ ഒരു വെബ്‌ അടിസ്ഥാനമാക്കിയൂള്ള ഇന്റർഫെയിസ് സർവീസ് വഴി യൂസറെ സ്വീകരിക്കാൻ അനുവദിക്കുന്നു. ഇമെയിലുകൾ, ഡാറ്റാ പ്രോസസിംഗ് തുടങ്ങി സങ്കീർണ്ണങ്ങളായ പ്രോഗ്രാമുകൾ ചെയ്യുന്നതിനു വരെ ഈ രീതിയിലുള്ള കമ്പ്യൂട്ടിംഗ് പ്രോസസ് വഴി സാധിക്കുന്നു. ഇതിനെയാണു ക്ലൌഡ് കമ്പ്യൂട്ടിംഗ് എന്ന് പറയുന്നത്. ഇത്തരത്തിൽ ക്ലൌഡ് കമ്പ്യൂട്ടിംഗ് വഴി പ്രവർത്തിക്കുമ്പോൾ ഉപയോക്താവിനു ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ചെലവുകൾ ഗണ്യമാം വിധം കുറക്കുവാൻ സാധിക്കുന്നു. ഒരു യൂസർക്ക് ആകെ വേണ്ടത് ഒരു “ഇന്റർഫെയ്സ് (Interface)” മാത്രമായിരിക്കും. സിമ്പിളായി പറഞ്ഞാൽ ഒരു ഇമെയിൽ അക്കൌണ്ട് കൈകാര്യം ചെയ്യുന്നത് പോലെ സുതാര്യവും എളുപ്പവുമായീരിക്കും ക്ലൌഡ് കമ്പ്യൂട്ടിംഗ് എന്നതും. ഒരു ഇമെയിൽ അക്കൌണ്ട് കൈകാര്യം ചെയ്യുന്നതിനായി ഒരു ഉപയോക്താവിനു യാതൊരു സോഫ്റ്റ്‌വെയറും തങ്ങളുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യെണ്ടി വരുന്നില്ല. അത് സ്വീകരിക്കുന്നതിനു വേണ്ട ഇന്റർഫെയിസ് ഒഴികെ.
മൂന്ന് പ്രധാനപ്പെട്ട കൺസെപ്റ്റുകളെ അടിസ്ഥാനമാക്കിയാണ് ക്ലൌഡ് കമ്പ്യൂട്ടിംഗ് പ്രവർത്തിക്കുന്നത്.
  • Infrastructure as a service- അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിക്കൊടുക്കുക (IaaS)
  • Platform as a service- പ്രവർത്തിക്കുന്നതിനു വേണ്ട പ്ലാറ്റ്ഫോം നൽകുക (PaaS)
  • Software as a service- പ്രവർത്തിക്കുന്നതിന് വേണ്ട സോഫ്റ്റ്‌വെയറുകൾ നൽകുക  (SaaS)
1. Infrastructure as a service-അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിക്കൊടുക്കുക (IaaS):ക്ലൊഡ് കമ്പ്യൂട്ടിംഗിൽ  പ്രവർത്തിക്കുന്നതിനാവശ്യമായ അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കികൊടുക്കുന്നതാണ് ഇതു വഴി ഉദ്ദേശിക്കുന്നത്. ഹാർഡ്‌വെയറുകൾ, യൂസറിനാവശ്യമായ പ്ലാറ്റ് ഫോം( ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകൾ) മുതലായവ നൽകുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
2. Platform as a service-പ്രവർത്തിക്കുന്നതിനു വേണ്ട പ്ലാറ്റ്ഫോം നൽകുക (PaaS):യൂസർക്കാവശ്യമായ പ്രവർത്തികൾ ചെയ്യുന്നതിനു വേണ്ട ആപ്ലിക്കേഷനുകൾ (പ്ലാറ്റ്ഫോമുകൾ) നൽകുക എന്നതാണ് ഇവ കൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ക്ലൌഡ് കമ്പ്യൂട്ടിംഗ് സിസ്റ്റമുപയോഗിക്കുന്ന ഒരുപയോക്താവിന് ASP.NET ലാണ് തന്റെ പ്രവർത്തികൾ ചെയ്യേണ്ടതെങ്കിൽ അതിനു വേണ്ട സൌകര്യങ്ങൾ സർവിസ് നൽകുന്ന ക്ലൌഡ് കമ്പ്യൂട്ടിംഗ് സിസ്റ്റം നൽകുന്നു. 

3. Software as a service- പ്രവർത്തിക്കുന്നതിന് വേണ്ട സോഫ്റ്റ്‌വെയറുകൾ നൽകുക  (SaaS): യൂസർക്കാവശ്യമായ സോഫ്റ്റ്‌വെയറുകൾ ഒരു നിശ്ചിതകാലത്തേക്ക് നൽകുന്നതിനാണ് ഈ ടേം ഉപയോഗിക്കുന്നത്. ഇതു വഴി യൂസർക്ക് തന്റെ പ്രവർത്തികൾ ഒരു സോഫ്റ്റ്‌വെയറുപയോഗിച്ച് ചെയ്തതിനു ശേഷം അവ പ്രൊവൈഡ് ചെയ്യുന്ന കമ്പനികൾ അവയെ സിസ്റ്റത്തിൽ നിന്നും അൺ‌ഇൻസ്റ്റാൾ ചെയ്യുന്നു. യൂസർക്ക് ഒരു സോഫ്റ്റ്‌വെയർ പണം നൽകി വാങ്ങേണ്ടി വരുന്നില്ല എന്നതാണ് ഇതിന്റെ ഗുണം.
ക്ലൌഡ് കമ്പ്യൂട്ടിംഗ് ആപ്ലിക്കേഷനുകളിൽ പ്രധാനമായും രണ്ട് ഭാഗങ്ങളായിരിക്കും ഉണ്ടായിരിക്കുന്നത്. അവയെ ബാക്ക് എൻഡ് (Back End) എന്നും ഫ്രണ്ട് എന്റ് ( Front End)  എന്നുമറിയപ്പെടുന്നു. ഇവയെ ഒരു നെറ്റ്‌വർക്ക് വഴി ബന്ധപ്പെടുത്തിയിരിക്കും. യൂസർ ഉപയോഗിക്കുന്ന ഭാഗത്തെ ഫ്രണ്ട് എൻ‌ഡ് അഥവാ ക്ലയന്റ് സൈഡ് എന്നും ബാക്ക് എൻഡ് എന്നാൽ ക്ലൌഡ് കമ്പ്യൂട്ടിംഗിന്റെ വെ‌ബ്സെർവർ(Webserver)  ഭാഗവുമായിരിക്കും. ഫ്രണ്ട് എൻ‌ഡിൽ ഉൾപ്പെടുക യൂസറുടെ കമ്പ്യൂട്ടറും ക്ലൌഡ് കമ്പ്യൂട്ടിംഗ് സിസ്റ്റം സ്വീകരിക്കാൻ കഴിയുന്ന ഒരു ഇന്റർഫെയിസ് സോഫ്റ്റ്‌വെയറുമായിരിക്കും. ഉപയോഗിക്കുന്ന ക്ലൌഡ് കമ്പ്യൂട്ടിംഗ് സിസ്റ്റമനുസരിച്ച് ക്ലയന്റുകൾക്കായി ആപ്ലിക്കേഷനുകൾ സ്വീകരിക്കുവാനായി നൽകിയിരിക്കുന്ന ഇന്റർഫെയിസുകൾ വ്യത്യാസപ്പെട്ടിരിക്കും.
ബാക്ക് എൻഡ് സിസ്റ്റത്തിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത് സെർവറുകൾ, ഡാറ്റാ സ്റ്റോറേജ് സിസ്റ്റങ്ങൾ,  ക്ലൌഡ് രൂപപ്പെടുത്താനുള്ള സോഫ്റ്റ്‌വെയറുകൾ എന്നിവയായിരിക്കും. ചുരുക്കി പറഞ്ഞാൽ ഒരു ക്ലൌഡ് കമ്പ്യൂട്ടിംഗ് സിസ്റ്റത്തിനുള്ളിൽ ഡാറ്റാ പ്രോസസിംഗ് മുതൽ വീഡിയോ ഗെയിമുകൾ, സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് തുടങ്ങി എല്ലാവിധ ആപ്ലിക്കേഷനുകളും ഇൻസ്റ്റാൾ ചെയ്തിരിക്കും. ഇവയ്ക്കെല്ലാം വ്യത്യസ്തങ്ങളായ സെർവറുകളുമായിരിക്കും ഉപയോഗിക്കുന്നത്. എന്നാൽ ഉപയോക്താവിന് ഒരൊറ്റ ക്ലയന്റ് ആപ്ലിക്കേഷനുപയോഗിച്ച് തന്റെ സിസ്റ്റത്തിൽ നിന്നും ഇവ സ്വീകരിക്കാൻ കഴിയുന്ന വിധമാണ് ക്ലയന്റ് കമ്പ്യൂട്ടീംഗ് സിസ്റ്റം ഡിസൈൻ ചെയ്തിരിക്കുന്നത്.
ക്ലയന്റിന്റെ ആവശ്യമനുസരിച്ച് ഒരു സെർവർ സിസ്റ്റം പ്രവർത്തിക്കുകയും അവയിലെ ട്രാഫിക് പ്രോട്ടോക്കൊളുകളുപയോഗിച്ച്ചും ചില പ്രത്യേക സോഫ്റ്റ്‌വെയറുകളുപയോഗിച്ചും നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിനാ‍യി ക്ലൌഡ് കമ്പ്യൂട്ടിംഗിനുള്ളീൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളെ മിഡിൽ വെയർ (middleware) എന്ന പേരിൽ അറിയപ്പെടുന്നു നെറ്റ്‌വർക്കിനുള്ളീലെ കമ്പ്യൂട്ടറുകളെ ഓരൊന്നിനെയും ബന്ധപ്പെടാനനുവദിക്കുന്നത് മീഡിൽ വെയറുകളായിരിക്കും.
മറ്റേതൊരു കമ്പ്യൂട്ടർ സിസ്റ്റത്തിനെപോലെ തന്നെയും അനിയന്ത്രിതമായ രീതിയിലുള്ള ക്ലയന്റുകളുടെ എണ്ണം ക്ലൌഡ് കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തെയും തടസ്സപ്പെടുത്തുവാനിടയുണ്ട്. അത് മൂലം ക്ലയന്റ് കമ്പ്യുട്ടിംഗ് സിസ്റ്റത്തിലെ സെർവറുകളിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന ഡാറ്റ നഷ്ടപ്പെടാതിരിക്കുന്നതിനായി ഇതിന്റെയെല്ലാം കോപ്പികൾ ക്ലൌഡ് സെർവറുകൾ സൂക്ഷിച്ച് വെക്കുന്നു. ഈ പ്രോസസിനെ redundancy എന്ന പേരിലറിയപ്പെടുന്നു. ( RAID ൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിക്കുന്നത്)  
ക്ലൌഡ് കമ്പ്യൂട്ടിംഗ് അനിയന്ത്രിതമായ സാധ്യതകളാണ് ഉപയോക്താക്കൾക്കായി തുറന്നിടുന്നത്. മിഡിൽ വെയറുകളുടെ സഹായത്തോടെ ഒരു സാധാരണ കമ്പ്യൂട്ടറിനുള്ളീൽ ചെയ്യാവുന്ന എല്ലാ പ്രവർത്തികളും ക്ലൊഡ് കമ്പ്യൂട്ടറിനുള്ളിൽ സാധ്യമാണ്.
ഒരു യൂസർക്ക് ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കുന്ന ഒരു ഇന്റർഫെയ്സുപയോഗിച്ച് എവിടെ നിന്ന് വേണമെങ്കിലും തങ്ങളുടെ ആപ്ലിക്കേഷനുകൾ സ്വീകരിക്കാനായി കഴിയുന്നു. ഹാർഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറുകളുടെയും ചെലവ് ഗണ്യമായി കുറക്കുവാൻ ക്ലൌഡ് കമ്പ്യൂട്ടിംഗ് വഴി സാധിക്കുന്നു. ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതിനായി ഉന്നതപ്രവർത്തനശേഷിയുള്ള കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ ആവശ്യമില്ല. ക്ലൌഡ് കമ്പ്യൂട്ടർ സിസ്റ്റം പ്രവർത്തിക്കാനായി ആകെ ആവശ്യമുള്ളത് ഇവ സ്വീകരിക്കാൻ കഴിയുന്ന ഒരു കമ്പ്യൂട്ടർ സിസ്റ്റം ടെർമിനൽ മാത്രമാണ്. ഈ കമ്പ്യൂട്ടർ സിസ്റ്റം ടെർമിനലിൽ ഔട്ട് പുട് ഡിവൈസ്( മോണിറ്റർ), ഒരു ഇൻപുട് ഡിവൈസ്( കീബോർഡുകളും, മൌസുകളും), ക്ലൌഡ് കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ട മിഡിൽ വെയറുകൾ പ്രവർത്തിക്കാനാവശ്യമായ പ്രോസസിംഗ് പവറും മാത്രമായിരിക്കും. ഹാർഡ് ഡിസ്കുകളുടെ ആവശ്യം ക്ലൌഡ് കമ്പ്യൂടിംഗ് സിസ്റ്റവുമായി ബന്ധപെടുത്തിയിരിക്കുന്ന ഒരു ക്ലയന്റിനു ആവശ്യം വരുന്നില്ല. ഇതിനുള്ള കാരണം എല്ലാ വിവരങ്ങളും സുക്ഷിക്കപ്പെടുന്നത് ക്ലൌഡ് കമ്പ്യൂട്ടിംഗ് സിസ്റ്റത്തിന്റെ സെർവറുകളിലാണ് എന്നുള്ളത് കൊണ്ടാണ്.
ക്ലൌഡ് കമ്പ്യൂട്ടിംഗിന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് അവയുടെ സുരക്ഷയാണ്. വെബിൽ സൂക്ഷിച്ചിരിക്കുന്ന യാതൊന്നും നൂറ് ശതമാനവും സുരക്ഷിതമല്ലാത്തതിനാൽ ഹാക്കർമാർക്ക് എളുപ്പത്തിൽ തന്നെ ഇവയെ തങ്ങളുടെ അധീനതയിലേക്ക് വരുത്തുവാനൊ അവയുടെ പ്രവർത്തനത്തെ തകരാറിലാക്കുവാനൊ  സാധിക്കും.
വെബ് ഓപ്പറേറ്റിംഗ് സിസ്റ്റം
ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ് സിസ്റ്റത്തിനുള്ളീൽ ഉപയോഗിക്കുന്ന ഇന്റർഫെയ്സുകളെയാണ് വെബ് ഓപ്പറേറ്റിംഗ് സിസ്റ്റം (Web Operating System) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമായും ഇവ ഉപയോഗിക്കുന്നത് ക്ലൌഡ് കമ്പ്യൂട്ടിംഗിനും യൂടിലിറ്റി കമ്പ്യൂട്ടിംഗിനുമായിരിക്കും(  ഒരു കമ്പനിയുടെ പ്രവർത്തനങ്ങൾ നടത്തുവാൻ മറ്റൊരു കമ്പനിയുടെ റിസോഴ്സസിനെ ( ഹാർഡ്‌വെയറുകൾ, സോഫ്റ്റ്‌വെയറുകൾ മുതലായവ)  ഉപയോഗിക്കുന്നതിനെയാണ് യൂട്ടലിറ്റി കമ്പ്യൂട്ടിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഔട്ട് സോഴ്സിംഗ് എന്ന് വേണമെങ്കിൽ യൂട്ടലിറ്റി കമ്പ്യൂട്ടിംഗിനെ പറയാം.  ഇന്റർനെറ്റ് കണക്ഷനുള്ള  യൂസർ  ഒരു കമ്പനി നൽകുന്ന ആപ്ലിക്കെഷനുകൾ  ഒരു വെബ് ബ്രൌസർ ഉപയോഗിച്ചൊ സമാനമായ മറ്റേതെങ്കിലും ഇന്റർഫെയ്സ് ഉപയോഗിച്ചൊ പ്രവർത്തിക്കുകയായിരിക്കും ചെയ്യുക. മറ്റൊരു സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകളും അവയുടെ ഹാർഡ്‌വെയർ റിസോഴ്സുകളും ഒരു ക്ലയന്റ് സോഫ്റ്റ്‌വെയർ വഴി ഉപയോഗിക്കുവാനും ഡാറ്റ അതേ കമ്പ്യൂട്ടറിൽ തന്നെ സൂക്ഷിച്ച് വെക്കുവാനും ഇതു വഴി സാധിക്കുന്നു.
ഒരു വെബ് ഓപ്പറേറ്റിംഗ് സിസ്റ്റമുപയോഗിച്ച് ഇമെയിൽ, ഫയൽ മാനേജ്മെന്റ്, ഗെയിമുകൾ, ഇൻസ്റ്ററ്റ് ചാറ്റുകൾ, റീഡറ്കൾ, സ്പ്രെഡ് ഷീറ്റുകൾ തുടങ്ങി ഒരു ലോക്കൽ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിൽ ചെയ്യാൻ കഴിയുന്ന എല്ലാ പ്രവർത്തികളും ചെയ്യുവാൻ സാധ്യമാണ്. വെബ് ഓ എസുകൾ ലോക്കൽ കമ്പ്യൂട്ടറിലെ ഓ എസിനെയൊ മറ്റേതെങ്കിലും ആപ്ലിക്കേഷനുകളെയൊ ഉപയോഗിക്കുന്നില്ല. ഇവക്ക് പ്രവർത്തിക്കാൻ ആവശ്യമായത് ഒരു വെബ്‌ ബ്രൌസറൊ അതുമല്ലെങ്കിൽ സേവനം പ്രദാനം ചെയ്യുന്ന കമ്പനി നൽകുന്ന ക്ലയന്റ് ഇന്റർഫെയിസുകളൊ മാത്രമാണ്. ഇത്തരം വെബ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളീൽ ഒരു യൂസർക്ക് പ്രവർത്തിക്കാനാവശ്യമായ സോഫ്റ്റ്‌വെയറുകളും മറ്റും ഇൻസ്റ്റാൾ ചെയ്തിരിക്കും. സാധാരണ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നത് പോലെ തന്നെയാണ് വെബ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളൂം പ്രവർത്തിക്കുക.
ക്ലൗഡ് കമ്പ്യൂട്ടിംഗ് സൗകര്യം പ്രദാനം ചെയ്യുന്ന ചില സോഫ്റ്റ്‌വെയറുകളുടെ ഡെമോ സൈറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ താഴെ കൊടുക്കുന്നു.
 വിൻഡോസ് 4ആൾ ക്ലൗഡ് കമ്പ്യൂട്ടിംഗ് സിസ്റ്റത്തിന്റെ ഡെമോ സൈറ്റ്

 ഐ ഓ എസ് ക്ലൗഡ് കമ്പ്യൂട്ടിംഗ് സിസ്റ്റത്തിന്റെ ഡെമോ സൈറ്റ്
ഇതിൽ ഐ ഓ എസ് (EyeOs) എന്ന ക്ലൗഡ് കമ്പ്യൂട്ടിംഗ് യൂടലിറ്റി ലിനക്സ് അടിസ്ഥാനമാക്കിയുള്ളതും വിൻഡോസ്4 ആൾ (Windows4all) എന്ന യൂടലിറ്റി വിൻഡോസ് അടിസ്ഥാനവുമാക്കിയുള്ള ക്ലൗഡ് കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങൾക്കുദാരണങ്ങളാണ്. ഇവിടെ നിന്ന് ഐ ഓ എസിന്റെയും ഇവിടെ നിന്ന് വിൻഡോസ് 4 ആൾ ക്ലൗഡ് കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങളുടെ ഡെമോ സൈറ്റുകളിൽ കയറി അവ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാൻ കഴിയും. ഇതിൽ നിന്നും സാധാരണ  ഡെസ്ക്ടോപ്പ്  പോലെ തന്നെയാണു ക്ലൗഡ് കമ്പ്യൂട്ടിംഗ് സിസ്റ്റവും പ്രവർത്തിക്കുക എന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്.  ഇതിൽ വിൻഡോസ് 4 ആൾ പ്രവർത്തിക്കുന്നതിനു സിസ്റ്റത്തിൽ സിൽ‌വർ ലൈറ്റ് എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയതിരിക്കണം.

What is Wi-Fi

വയര്‍ലെസ് ഫിഡെലിറ്റി (wireless fidelity) എന്നതിന്റെ ചുരുക്കരൂപമാണ് വൈ ഫൈ (Wi-Fi). 1997 ല് IEEE വികസിപ്പിച്ചെടുത്ത 802.11 എന്ന വയര്‍ലെസ് സാങ്കേതിക വിദ്യയാണ് വൈ ഫൈ യില്‍ ഉപയൊഗിക്കുന്നത്. ലോകമെമ്പാടും നെറ്റ് വര്‍ക്കുകളീല്‍ ഇന്ന് വൈ ഫൈ സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നു. വൈ ഫൈ നെറ്റ് വര്‍ക്ക് കാര്‍ഡുകള് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഏത് സിസ്റ്റത്തിനും ഒരു വൈ ഫൈ നെറ്റ് വര്‍ക്കിലേക്കു വയര്‍‌ലെസ് റൌട്ടര്‍ വഴി കണക്സ്റ്റ് ചെയ്യാവുന്നതാണ്. ഈ വയര്‍ലെസ് റൌട്ടറുകള് വഴി ലോക്കല് നെറ്റ് വര്‍ക്കിലെക്കൊ അല്ലെങ്കില്‍ ഇന്റര്‍നെറ്റിലേക്കൊ ഒരു യൂസര്‍ക്ക് പ്രവേശിക്കുവാന് സാധിക്കും.
ഇന്ന് മിക്കവാറുമെല്ലാ ലാപ് ടോപ്പുകളും (Lap Tops), പി.ഡി.എ (Personal Digital Assistant) കളും, മൊബൈല് ഫോണുകളും വൈ ഫൈ സൌകര്യം സ്വീകരിക്കുവാന് കഴിവുള്ളവയാണ്. വയര്‍ലെസ് നെറ്റ് വര്‍ക്ക് കാര്‍ഡുകള് ഉപയോഗിക്കുന്ന ഏതു ഉപയോക്താവിനും ഒരു വൈ ഫൈ കണക്ഷനിലേക്ക് പ്രവേശിച്ച് ഇന്റര്‍നെറ്റിലേക്കു കടക്കുവാന് സാധിക്കും. മറിച്ചു പാസ് വേഡുകള്‍ നല്‍കി സുരക്ഷിതമാക്കിയ വയര്‍ലെസ് നെറ്റ്‌വവര്‍ക്കാണെങ്കില്‍ അത്തരമൊരു നെറ്റ് വര്‍ക്കിലേക്ക് പ്രവേശിക്കണമെന്നുണ്ടെങ്കില് അവയില് സെറ്റ് ചെയ്തിരിക്കുന്ന പാസ് വേഡുകള് നല്‍കിയല് മാത്രമെ ഒരു വൈ ഫൈ നെറ്റ്‌വര്‍ക്കും ഒരു സിസ്റ്റവും തമ്മില് ബന്ധം സ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ.
ഇത്തരമൊരു വയര്‍ലെസ് നെറ്റ് വര്‍ക്കുകളീല്‍ വയറുകള്‍ ഉപയോഗിചുള്ള കണക്ഷനില്‍ ചെയ്യാവുന്ന ഒരു വിധപ്പെട്ട എല്ലാ  പ്രവര്‍ത്തികളും ചെയ്യുവാന്‍ സാധിക്കും. എന്നാല്‍ വയറുകള്‍ ഉപയോഗിചുള്ള കണക്ഷനുകളെ അപേക്ഷിച്ച് ഇവ വഴിയുള്ള ഡാറ്റാ ട്രാന്‍സഫര്‍ താരതമ്യേന കുറവായിരിക്കും.ഒരു വൈ ഫൈ കണക്ഷന് വഴി സിസ്റ്റത്തിനു പ്രവേശിക്കുവാന് കഴിയുന്ന അത്രയും ഏരിയയെ വയർലെസ്ഹോട് സ്പോട് (wireless Hot spot) എന്നു പറയുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളില് ഒരു നഗരം മുഴുവന് ചിലപ്പോള് വയര്‍ലെസ് ഹോട്സ്പോട്ടുകള് ആയിരിക്കും. ഉദാഹരണമായി സൻ‌ഫ്രാന്‍സ്സിക്കൊ നഗരം ഇത്തരത്തിലുള്ള ഒരു ഹോട് സ്പോട് ആണ്
സെൽ ഫോണുകളിലും മറ്റുമുപയോഗിക്കുന്ന തരത്തിലുള്ള റേഡിയൊ തരംഗങ്ങള്‍ തന്നെയാണ് വൈ ഫൈ യിലും ഉപയോഗിക്കുന്നതു. എന്നാല്‍ ഇവയുടെ തരംഗ ദൈര്‍ഘ്യം മറ്റുള്ള റേഡിയൊ നെറ്റ് വര്‍ക്കുകളേക്കാളും കൂടുതലായിരിക്കും. അതു കൊണ്ട് തന്നെ കൂടുതല് ഡാറ്റ കൈകാര്യം ചെയ്യുന്നതിനായി ഇതു വഴി സാധിക്കുന്നു.വൈ ഫൈ യില് 2.4 GHz മുതല് 5 GHz വരെയുള്ള ഫ്രീക്വന്‍സിയാണ് ഉപയൊഗിക്കുന്നതു. 802.11 എന്ന വയര്‍ലെസ് നെറ്റ്‌വര്‍ക്കിംഗ് സ്റ്റാന്‌ഡേഡ് ആണു വൈ ഫൈ യില്‍ ഉപയോഗിക്കുന്നതു. അതിനെ ഫ്രീക്വന്‍സിയുടെ അടിസ്ഥാനത്തില് വീണ്ടും തരംതിരിച്ചിരിക്കുന്നു.
  • 802.11a : ഇതു വഴിയുള്ള ഡാറ്റ ട്രാന്‍ഫര്‍ നടക്കുന്നതു 5 GHz എന്ന ഫ്രീക്വന്‍സിയി ആയിരിക്കും. ഒരു സെക്കന്റില് 54 മെഗാബിറ്റ്സ് (54 Megabits) ഡാറ്റ ഇതു വഴി ട്രാന്‍സ്ഫര് ചെയ്യാന് സാധിക്കും. ഇതില് OFDM (orthogonal frequency-division multiplexing ) എന്ന സാങ്കേതിക് വിദ്യ കുടി ഉപയോഗിച്ചിരിക്കുന്നു. ഇത് വഴി ട്രാന്‍സ്മിറ്റ് ചെയ്യുന്ന സിഗ്നലുകളെ റീസിവറിലെത്തുന്നതിനു മുന്‍പ് വിഭജിച്ച് നിരവധി സബ് സിഗനലുകളാക്കി മാറ്റുന്നു. അതു വഴി ഡാറ്റ ട്രാന്‍സ്ഫര് ചെയ്യുമ്പോഴുണ്ടാകുന്ന നിരവധി തടസങ്ങള് ഒഴിവാക്കാന് സാധിക്കുന്നു.
  • 802.11 b: ഈ സ്റ്റാന്റേഡില് ട്രാന്‍സ്മിറ്റു ചെയ്യുന്നതു 2.4 GHz എന്ന ഫ്രീക്വന്‍സിയിലായിരിക്കും. ഇതു വഴി കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റയുടെ അളവു സെക്കന്റില് 11 മെഗാബിറ്റ്സ് ആണ്. ഇതില്‍ complementary code keying (CCK) എന്ന സാങ്കേതികവിദ്യ ഇതിന്റെ സ്പീഡ് കൂട്ടുവാനായി ഉപയൊഗിക്കുന്നു. എന്നാല് 802.11a സ്റ്റാന്‍ഡേഡിനെ അപേക്ഷിച്ചു ഇതിന്റെ ഫ്രിക്വന്‍സി കുറവായതിനാല് സ്പീഡും കുറവായിരിക്കും, എന്നാല്‍ ചിലവു കുറഞ്ഞതായിരിക്കും 802.11 b സ്റ്റാൻഡേഡ്
  • 802.11g : ഇതില്‍ ട്രാന്‍സ്മിറ്റ് ചെയ്യുന്ന ഫ്രീക്വന്‍സി 802.11b സ്റ്റാന്‍ഡേഡില്‍ പോലെ തന്നെ 2.4 GHz ആയിരിക്കും. എന്നാല്‍ ഈ സ്റ്റാന്ഡേഡില്‍ 54 മെഗാബിറ്റ്സ് ഡാറ്റ കൈകാര്യം ചെയ്യാന് സാധിക്കുന്നു. ഇതിലും 802.11a പോലെ തന്നെ OFDM കോഡിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
  • 802.15: വയര്‍ലെസ് പെഴ്സണല്‍ ഏരിയ നെറ്റ് വര്‍ക്കിനുപയോഗിക്കുന്ന (WPANs) വയര്‍ലെസ് സ്റ്റാന്‌ഡേഡ് ആണു ഇവ.
  • 802.16: വളരെ വലിയ ഒരു സ്ഥലത്തേക്കു ഉപയോഗിക്കുന്ന വൈ ഫൈ സാങ്കേതിക വിദ്യയാണ് വൈ മാക്സ് (WiMax). ഇതിലുപയോഗിക്കുന്ന സ്റ്റാന്‌ഡേഡ് 802.16 ആണ്. ഇതുവഴി കൂടിയ വേഗതയിലുള്ള ഒരു ഡാറ്റാ ട്രാന്‍സ്ഫര്‍ സാധ്യമാകുന്നു. കൂടുതല്‍ പ്രദേശങ്ങളെ ഈ നിലവാരമുയൊഗിച്ച് വയര്‍ലെസ് നെറ്റ് വര്‍ക്കിന്റെ പരിധിയില്‍ കൊണ്ടു വരാന്‍ സാധിക്കുന്നു

2014 ഫെബ്രുവരി 27, വ്യാഴാഴ്‌ച

ഇന്റര്‍നെറ്റ് അഡിക്ഷന്‍..പ്രശ്‌നവും പരിഹാരവും



ഇന്റര്‍നെറ്റിലെ ഫെയ്‌സ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലും ചാറ്റിങ്ങ്, യൂട്യൂബ് വീഡിയോകള്‍, ഗെയിമുകള്‍, അശ്ലീല സൈറ്റുകള്‍ എന്നിവയില്‍ ദീര്‍ഘനേരം അഭിരമിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. ഇതിലേറെയും യുവതി യുവാക്കന്മാരാണ്. ഇത്തരത്തിലുള്ള ഇന്റര്‍നെറ്റ് അഡിക്ഷന്‍ കടുത്ത വിഷാദത്തിലേക്കോ പൂര്‍ണമായ വൈകാരിക മരവിപ്പിലേക്കോ ചെന്നെത്തുന്ന തരത്തില്‍ ഒരു രോഗമായി വളരുകയാണ്. ഈയിടെ സ്വീഡനില്‍ ഫെയ്‌സ് ബുക്ക് അടിമകളായ കുട്ടികള്‍ക്ക് വേണ്ടി ഗവേഷണപടുക്കള്‍ കണ്ടെത്തിയ ചികിത്സ കുതിര സവാരിയാണ്!!!

അറബ് ലോകത്തെ പ്രശസ്ത മനശ്ശാസ്ത്രനും എഴുത്തുകാരനുമായ ഡോ. സമീര്‍ യൂനുസ് അദ്ദേഹത്തിന് ദിനംപ്രതി ലഭിക്കുന്ന 'ഇന്റര്‍നെറ്റ്' അടിമകളുടെ കത്തുകളെ കുറിച്ച് അത്ഭുതം കൂറുന്നു. നിരവധി യുവതി-യുവാക്കളും കുട്ടികളും ഊണും ഉറക്കവുമില്ലാതെ, പുറം ലോകവുമായി ജൈവികമായ യാതൊരു ബന്ധവുമില്ലാതെ മരവിച്ച തൃഷ്ണകളുമായി ഇന്റര്‍നെറ്റിന്റെ അടിമകളായി മാറിയിരിക്കുന്നു എന്നതിന്റെ വലിയ തെളിവുകളാണ് ഈ കത്തുകള്‍ സംസാരിക്കുന്നതെന്ന് അദ്ദേഹം വിവരിക്കുന്നു. ആ കൂട്ടത്തില്‍ ചിലര്‍ ആത്മഹത്യയുടെ വക്കിലാണ്. മറ്റുചിലര്‍ കടുത്ത മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. മറ്റു ചിലരാകട്ടെ ഈ അഡിക്ഷന്റെ പേരില്‍ വിദ്യാഭ്യാസവും കരിയറും കുടുംബ ജീവിതവും തകര്‍ന്നവരാണ്. ഇവിടെ ഡോ. സമീര്‍ യൂനുസ് ഈ അഡിക്ഷന്റെ കാരണങ്ങളും ലക്ഷണങ്ങളും അതിനോടുള്ള സമീപനവും പരിഹാരവും ഈ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു. 

a. കാരണങ്ങള്‍:-
പ്രഥമമായി നാം നമ്മുടെ കൗമാരക്കാരെയും കുട്ടികളെയും സ്ത്രീപുരുഷന്മാരെയും ബോധവല്‍കരിക്കേണ്ടത് ഈ അഡിക്ഷനിലേക്ക് നയിക്കുന്ന കാരണങ്ങളെ കുറിച്ചാണ്. പലഘടകങ്ങള്‍ ചേര്‍ന്നതാണത്. മടുപ്പ്, സുലഭമായി ലഭിക്കുന്ന ഒഴിവ് സമയം, വൈകാരികാനുഭവങ്ങളുടെ നിരാസം(emotional), ആത്മവിശ്വാസക്കുറവ്, കുടുംബത്തിന്റെയോ രക്ഷിതാക്കളുടെയോ ശിക്ഷണ പങ്കാളിത്തത്തിന്റെ അഭാവം, ശൈശവദശയിലെയോ കൗമാരകാലത്തോ ഉണ്ടായ തെറ്റായ ലൈംഗികാനുഭവങ്ങള്‍, സാങ്കേതിക വിദ്യകളുടെ ലഭ്യത ഇവയെല്ലാമാണ് പൊതുകാരണങ്ങള്‍.

b. ലക്ഷണങ്ങള്‍: -
ചില പ്രത്യേക തരം സ്വഭാവശീലങ്ങളിലൂടെ ഈ അഡിക്ഷന്റെ ലക്ഷണങ്ങള്‍ കണ്ടെത്താം. മാതാപിതാക്കള്‍ ഈ വിഷയത്തില്‍ ജാഗരൂകരായിരിക്കണം. പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്.
1. ദീര്‍ഘനേരം ഇന്റര്‍നെറ്റിന് മുമ്പില്‍ ചിലവഴിക്കുക
2.രാത്രി വൈകിയുറങ്ങുകയും വൈകി എഴുന്നേല്‍ക്കുകയും ചെയ്യുക
3.എഴുന്നേറ്റാല്‍ ഉടനെ പ്രാഥമിക കൃത്യങ്ങളെല്ലാം നിര്‍വഹിക്കുന്നതിന് മുമ്പ് കമ്പ്യൂട്ടര്‍ ഓപ്പണ്‍ ചെയ്യുക.
4.ഇന്റര്‍നെറ്റിന് ജീവിതത്തില്‍ അമിത പ്രാധാന്യം നല്‍കുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാതോരാതെ സംസാരിക്കുകയും ചെയ്യുക
5.പഠനം, തൊഴില്‍, കുടുംബം, സാമൂഹികം തുടങ്ങിയ ബാധ്യതകളില്‍ ഉപേക്ഷ വരുത്തുക. 
6. സാമൂഹിക ബന്ധങ്ങളിലും തൊഴില്‍ മേഖലകളിലും കടുത്ത സംഘര്‍ഷം അനുഭവപ്പെടുക

c. ആരാഗ്യ പ്രശ്‌നങ്ങള്‍
 ഏതെങ്കിലും രീതിയിലുള്ള ചെറിയ അസ്വസ്ഥതകള്‍ നേരിടുമ്പോള്‍ അതില്‍ നിന്ന് രക്ഷതേടാനായി ഇവര്‍ ഇന്റര്‍നെറ്റിലഭയം തേടുന്നു.  വീടുകളില്‍ നിന്നോ കഫേകളില്‍ നിന്നോ മറ്റു സ്ഥാപനങ്ങളില്‍ നിന്നോ ദീര്‍ഘനേരം ചാറ്റ് ചെയ്യുന്നു. അതുമില്ലെങ്കില്‍ കൂട്ടുകാരന്റെ വീട്ടിലേക്ക് ചേക്കേറുന്നു. ഇത്തരത്തില്‍ അഡിക്റ്റായ ഒരാളെ ബാധിക്കാവുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ നാം വിലയിരുത്തേണ്ടതുണ്ട്.

1. ശാരീരിക പ്രശ്‌നങ്ങള്‍: 
പേശികളിലും മസിലുകളിലുമുള്ള വേദന, അമിത വണ്ണം, കൊളസ്‌ട്രോള്‍, അലസത, നിസ്സംഗത, ഉറക്കമില്ലായ്മ, ശക്തവും നിരന്തരവുമായ തലവേദന, നേത്രരോഗങ്ങള്‍, കാഴ്ച ശക്തി ദുര്‍ബലമാവുക തുടങ്ങിയവയാണ് പ്രധാന ശാരീരിക പ്രശ്‌നങ്ങള്‍. കമ്പ്യൂട്ടറിലെ രശ്മികള്‍ മനുഷ്യശരീരത്തിലെ തൊലിനിറം വിരൂപമാക്കുമെന്ന് പഠനങ്ങള്‍ വന്നിട്ടുണ്ട്. 
2. ബുദ്ധിയുടെ മരണം
ചില വൈദ്യശാസ്ത്ര പഠനങ്ങള്‍ പ്രകാരം ദീര്‍ഘനേരം കമ്പ്യൂട്ടറിനു മുന്നില്‍ ചിലവഴിക്കുന്ന ഒരാളുടെ തലച്ചോറിന് മരണം സംഭവിക്കുമെന്ന് പറയപ്പെടുന്നു. ശ്രദ്ധാകേന്ദ്രീകരണ തലത്തെ അത് ദുര്‍ബലപ്പെടുത്തുന്നു. ഓര്‍മശക്തിയെ ബലഹീനമാക്കുന്നു. പെട്ടെന്നുള്ള മറവിക്ക് ഹേതുവാകുന്നു. പഠന ഉല്‍പാദന പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ഇത്തരക്കാര്‍ ചിന്താശൂന്യരും ധൈഷണിക ഛിദ്രതയുള്ളവരും ഉറക്കക്കുറവുള്ളവരുമായിരിക്കും. എപ്പോഴും മനസ്സില്‍ നെറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമായിരിക്കും. ഇവര്‍ യഥാര്‍ഥ ലോകത്ത് നിന്ന് ഒഴിഞ്ഞിരിക്കുകയും ഭാവന ലോകത്ത് വിഹരിക്കുകയും ചെയ്യുന്നു. 
3.മാനസിക പ്രശ്‌നങ്ങള്‍

ഇന്റര്‍നെറ്റിന് അഡിക്റ്റായവര്‍ ഏകാന്തതയിലേക്ക് ചുരുങ്ങാനും സ്വന്തത്തിലേക്ക് ഉള്‍വലിയാനും ജനങ്ങളില്‍ നിന്ന് വളരെ അകലം പാലിക്കാനുമായിരിക്കും പൊതുവെ താല്‍പര്യപ്പെടുക. വീട്ടിലുണ്ടെങ്കില്‍ തന്നെ കുടുംബാംഗങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ സ്വന്തം റൂമില്‍ ഒറ്റക്കിരിക്കും. ബൗദ്ധിക മരവിപ്പിന്റെ ഫലമായി പെട്ടെന്ന് കോപം വരിക പോലുള്ള സ്വഭാവത്തിനുടമകളായിരിക്കും. ഇവരിലധികവും പരുക്കന്‍ സ്വഭാവക്കാരായിരിക്കും. അധികവും ഭാവനാലോകത്തായതിനാല്‍ യഥാര്‍ത്ഥ ലോകവുമായി ബന്ധങ്ങള്‍ കുറവായിരിക്കും. കൂട്ടുകാര്‍ കുടുംബക്കാര്‍ എന്നിവരില്‍ നിന്ന് അകലം പാലിക്കുന്നവരായിരിക്കും.അസ്ഥിത്വ പ്രതിസന്ധി, കടുത്ത കുറ്റബോധം, ആത്മവിശ്വാസക്കുറവ്, ഉള്‍വലിയല്‍, അന്തര്‍മുഖത്വം, വിവാഹപ്പേടി ഇതെല്ലാം ഇതിനോടനുബന്ധിച്ച പ്രശ്‌നങ്ങളാണ്.

4.ലൈംഗിക പ്രശ്‌നങ്ങള്‍
ലൈംഗിക ചേരുവകളുള്ള സിനിമകളും കഥകളുമൊക്കെയാണ് ഇത്തരക്കാര്‍ അധികവും കാണുന്നത്. ഇത് കടുത്ത ലൈംഗിക പ്രശ്‌നങ്ങളിലേക്ക് അവരെ നയിക്കുന്നു. അവിഹിതമായ ലൈംഗിക ബന്ധം, സ്വയം ഭോഗം, എന്നിവയുടെ അടിമകളായി മാറുന്നു പലരും. ലൈംഗികാവയവങ്ങള്‍ക്കും പ്രത്യുല്‍പാദന ശേഷിക്കും കടുത്ത ക്ഷതമേല്‍പ്പിക്കുന്നു. മൂത്രാശയ രോഗങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. അവിഹിതമാര്‍ഗത്തിലൂടെയുള്ള ലൈംഗിക വേഴ്ച ശീഘ്രസ്ഖലനം, ലൈംഗിക മരവിപ്പ് തുടങ്ങിയവയിലേക്ക് നയിക്കുകയും ഭാവിയില്‍ വൈവാഹിക ജീവിതത്തിന് വലിയ ഭീഷണിയാവുകയും ചെയ്യുന്നു.
നമ്മുടെ കുട്ടികളെ എങ്ങിനെ രക്ഷിക്കാം
ഇത്തരത്തിലുള്ള കുട്ടികളോട് മാതാപിതാക്കള്‍ക്കുള്ള സമീപനം ഒരല്‍പം വ്യത്യസ്തമായിരിക്കണം. അതുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ :

1.കുട്ടികളോട് കൂടുതല്‍ അടുക്കുക. അവരോടൊപ്പം ഉല്ലാസ യാത്ര നടത്തുക,അവരുമായി സംഭാഷണത്തിലേര്‍പ്പെടുന്നത് വര്‍ദ്ധിപ്പിക്കുക,നമുക്കും അവര്‍ക്കുമിടയിലെ പരസ്പര വിശ്വാസം ദൃഢപ്പെടുത്തുക.
2.അവരിഷ്ടപ്പെടുന്ന ആക്ടിവിറ്റീസത്തിനുള്ള അവസരങ്ങള്‍ നാം അവര്‍ക്ക് ഒരുക്കിക്കൊടുക്കുക്കണം, അത് കായികപരമോ കലാപരമോ സാംസ്‌കാരികമോ ആയ ഏതു മേഖലയിലുമായിരിക്കാം. 
3.ജീവിതത്തില്‍ വായനയുടെ പ്രാധാന്യം അവരെ തെര്യപ്പെടുത്തണം. നാമും അവരോടൊപ്പം വായനയില്‍ പങ്കാളികളാവുക. അവരെ അക്കാര്യത്തില്‍ നിരന്തരം പ്രോത്സാഹിപ്പിക്കുക.
4തലച്ചോറിന് വിശ്രമം നല്‍കുക എന്ന വ്യാജേന മാതാപിതാക്കള്‍ അവരെ ദീര്‍ഘനേരം അശ്രദ്ധമായി കമ്പ്യൂട്ടറിനു മുന്നിലേക്ക് വിടാതിരിക്കുക.
5.കുറ്റവാളികളെപ്പോലെ അവരെ നിരീക്ഷിക്കാതിരിക്കുക.അവരില്‍ വിശ്വാസമര്‍പ്പിക്കുക. അവരറിയാത്ത രീതിയില്‍ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
6.കുട്ടികള്‍ക്കായുള്ള പ്രത്യേകം റൂമുകളില്‍ കമ്പ്യൂട്ടറുകള്‍ സജ്ജീകരിക്കുന്നതിന് പകരം ഹാള്‍,സ്വീകരണ മുറി പോലുള്ള മാതാപിതാക്കള്‍ക്ക് പൊതുവെ കണ്ണെത്തുന്ന ്സ്ഥലങ്ങളില്‍ അത് സ്ഥാപിക്കുന്നതില്‍ അവരുമായി യോജിപ്പിലെത്തുക.
7.കമ്പ്യൂട്ടര്‍ ഉപയോഗത്തിന് നിര്‍ണ്ണിത സമയം നിശ്ചയിക്കുക. കുട്ടികളുമായി അതില്‍ യോജിപ്പിലെത്തുക. വേണമെങ്കില്‍ ആ വിഷയകമായ ഒരു കരാര്‍ പത്രമെഴുതി കുട്ടിയുള്‍പ്പടെ വീട്ടംഗങ്ങളെല്ലാം അതില്‍ ഒപ്പ് വെക്കുകയും കമ്പ്യൂട്ടറിനരികിലായി ഈ കരാര്‍ പത്രം തൂക്കിയിടുകയും ചെയ്യുക.
8.നമ്മുടെ സ്‌നേഹ വാല്‍സല്യങ്ങള്‍ അവരെ വല്ലാതെ സ്വധീനിക്കുന്ന ഘട്ടങ്ങളില്‍ ശാന്തവും ഫലപ്രാപ്തി ലക്ഷ്യമാക്കിയുമുള്ള ചര്‍ച്ചകളിലൂടെ ഇന്റര്‍നെറ്റ് അഡിക്ഷന്റെ അപകടങ്ങളെക്കുറിച്ചും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കുക.

ചികിത്സാ രീതികള്‍
ഇന്റര്‍നെറ്റ് അടിമത്വം എന്നത് ലഹരിപദാര്‍ത്ഥങ്ങള്‍ക്ക്  അടിപ്പെടുന്നതു പോലുള്ള ഒരു സംഭവമാണ്. അതിന്റെ അളവിലും തോതിലും വ്യത്യാസങ്ങളുണ്ടാകും. രോഗം ബാധിക്കുന്നതിന്റെ ഡിഗ്രിയനുസരിച്ചാണല്ലോ ചികിത്സ. ഇവിടെ രോഗം മൂര്‍ഛിക്കുന്നതിനു മുമ്പ് തന്നെ തേടാവുന്ന ചില ചികിത്സകളാണ് നിര്‍ദേശിക്കുന്നത്.
1. ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്നതിനു മുമ്പായി കൃത്യമായ ലക്ഷ്യ നിര്‍ണ്ണയം നടത്തുക.
2. നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യത്തിന് മൂല്യം കല്‍പ്പിക്കുക. ഉദേശ്യം നെഗറ്റീവാണെങ്കില് ഒരു കാരണവശാലും നെറ്റില്‍ പ്രവേശിക്കാതിരിക്കുക. പോസിറ്റീവാണെങ്കില്‍ സമയം നിശ്ചയിച്ച് ലക്ഷ്യ പ്രാപ്തി കൈവരുത്തുക.
3. ഇന്റര്‍നെറ്റുമായി വല്ലാതെ അനുരക്തനാവുന്നു എന്ന തോന്നലുടലെടുക്കുന്നുവെങ്കില്‍ കുറച്ചാഴ്ച്ചത്തേക്ക് അതുമായുള്ള ബന്ധം ഒഴിവാക്കുക. പഠനപരവും വൈജ്ഞാനികവുമായ ഒഴിച്ച് കൂടാനാവാത്ത കാര്യങ്ങള്‍ക്ക് മാത്രം അതുപയോഗപ്പെടുത്തുക.  
ഇത്തരം തീരുമാനം വളരെ കടുത്തതായിത്തോന്നാം. പക്ഷെ എടുത്ത തീരുമാനത്തില്‍ ഒരിക്കലും പിന്‍വാങ്ങാത്ത ഇഛാശക്തിയുണ്ടാകണം. കഠിനതരമാണെന്നറിഞ്ഞുകൊണ്ടുതന്നെ മനുഷ്യന്‍ വലിയ ശസ്ത്രക്രിയകള്‍ക്ക് വിധേയനാവാറുണ്ട്. കാരണം മാറ്റം ഒരല്‍പം പ്രയാസമേറിയതാണ് എന്നതു തന്നെ.

4. എപ്പോഴും അല്ലാഹുവില്‍ അഭയം തേടുകയും അവനില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു.( ആര് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നുവോ അവന് അതു മതി)(ത്വലാഖ്. 4)
5. സത്യ വിരുദ്ധമായ കാര്യങ്ങളില്‍ നിന്നും മനസിനെ അകറ്റി, എപ്പോഴും സത്യത്തില്‍ വ്യാപൃതമാകുക. നിന്റെ കാഴ്ചയും ശക്തിയും കഴിവുമെല്ലാം അല്ലാഹുവിന്റെ വലിയ അനുഗ്രഹങ്ങളില്‍പ്പെട്ടതാണെന്ന് മനസിനെ നിരന്തരം ധരിപ്പിക്കുക.
6. നിനക്കും സമൂഹത്തിനും ഉപകാരപ്രദമായ വൈജ്ഞാനികവും സാംസ്‌കാരികവുമായ വളര്‍ച്ചയക്കനുഗുണമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുക. പ്രവാചകന്‍ അരുളിയല്ലോ 'നീ നിനക്ക് ഉപകാരപ്പെടുന്നത് അഭിലഷിക്കുക. അതിന് അല്ലാഹുവിനോട് സഹായം ചോദിക്കുക, നീ ദുര്‍ബലനാകരുത്. പോസിറ്റീവായ മാറ്റങ്ങള്‍ക്ക് മനസിനെ സജ്ജമാക്കുക.
7. സമയം ക്രമീകരിക്കുക. പഠനത്തിന് ഒരു സമയം. വിനോദത്തിന് മറ്റൊരു സമയം, മറ്റ് കാര്യങ്ങള്‍ക്ക് വേറൊരു സമയം ഇങ്ങനെ..
8. എപ്പോഴും മനോദാര്‍ഢ്യവും ഉയര്‍ന്ന മാനസിക കരുത്തും ഉള്ളവനാവുക. സ്വന്തത്തിന് ഏറ്റവും പ്രയോജനം ചെയ്യുക നാം തന്നെയാണ്. കാരണം നമ്മുടെ ഇഛാശക്തിയും കരുത്തും നമ്മുടെ അധീനതയില്‍ തന്നെയാണ്.
9. കടുത്ത പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ടെങ്കില്‍ ഒരു ഡോക്ടറെത്തന്നെ കാണുക. വൈദ്യ ചികിത്സ ചിലപ്പോള്‍ ആവശ്യമായേക്കും
.