DAILY DISCUSSION







ഇന്റര്‍നെറ്റു സൌകര്യമുള്ള ആര്‍ക്കും ലോകത്തിലെ ഏതു ഭാഗത്ത്‌ നിന്നും ചര്‍ച്ച ശ്രവിക്കാം, പങ്കെടുത്തു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എല്ലാ ദിവസവും ഈ റൂമില്‍ വ്യത്യസ്ത വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. Beyluxe Messanger Download ചെയ്യാന്‍:http://www.beyluxe.com/messenger/Download.html. (Install ചെയ്തതിനു ശേഷം ഒരു പുതിയ ID ഉണ്ടാക്കുക. ശേഷം റൂമില്‍ പ്രവേശിക്കാം: Asia-India-ISLAAM PAADA SHAALA____VATTA MESHA swathandra samvatham)







2011 ജൂൺ 20, തിങ്കളാഴ്‌ച

നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌

നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗിന്റെ പേരിലുള്ള ബഹുകോടികളുടെ തട്ടിപ്പ്‌ നടത്തുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമെന്ന്‌ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.
 
നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌, ഡയറക്‌റ്റ്‌ മാര്‍ക്കറ്റിംഗ്‌, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ തുടങ്ങിയ പേരുകളില്‍ ജനങ്ങളെ വഞ്ചിച്ച്‌ പണം കൈക്കലാക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസങ്ങളിലായി വെളിച്ചത്തു വന്നുകൊണ്ടിരിക്കുകയാണ്‌. നിയമസംവിധാനത്തിലെ പഴുതുകള്‍ ഉപയോഗിച്ചും വമ്പിച്ച പരസ്യങ്ങള്‍ നല്‍കിയുമാണ്‌ ഇവര്‍ പ്രവര്‍ത്തിക്കുന്നത്‌. നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗിന്റെ എല്ലാ രൂപങ്ങളെയും നിയന്ത്രിക്കാനാവശ്യമായ പഴുതടച്ച നിയമനിര്‍മാണത്തിന്‌ സര്‍ക്കാര്‍ സന്നദ്ധമാവണം. ഇത്തരം തട്ടിപ്പു കമ്പനികളുടെ പരസ്യങ്ങള്‍ നല്‍കുന്നതില്‍ നിന്ന്‌ മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണം. തട്ടിപ്പ്‌ നടത്തിയവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാറും സന്നദ്ധമാവണം- സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.
 
നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗിന്റെ ചതിക്കുഴികളെക്കുറിച്ച്‌ വളരെ നേരത്തെ തന്നെ ജമാഅത്തും പോഷക സംഘടനകളും ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചതാണ്‌. എന്നാല്‍, അധ്വാനിക്കാതെ എളുപ്പം പണം സമ്പാദിക്കണമെന്ന മോഹചിന്ത വീണ്ടും ജനങ്ങളെ ഇത്തരം ചതിക്കുഴികളില്‍ ചാടിക്കുകയാണ്‌. ഒന്നിന്‌ പിറകെ മറ്റൊന്നായി ഇത്തരം സംഘങ്ങള്‍ ഉയര്‍ന്നുവരികയും പൊളിയുകയും ചെയ്യുന്നത്‌ ഇതുകൊണ്ടാണ്‌. കേരളീയ സമൂഹത്തിന്റെ വലിയൊരു ദൗര്‍ബല്യവും രോഗവുമായി ഇത്‌ മാറിയിരിക്കുന്നു. അതിനാല്‍, ഇത്തരം സംഘങ്ങള്‍ക്കും ഈ സംസ്‌കാരത്തിനുമെതിരെ സാംസ്‌കാരികവും ജനകീയവും നിയമപരവുമായ ശക്തമായ മുന്നേറ്റം രൂപപ്പെടേണ്ടതുണ്ട്‌-സെക്രട്ടറിയറ്റ്‌ വിലയിരുത്തി.
 

2011 ജൂൺ 18, ശനിയാഴ്‌ച

'പുള്‍ യുവര്‍ പാന്റ്‌സ് അപ്'

ആ പാന്റ്‌സ് ഒന്ന് കയറ്റിയുടുക്കാമോ?
ജമീല്‍ അഹ്മദ്
 
അമേരിക്കയില്‍ നിന്നിതാ ഒരു നല്ലവാര്‍ത്ത. ഫ്‌ളോറിഡാ സ്റ്റേറ്റിലെ സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ അരമറയാത്ത പാന്റ്‌സ് ധരിച്ചുവരുന്നത് നിരോധിച്ചിരിക്കുന്നു. 228-ാം സെനറ്റു നിയമമായി അത് പാസാക്കിയെടുക്കുന്നതിനു മുമ്പേ പ്രസിഡന്റ് ഒബാമയുടെ ആഹ്വാനപ്രകാരം ആ ആവശ്യം മുന്‍നിറുത്തി ഒരു പ്രചാരണ കാമ്പയിനും സംഘടിപ്പിച്ചിരുന്നു. ആണ്‍കുട്ടികള്‍ ധരിക്കുന്ന അയഞ്ഞ പുതിയ പാന്റ്‌സുകള്‍ അടിവസ്ത്രവും പലപ്പോഴും നഗ്നശരീരവും പ്രദര്‍ശിപ്പിക്കുന്നുവെന്നതുകൊണ്ടാണ് അത് നിയമംമൂലം നിരോധിക്കേണ്ടിവന്നിരിക്കുന്നത്. 'പുള്‍ യുവര്‍ പാന്റ്‌സ് അപ്' എന്നാണ് നിയമത്തിന്റെ പേരുതന്നെ. 'കാലുറ ഒന്നു കയറ്റിയുടുക്കാമോ' എന്ന് മലയാളം. അത്രയും അലസമായും അശ്ലീലമായും കാലുറയണിയുന്ന ആണ്‍കുട്ടികളെക്കൊണ്ട് സ്‌കൂളുകള്‍ നിറയുന്നത് പെണ്‍കുട്ടികളില്‍ ലൈംഗിക പ്രലോഭനങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും സെനറ്റ് നിരീക്ഷിക്കുന്നുണ്ട്. കര്‍ശനമാണ് നിയമം. അനുസരിക്കാത്തവര്‍ക്ക് പാഠാനുബന്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റിനിറുത്തല്‍, മാതാപിതാക്കളെ ഹാജരാക്കല്‍ തുടങ്ങിയ ശിക്ഷകളും ബില്ലില്‍ നിര്‍ദേശിക്കുന്നു. ബില്ല് ഇതിനകം അമേരിക്കയില്‍ വലിയ വാഗ്വാദങ്ങളുണ്ടാക്കിക്കഴിഞ്ഞു, അതും നല്ലതുതന്നെ. പ്രസിഡന്റ് ഒബാമ തെരഞ്ഞെടുപ്പിനുമുമ്പ് പള്ളിയെയും പൗരന്മാരെയും മയക്കിയെടുക്കാന്‍ വേണ്ടതൊക്കെയും ചെയ്യുന്നുണ്ടെന്നര്‍ഥം.
 
നാട്ടിലെ എല്ലാ സ്‌കൂള്‍ പരിഷ്‌കാരങ്ങളുടെയും സൈദ്ധാന്തികവും പ്രായോഗികവുമായ മാതൃകകള്‍ക്കുവേണ്ടി പടിഞ്ഞാറിനെ ഖിബ്‌ലയാക്കിയ വിചക്ഷണന്മാര്‍ക്ക് ഈ വാര്‍ത്ത പുതുമയുറ്റതായിരിക്കും. പടിഞ്ഞാറന്‍ രാജ്യങ്ങളെ മാതൃകയാക്കി സാമൂഹിക വിശകലന പഠനസിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഇത്തരം അമേരിക്കന്‍ നിരോധനങ്ങളും അപ്പടി അനുകരിക്കേണ്ടതുണ്ട്. മാത്രമല്ല, ശരീരപ്രദര്‍ശനം ലൈംഗികാകര്‍ഷണത്തിന് നിമിത്തമാകുമെന്ന് ഇനിയും മനസ്സിലാകാത്തത് ഇവിടത്തെ ചില സ്ത്രീവാദികള്‍ക്കും കപടസദാചാരത്തിനെതിരെ വാളോങ്ങിനടക്കുന്ന ചില പുരുഷ സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കും മാത്രമാണ്. ഇത്രയും മുന്‍നിറുത്തി നമ്മുടെ നാട്ടിലെ ആണ്‍മക്കളുടെ പുതിയ വസ്ത്രധാരണ വഴക്കങ്ങളിലെ യൂറോപ്യന്‍ ഫാഷനുകളെ ആരു നിരോധിക്കും എന്നാണ് ഇപ്പോള്‍ ഉന്നയിക്കാവുന്ന ചോദ്യം. പെണ്‍കുട്ടികളുടെ ഉടുപ്പുകളില്‍ വ്യത്യസ്തമായ വെട്ടും തടവും വ്യാപകമാകുമ്പോളെല്ലാം ആണുടുപ്പുകള്‍ ഒരു പരിധിവരെ ആശങ്കകളെ തൊട്ടിരുന്നില്ല, ഈയടുത്ത കാലം വരെ. എന്നാല്‍, ഇന്ന് ആണ്‍കുട്ടികളുടെ ശരീരംകൂടി പ്രദര്‍ശനത്തിനൊരുക്കുന്ന പുതിയ വസ്ത്ര സംസ്‌കാരം വ്യാപിച്ചിരിക്കുന്നത് ഭയത്തോടെ കാണേണ്ടിയിരിക്കുന്നു.
 
ആധുനികോത്തര വിപണിയില്‍ ലൈംഗികതക്കുണ്ടായ പുതിയ ഡിമാന്റുകളാണ് പെണ്‍ശരീരത്തെപ്പോലെ ആണുടലിനെയും പ്രദര്‍ശനവസ്തുവും വില്‍പനച്ചരക്കുമാക്കിയത്. അതോടുകൂടി ആണിന്റെ ഫാഷന്‍ സാധ്യതകളും വര്‍ധിച്ചു. ഒരുകാലത്ത് ദൃശ്യമാധ്യമങ്ങളിലും തെരുവുബോര്‍ഡുകളിലും പെണ്ണിന്റെ മുടിയഴകും തൊലിയഴകും വര്‍ധിപ്പിക്കാനുള്ള ലേപനങ്ങളുടെ പരസ്യം മാത്രമായിരുന്നെങ്കില്‍ ഇന്ന് ആണിനു മാത്രമായി മുഖലേപനങ്ങളും മുടിക്കൊഴുപ്പുകളും വിപണിയില്‍ സുലഭമാണ്. ആണിന്റെ അര്‍ധനഗ്നപരസ്യങ്ങള്‍ അങ്ങാടിപ്പലകകളില്‍ നാണമില്ലാതെ നിരന്നു നില്‍ക്കുന്നത് കാഴ്ചയുടെ പുതിയ രസതന്ത്രങ്ങള്‍ വരുത്തിയ മാറ്റമാണ്. സിക്‌സ് പാക്ക്, മെട്രോമാന്‍, പ്ലേബോയ് തുടങ്ങിയ നവ സൂത്രവാക്യങ്ങള്‍ ആണ്‍ഫാഷന്‍ വ്യവഹാരങ്ങളില്‍ സാധാരണമായിരിക്കുന്നു.
 
ആണ്‍ വേഷത്തിന്റെ ആഗോളവല്‍ക്കരണമാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിലുണ്ടായ സാമ്രാജ്യത്വ - മുതലാളിത്ത മാര്‍ക്കറ്റിന്റെ പ്രധാന വിജയമേഖല. യൂറോപ്പിലെ കൗണ്ടികൗമാരത്തെ ചാനലിലും വീഡിയോ ആല്‍ബങ്ങളിലും കണ്ടനുകരിച്ച് നമ്മുടെ നാട്ടുമ്പുറത്തെ ചെക്കന്മാരും ഉടുക്കാന്‍ തുടങ്ങിയിരിക്കുന്നു. കഷ്ടിച്ച് ഉദരം മറയുന്ന ഇടുങ്ങിയ കുപ്പായവും (അതിന്റെ പേരുപോലും ഷോര്‍ട്ട് എന്നാണ്) തെരുവിലെ സകല മാലിന്യങ്ങളും അടിച്ചുവാരാന്‍ പാകത്തിലുള്ള അടിഭാഗത്തോടുകൂടിയ ഇടുങ്ങിയ പാന്റ്‌സും ധരിച്ച് ഫ്രീക് ഫാഷന്‍ താളത്തില്‍ അയഞ്ഞുനടക്കുന്ന നമ്മുടെ ആണ്‍കൗമാരങ്ങള്‍ ഈ വിപണിയുടെ പ്രിയപ്പെട്ട ഉപഭോക്താക്കളായിരിക്കുന്നു. അവര്‍, ഇതാ ഊരിപ്പോകുമെന്ന മട്ടിലുള്ള പാന്റ്‌സ് ധരിച്ച് ബസ്സില്‍ കൈയുയര്‍ത്തി കമ്പി പിടിക്കാനാകാതെ ഇളകിയിളകി നില്‍ക്കുന്നത് പലവിധ ബേജാറുകളോടെ നാം കണ്ടിരിക്കേണ്ടിവരുന്നു. ഒന്നു കുമ്പിട്ടാലും നിവര്‍ന്നു നിന്നാലും ശരീരത്തിന്റെ ഏതറ്റവും വെളിപ്പെടും. നേരെനിന്നാല്‍പോലും ആ ആണ്‍പിറന്നവന്മാരുടെ അടിവസ്ത്രത്തിന്റെ തലയെഴുത്ത് നമുക്ക് വായിക്കാന്‍ കഴിയും.
 
ആണ്‍കുട്ടികളുടെ വസ്ത്രത്തില്‍ മാത്രമല്ല മുഖം മിനുക്കുന്ന രീതിയില്‍, മുടി വെട്ടിയൊതുക്കുന്നതില്‍, കൈക്കാലുകള്‍ വെളിപ്പെടുത്തുന്നതില്‍, ആണവയവങ്ങളുടെ ഇറുക്കത്തില്‍ എല്ലാം പരാകര്‍ഷണത്തിന്റെയും പെണ്‍വേഷംകെട്ടലിന്റെയും അശ്ലീലസ്വഭാവം ഇന്നുണ്ട്. ഇതിന്റെ പ്രചാരണവും വിതരണവും നിര്‍വഹിക്കുന്നതില്‍ സിനിമകള്‍ക്കും പരസ്യങ്ങള്‍ക്കും നല്ല പങ്കുമുണ്ട്. ഒന്നുകില്‍ ഷണ്ഡരായ അല്ലെങ്കില്‍ സ്‌ത്രൈണമായ ഒരു ആണുടലാണ് ഇന്നത്തെ കൗമാരക്കാരുടെ സ്വപ്നശരീരം. ഈ ഷണ്ഡത്വം ശരീരത്തില്‍ മാത്രം ഒതുങ്ങുമോ? മനസ്സിലും ആശയത്തിലും നിലപാടിലും അത് അണുവികിരണംപോലെ തങ്ങിനില്‍ക്കുന്നില്ലേ? ഫാഷന്‍ സ്വഭാവങ്ങള്‍ മാറിവന്നേക്കാം എന്ന് സമാധാനപ്പെടാമോ, ഒരു തലമുറ മുഴുവന്‍ ഈ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്നത് നാം നോക്കിനില്‍ക്കേ? അമേരിക്കന്‍ സ്റ്റേറ്റിലെ സ്‌കൂളുകളിലെങ്കിലും 'ആ പാന്റ്‌സ്' ഒന്ന് കയറ്റിയുടുത്ത് അശ്ലീലപ്രദര്‍ശനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇവിടെ നാം ഇപ്പോഴും ആ വൈകൃതസ്വഭാവം ഹൃദയവേദനയോടെ സഹിക്കുന്നു.
 
പിന്‍വാതില്‍ - രണ്ട് കാര്യങ്ങള്‍ക്കൂടി പറയുന്നു.
 
ഒന്ന് - എങ്ങനെ നഗ്നത മറച്ച് ഉടുക്കണം എന്ന് നിര്‍ദേശിക്കുന്നത് തീവ്രവാദമാണെങ്കില്‍ ആ കുറ്റകൃത്യമിതാ അമേരിക്കയും ചെയ്തിരിക്കുന്നു. ഈ നിയമം വന്നത് പാകിസ്താനിലോ മറ്റേതെങ്കിലും മുസ്‌ലിം രാജ്യങ്ങളിലോ ആയിരുന്നെങ്കിലോ? പോകട്ടെ, നമ്മുടെ നാട്ടിലെ 'തീവ്രവാദത്തിന്റെ വിളനിലങ്ങളായ', അറബിപ്പേരുള്ള ഏതെങ്കിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നുവെങ്കിലോ? ഹാവൂ, സമുദായം തല്‍ക്കാലം രക്ഷപ്പെട്ടു.
 
രണ്ട് - പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ച് അമേരിക്കക്കുപോലുമില്ല പേടി. അതെത്രയും ചെറുതാകുന്നുവോ അത്രയും നല്ലത്, ആണിനും അങ്ങാടിക്കും. 
http://www.prabodhanam.net/detail.php?cid=198&tp=1

2011 ജൂൺ 17, വെള്ളിയാഴ്‌ച

അഹംഭാവം നടിക്കുന്ന മലയാളികള്‍

ബുദ്ധി ഉള്ളവര്‍ എന്ന് അഹംഭാവം നടിക്കുന്ന മലയാളികള്‍ എത്ര വിഡ്ഢികള്‍ എന്ന് മനസ്സിലാവണമെങ്കിള്‍ താഴെയുള്ളത് വായിക്കുക.
 
·         ലോകത്ത്‌ ഏറ്റവും കൂടുതല്‍ തട്ടിപ്പുകളില്‍ ചെന്ന് ചാടുന്നത് മലയാളികള്‍.
·         ലോകത്ത്ഏറ്റവും കൂടുതല്‍ പ്രമേഹം, ഹാര്‍ട്ട്‌ കംപ്ലൈന്റ്റ്‌ തുടങ്ങിയവ ജീവിത ശൈലീ രോഗങ്ങള്‍ ഉള്ളത് മലയാളികള്‍ക്ക്
·         ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം കുടിക്കുന്നത് മലയാളികള്‍.
·         ലോകത്ത്‌ ഏറ്റവും കൂടുതല്‍ പ്രകൃതിയെ സ്വന്തം താല്പര്യത്തിനു വേണ്ടി നശിപ്പിക്കുന്നത് മലയാളികള്‍.
·         ഏറ്റവും കൂടുതല്‍ അലസന്മാര്‍ (മടിയന്മാര്‍) മലയാളികള്‍.
·         ഏറ്റവും കൂടുതല്‍ പരസ്യങ്ങളില്‍ വീഴുന്നത് മലയാളികള്‍. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ ചാനലുകള്‍ മലയാളത്തില്‍ തന്നെ.
·         ഏറ്റവും കൂടുതല്‍ മനക്കോട്ട കെട്ടുന്നവര്‍ മലയാളികള്‍ അതുകൊണ്ട് തന്നെ നിരാശരും മനോരോഗി കളും കൂടുതല്‍ മലയാളികളില്‍.
·         നല്ല ഒരു നാളേക്ക് വേണ്ടി സ്വപ്നം കണ്ടു ഇന്നിന്റെ സുഖത്തെ വെടിഞ്ഞു ഗള്‍ഫില്‍ പോയി കഷ്ടപ്പെടുന്നവര്‍ കൂടുതല്‍ മലയാളികള്‍.
·         ഗള്‍ഫില്‍ നിന്ന് ജീവിതം കൊടുത്തു കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പൈസ നല്ല പോലെ വിനിയോഗിക്കാതെ ആഡംബരത്തിനു വേണ്ടി ചിലവാക്കുന്നവര്‍ കൂടുതല്‍ മലയാളികള്‍.
·         ഏറ്റവും കൂടുതല്‍ വിഘടിത ശക്തികള്‍ മലയാളികള്‍ക്കിടയില്‍.
·         അങ്ങിനെ അങ്ങിനെ നാം എല്ലാ കാര്യത്തിലും മുന്നിലാണ്.
 







2011 ജൂൺ 15, ബുധനാഴ്‌ച

സംവാദ സംസ്‌കാരം


അതിപ്രാചീന ചരിത്രാതീതകാലത്തും ഏതെങ്കിലും തരത്തിലുള്ള മതവിശ്വാസവും ദൈവാരാധനയും മനുഷ്യനുണ്ടായിരുന്നതായി തെളിവുകളുണ്ട്‌. നൂറ്റാണ്ടുകള്‍ കടന്ന്‌ യഹൂദ-ക്രൈസ്‌തവ-മുസ്‌ലിം മതങ്ങളുടെ കാലമായപ്പോഴേക്കും മതവിശ്വാസത്തിനും ഈശ്വരാരാധനക്കും വ്യക്തമായ രൂപവും ഭാവവും കൈവന്നു. ഓരോ മതത്തിനും അതിന്റേതായ വിശ്വാസ സിദ്ധാന്തങ്ങളും ആചാരാനുഷ്‌ഠാനങ്ങളും സാര്‍വത്രികമായി സ്വീകരിക്കപ്പെട്ടു.
സെമിറ്റിക്‌ മതങ്ങളായ യഹൂദ-ക്രൈസ്‌തവ -ഇസ്‌ലാം മതതത്ത്വങ്ങള്‍ക്ക്‌ പല കാര്യങ്ങളിലും ഉണ്ടായിരുന്ന അടുപ്പം അവ തമ്മിലുള്ള അകല്‍ച്ചക്കും കാരണമായി. ഓരോ മതസ്ഥരും മറ്റു മതസ്ഥരുടെ ആചാരക്രമങ്ങളില്‍ ബോധപൂര്‍വമായും അല്ലാതെയും ഇടപെടാന്‍ തുടങ്ങിയതോടു കൂടി മതസ്‌പര്‍ധയും മതവിരോധവും സാവധനത്തിലാണെങ്കിലും ഉടലെടുത്തു. അതില്‍ നിന്നുണ്ടാകുന്ന തീയും പുകയും ഇല്ലാതാക്കാന്‍ സമാധാനകാംക്ഷികളായ മനുഷ്യസ്‌നേഹികള്‍ ആശയവിനിയമങ്ങളിലൂടെയും സ്‌നേഹ സംവാദങ്ങളിലൂടെയും എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്‌. പരസ്‌പരമുള്ള ഗുണകാംക്ഷയായിരുന്നു അവര്‍ക്കതിനുണ്ടായ പ്രേരണ.
പ്രബല മതങ്ങളായ ക്രൈസ്‌തവരും മുസ്‌ലിംകളും തമ്മിലുള്ള നിഴല്‍ യുദ്ധങ്ങളും പോര്‍വിളികളും ഇന്ന്‌ ലോകത്തിന്റെ സൈ്വരജീവിതത്തിന്‌ ഭീഷണിയാവുകയാണ്‌. ഇരു മതസ്ഥരുടെയും ഉള്ളില്‍ തിങ്ങിഞ്ഞെരുങ്ങി അമര്‍ന്നുകൂടുന്ന വിദ്വേഷ മര്‍ദം തടഞ്ഞുനിര്‍ത്തുന്ന ലോലമായ പുറംഭിത്തി ഭേദിച്ച്‌ ഉഗ്രമായ ഒരു സ്‌ഫോടനം ലോകവ്യാപകമായി ഉണ്ടായേക്കുമോ എന്ന ഭയാശങ്കകള്‍ പ്രകടിപ്പിക്കുന്നവരാണ്‌ സമചിത്തതയോടെ ചിന്തിക്കുന്ന പലരും.
മതവിദ്വേഷത്തിന്റെ അനന്തരഫലമെന്ന നിലയിലും മത സഹിഷ്‌ണുതയുടെ കുറവെന്ന നിലയിലും സംഭവിക്കാവുന്ന ആ പൊട്ടിത്തെറി ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ കഴിവുള്ളവരുടെ ഭാഗത്തുനിന്ന്‌ ആത്മാര്‍ഥമായും നിസ്വാര്‍ഥമായും ആരംഭിക്കുന്നതിനുള്ള സമയം ഇനിയും വൈകിപ്പോയിട്ടില്ല. കാലങ്ങളായി മനസ്സില്‍ കട്ടപിടിച്ചു കിടക്കുന്ന വെറുപ്പും വിദ്വേഷവും ഹൃദയത്തില്‍ നിന്ന്‌ വേണം ആദ്യം നീക്കക്കളയാന്‍. ശത്രുതാ മനോഭാവത്തിന്റെ അന്ധകാരത്തിനു പകരം സ്‌നേഹത്തിന്റെ വെളിച്ചവും പ്രകാശവും കടന്നുചെല്ലണം. ആരും ആരെയും ആക്രമിക്കാനോ കൊല്ലാനോ വാളോങ്ങി എങ്ങും ഒളിച്ചു നില്‍ക്കുന്നില്ലെന്ന്‌ ബോധ്യം വരണം. സംശയം പാടെ നീങ്ങണം. പരസ്‌പര ധാരണ ശക്തിപ്പെടുത്തുന്നതിനും അടുപ്പം വര്‍ധിപ്പിക്കുന്നതിനും സഹായകമായ ചര്‍ച്ചകളും സംവാദങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതാണ്‌. മറുഭാഗത്തെ പരാജയപ്പെടുത്തുകയല്ല സത്യം പരസ്‌പരം ബോധ്യപ്പെടുത്തുകയാവണം ലക്ഷ്യം. പ്രതിപക്ഷ ബഹുമാനവും മാന്യതയും നഷ്‌ടപ്പെടുത്താത്ത രീതിയിലായിരിക്കണം വിഷയം അവതരിപ്പിക്കുന്നതും ചര്‍ച്ച മുന്നോട്ട്‌ നയിക്കുന്നതും. ഇരു ഭാഗവും തമ്മിലുള്ള സ്‌നേഹഭാവം സംവാദത്തിന്റെ ആദ്യാവസാനം നിലനില്‍ക്കുന്നതിന്‌ പ്രത്യേകം ശ്രദ്ധ വെക്കേണ്ടതുണ്ട്‌. അന്യോന്യം വാങ്ങുകയും കൊടുക്കുകയും വേണം.വിട്ടുവീഴ്‌ചയോടെയുള്ള സമീപനം ഉണ്ടെങ്കിലേ സംവാദം മുന്നോട്ടുപോകൂ. ഞാന്‍ പറയുന്നത്‌ ശരി, അതു മാത്രം മതി എന്ന മനഃസ്ഥിതി ഉണ്ടായിക്കൂടാ.
യഥാര്‍ഥമായ മതവിജ്ഞാനം മനുഷ്യനും മനുഷ്യനും തമ്മില്‍ കൂടുതല്‍ അറിയുന്നതിനും അടുക്കുന്നതിനും സഹായിക്കുന്നു, പരസ്‌പരം പൊരുതാനും പോരടിക്കാനുമല്ല മതം പഠിപ്പിക്കുന്നത്‌. മറിച്ച്‌ സ്‌നേഹിക്കാനും സഹായിക്കാനുമാണ്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``മനുഷ്യരേ, ഒരാണില്‍നിന്നും ഒരു പെണ്ണില്‍ നിന്നുമാണ്‌ നിങ്ങളെ നാം സൃഷ്‌ടിച്ചത്‌. അന്യോന്യം തിരിച്ചറിയാനാണ്‌ നിങ്ങളെ വിവിധ ഗോത്രങ്ങളും വര്‍ഗങ്ങളും ആക്കിയത്‌. നിങ്ങളില്‍ കൂടുതല്‍ ഭക്തിയുള്ളവനാണ്‌ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നന്നായി ആദരിക്കപ്പെടുന്നവന്‍. അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു'' (49:13).
അല്ലാഹു വീണ്ടും പറയുന്നു: ``ജനങ്ങളേ, ഒരൊറ്റ ആത്മാവില്‍നിന്ന്‌ നിങ്ങളെ സൃഷ്‌ടിച്ച അല്ലാഹുവിനോട്‌ ഭക്തിയുള്ളവരാകുവിന്‍. അതേ ആത്മാവില്‍നിന്ന്‌ അതിന്റെ ഇണയെയും സൃഷ്‌ടിച്ച്‌ അവ രണ്ടില്‍നിന്നുമായി ധാരാളം സ്‌ത്രീ-പുരുഷന്മാരെ ലോകത്ത്‌ പരത്തുകയും ചെയ്‌ത നിങ്ങളുടെ രക്ഷിതാവിനോട്‌ ഭക്തിയുള്ളവരാകുവിന്‍. ആരുടെ പേരില്‍ നിങ്ങള്‍ പരസ്‌പരം അവകാശം ചോദിച്ചുകൊണ്ടിരുന്നുവോ ആ അല്ലാഹുവിനെ ഭയപ്പെടുവിന്‍; രക്തബന്ധങ്ങളെ കാത്തുസൂക്ഷിക്കുവിന്‍. നിശ്ചയം, അല്ലാഹു നിങ്ങളെ സദാ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നു'' (4:1).
ഖുര്‍ആന്‍ പ്രസ്‌താവനകളോട്‌ യോജിച്ചുകൊണ്ട്‌ ബൈബിള്‍ ഇങ്ങനെ പറഞ്ഞു: ``അതുകൊണ്ട്‌ ദൈവമായ കര്‍ത്താവ്‌ മനുഷ്യനെ ഗാഢ നിദ്രയിലാഴ്‌ത്തി, ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളില്‍ ഒന്ന്‌ എടുത്തതിനു ശേഷം അവിടം മാംസം കൊണ്ട്‌ മൂടി. മനുഷ്യനില്‍ നിന്ന്‌ എടുത്ത വാരിയെല്ലുകൊണ്ട്‌ അവിടുന്ന്‌ ഒരു സ്‌ത്രീക്ക്‌ രൂപം കൊടുത്തു. അവളെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവും. നരനില്‍നിന്ന്‌ എടുക്കപ്പെട്ടതുകൊണ്ട്‌ നാരിയെന്ന്‌ ഇവള്‍ വിളിക്കപ്പെടും. അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട്‌ ഭാര്യയോട്‌ ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും'' (ഉല്‍പത്തി 2:21-24).
ഭൂമിയിലുള്ള മുഴുവന്‍ മനുഷ്യരുടെയും പൊതുസ്വഭാവം വിവരിച്ചുകൊണ്ട്‌ അവരെ ചിന്തിപ്പിക്കുന്നതിനു വേണ്ടി ഏറ്റവും നിസ്സാരാവസ്ഥയില്‍ നിന്നുള്ള അവന്റെ വളര്‍ച്ചയും ഭാവിയിലെ അനിവാര്യമായ തിരിച്ചുപോക്കും ഖുര്‍ആന്‍ തന്മയത്വത്തോടെ കൃത്യമായി വിവരിക്കുന്നു: ``മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ച്‌ ഇനിയും നിങ്ങള്‍ക്ക്‌ സംശയമാണോ? എങ്കില്‍, ആദ്യം മണ്ണില്‍ നിന്നും പിന്നെ ബീജത്തില്‍ നിന്നും എന്നിട്ട്‌ രക്തകട്ടയില്‍ നിന്നും അതു കഴിഞ്ഞ്‌ രൂപമുള്ളതും ഇല്ലാത്തതുമായ മാംസക്കട്ടയില്‍നിന്നും നാമാണ്‌ നിങ്ങളെ സൃഷ്‌ടിച്ചത്‌. കാര്യങ്ങള്‍ നിങ്ങളറിയാന്‍ വേണ്ടിയാണ്‌ ഇങ്ങനെ വിശദീകരിക്കുന്നത്‌. നാമുദ്ദേശിക്കുന്നവയെ ഗര്‍ഭാശയങ്ങളില്‍ ഒരു നിശ്ചിത കാലം വരെ താമസിപ്പിക്കുന്നു. അതിനു ശേഷം ശിശുക്കളായി നിങ്ങള്‍ പുറത്തുവരുന്നു. പിന്നെ നിങ്ങള്‍ക്ക്‌ പ്രായപൂര്‍ത്തിയെത്തുന്നു. എന്നാല്‍, ചിലര്‍ നേരത്തെ മരിച്ചുപോകുന്നു. വേറെ ചിലരാകട്ടെ പടു വാര്‍ധക്യത്തിലേക്ക്‌ തള്ളപ്പെടുന്നു. എല്ലാം അറിഞ്ഞ ശേഷം യാതൊന്നും അറിയാത്തവരായി അങ്ങനെയവര്‍ മാറുന്നു.
ഭൂമി വരണ്ടു കിടക്കുന്നതു നിനക്ക്‌ കാണാം, നാം മഴ പെയ്യിക്കുമ്പോള്‍ അത്‌ ഉണരുകയും വികസിക്കുകയും കൗതുകമുള്ള പലതരം സസ്യങ്ങള്‍ മുളപ്പിക്കുകയും ചെയ്യുന്നു.
മരിച്ചുപോയവരെ ജീവിപ്പിക്കുന്നവനും എല്ലാത്തിനും കഴിവുള്ളവനുമായ അല്ലാഹുവാണ്‌ പരമമായ സത്യം. അന്ത്യനാള്‍ വന്നെത്തുമെന്നതിലും കുഴിമാടങ്ങളില്‍ കിടക്കുന്നവരെ അല്ലാഹു എഴുന്നേല്‍പിക്കുമെന്നതിലും യാതൊരു സംശയവുമില്ല'' (22:5-7).
വളരെ ഹ്രസ്വമായ കാലത്തേക്കു മാത്രമുള്ള ഈ ജീവിതം വെറുപ്പും വിദ്വേഷവും നിറഞ്ഞ മത്സരത്തില്‍ കൂടി നശിപ്പിക്കാനുള്ളതല്ലെന്നും സഹജീവികള്‍ക്കു നന്മ ചെയ്‌തും നന്മ തിരിച്ചുവാങ്ങിയും സ്‌നേഹത്തിലും സൗഹൃദത്തിലും ജീവിക്കണമെന്നുമാണ്‌ ഖുര്‍ആന്റെ ആഹ്വാനം. അതിലേക്ക്‌ തന്നെയാണ്‌ ബൈബിളിന്റെ വിളിയും. രണ്ട്‌ ഗ്രന്ഥങ്ങളും കാണിക്കുന്ന വഴി ഒന്നുതന്നെ.
ക്രൈസ്‌തവരും മുസ്‌ലിംകളും തമ്മില്‍ പല കാര്യങ്ങളിലും വലുതായ അടുപ്പമുണ്ടെങ്കിലും കാലപ്പഴക്കം കൊണ്ട്‌ വിശ്വാസകാര്യങ്ങളില്‍ പ്രവാചകന്മാര്‍ കാണിച്ചതും പഠിപ്പിച്ചതുമായ ദൈവിക മാര്‍ഗത്തില്‍ നിന്ന്‌ ക്രൈസ്‌തവര്‍ ഏറെ അകന്നുപോകാനിടയായി. ഏകദൈവവിശ്വാസത്തിന്റെ കാര്യത്തിലും ഈ മാറ്റം സംഭവിച്ചതിനാല്‍ അവരെ ഇസ്‌ലാമിലേക്ക്‌ തിരിച്ചുകൊണ്ടുവരുന്നതിന്‌ ക്ഷണിക്കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്കുണ്ട്‌. നബി ആ ചുമതല പരമാവധി നിര്‍വഹിക്കുകയും ഖുര്‍ആന്‍ ഇപ്പോഴും അത്‌ തുടരുകയും ആണെന്ന്‌ കാണാം. എന്നാല്‍ വളരെ കരുതലോടെയും ബുദ്ധിപൂര്‍വകവും ആയിരിക്കേണ്ടതാണ്‌ ആ പ്രക്രിയ എന്ന ബോധം എപ്പോഴും വേണം നല്ല പോലെ.
ഖുര്‍ആന്‍ തന്നെ അത്‌ പറയുന്നു: ``വേദക്കാരോട്‌ ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്‌- അവരില്‍ നിന്ന്‌ അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്‌) പറയുക: ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന്‌ കീഴ്‌പ്പെട്ടവരുമാകുന്നു'' (29:46).
``തത്ത്വദീക്ഷയോടും സദുപദേശത്തോടും കൂടി നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക്‌ ക്ഷണിക്കുക. ഏറ്റവും നല്ല നിലയില്‍ നീ അവരോട്‌ സംവദിക്കുകയും ചെയ്യുക. ദൈവമാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിച്ചവരെ നിന്റെ നാഥന്‌ നന്നായി അറിയാം. സന്മാര്‍ഗം പ്രാപിച്ചവരെയും അവനറിയാം'' (16:125).
ഇസ്രയേല്‍ക്കാരെയും ക്രൈസ്‌തവരെയും പ്രത്യേകമായി അഭിസംബോധന ചെയ്‌ത്‌ ഖുര്‍ആനില്‍ അല്ലാഹു ഇങ്ങനെ വിളിക്കുന്നു: ``വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന്‌ നിങ്ങള്‍ മറച്ചുവെച്ചിരുന്ന ഒത്തിരി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്‌, നമ്മുടെ ദൂതനിതാ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്‌ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ വേദവും വന്നെത്തിയിരിക്കുന്നു.
തന്റെ തൃപ്‌തി തേടിയവരെ അല്ലാഹു വേദം വഴി സമാധാനത്തിന്റെ പാതയിലേക്ക്‌ നയിക്കുന്നു. തന്റെ ഹിതത്താല്‍, അവരെ ഇരുളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരുന്നു. നേരായ വഴിയിലൂടെ നയിക്കുകയും ചെയ്യുന്നു'' (5:15,16).
അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കികൊണ്ട്‌ ആ മാര്‍ഗം സ്വീകരിക്കുന്നവര്‍ക്കായി അല്ലാഹു വെച്ചു നീട്ടുന്ന വാഗ്‌ദാനം അതിമഹത്തും വിലമതിക്കാനാവാത്തതുമാണ്‌. അതിങ്ങനെ: ``സത്യവിശ്വാസം സ്വീകരിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട്‌ ഭക്തിയുള്ളവരാവുക. അവന്റെ ദൂതനില്‍ വിശ്വസിക്കുക. എങ്കില്‍ തന്റെ അനുഗ്രഹത്തില്‍നിന്ന്‌ നിങ്ങള്‍ക്കവന്‍ രണ്ട്‌ ഓഹരി നല്‍കും. നിങ്ങള്‍ക്ക്‌ നടക്കാനാവശ്യമായ വെളിച്ചം സമ്മാനിക്കും. നിങ്ങള്‍ക്ക്‌ മാപ്പേകും. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ'' (57:28).
ഇസ്‌ലാം എന്നാല്‍ എന്താണെന്നതിനെപ്പറ്റി അധികം പേര്‍ക്കുമില്ല ശരിയായ ഒരവബോധം. മുസ്‌ലിംകള്‍ പോലും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലാത്തതാണ്‌ ആ പദമെന്നുള്ളതാണ്‌ ഏറെ ഖേദകരം. മുസ്‌ലിം പേരുള്ളവരെല്ലാം മുസ്‌ലിംകള്‍ എന്നാണ്‌ ഇന്നത്തെ പൊതുവായ ധാരണ. വിശുദ്ധ ഖുര്‍ആന്റെ വിവക്ഷയും വിശദീകരണവും വെച്ചു നോക്കുമ്പോള്‍ യഥാര്‍ഥ മുസ്‌ലിംകള്‍ ലോകത്താകമാനം തന്നെ തീരെ വിരളം എന്നാണ്‌ അവസ്ഥ. അല്ലാഹുവിന്‌ പൂര്‍ണമായി വഴങ്ങി അവന്റെ കല്‍പനകള്‍ പാലിച്ച്‌ അവനു മാത്രം കീഴ്‌പ്പെട്ട്‌ അവനെ മാത്രം ആരാധിച്ച്‌ അവനോട്‌ മാത്രം പ്രാര്‍ഥിക്കുന്നവരുടെ മതമാണ്‌ ഇസ്‌ലാം. അങ്ങനെ ചെയ്യുന്നവരാണ്‌, അവര്‍ മാത്രമാണ്‌ മുസ്‌ലിംകള്‍. അതുകൊണ്ടാണ്‌ ഓരോ നേരത്തെ പ്രാര്‍ഥനാ നമസ്‌കാരങ്ങളിലും ഈ അര്‍ഥത്തിലുള്ള സത്യപ്രസ്‌താവന മുസ്‌ലിംകള്‍ ആവര്‍ത്തിക്കുന്നത്‌. ഇസ്‌ലാം എന്ന വാക്കിന്‌ സമാധാനം എന്നുമുണ്ട്‌ അര്‍ഥം.
ഖുര്‍ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു: ``നിങ്ങള്‍ പ്രഖ്യാപിക്കുക: അല്ലാഹുവിലും ഞങ്ങള്‍ക്കവതരിച്ചു കിട്ടിയ പ്രബോധനത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു; ഇബ്‌റാഹീമിനും ഇസ്‌മാഈലിനും ഇസ്‌ഹാഖിനും യഅ്‌ഖൂബിനും സന്തതികള്‍ക്കും മൂസക്കും ഈസ(യേശു)ക്കും മറ്റു പ്രവാചകന്മാര്‍ക്കും സ്വന്തം നാഥനില്‍ നിന്ന്‌ അവതരിച്ചു കിട്ടിയതിലും വിശ്വസിക്കുന്നു ഞങ്ങള്‍. അവരിലാര്‍ക്കും ഒരു വ്യത്യാസവും ഞങ്ങള്‍ കല്‌പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന്‌ കീഴ്‌പ്പെട്ടവരാണ്‌''(2:136).
``ചോദിക്കുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട്‌ തര്‍ക്കിക്കുകയാണോ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും നാഥനല്ലോ. ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ കര്‍മഫലം. നിങ്ങള്‍ക്ക്‌ നിങ്ങളുടേതും. ഞങ്ങള്‍ ആത്മാര്‍ഥമായും അവന്‌ മാത്രം കീഴൊതുങ്ങിക്കഴിയുന്നവരാണ്‌'' (2:139).
യഹൂദ-ക്രൈസ്‌തവ മതങ്ങളെ സംബന്ധിച്ചുമുണ്ട്‌ ഇതുപോലെ അബദ്ധ ധാരണ. പ്രവാചകന്മാരായ അബ്രഹാം (ഇബ്‌റാഹീം നബി), ഇസ്‌മായേല്‍, ഇസ്‌ഹാഖ്‌, യാക്കോബ്‌ (യഅ്‌ഖൂബ്‌), അദ്ദേഹത്തിന്റെ സന്തതികള്‍ എന്നിവര്‍ യഹൂദരോ ക്രൈസ്‌തവരോ ആയിരുന്നില്ലെന്ന്‌ ഖുര്‍ആന്‍ പറയുന്നു: ``ഇബ്‌റാഹീമും ഇസ്‌മാഈലും ഇസ്‌ഹാഖും യഅ്‌ഖൂബും അദ്ദേഹത്തിന്റെ സന്താനങ്ങളും ജൂതരോ ക്രിസ്‌ത്യാനികളോ ആയിരുന്നുവെന്നാണോ നിങ്ങള്‍ വാദിക്കുന്നത്‌? ചോദിക്കുക: നിങ്ങളാണോ ഏറ്റവും നന്നായി അറിയുന്നവര്‍? അതോ അല്ലാഹുവോ? അല്ലാഹുവില്‍ നിന്നു വന്നെത്തിയ തന്റെ വശമുള്ള സാക്ഷ്യം മറച്ചുവെക്കുന്നവനേക്കാള്‍ വലിയ അക്രമി ആരുണ്ട്‌? നിങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഒട്ടും അശ്രദ്ധനല്ല അല്ലാഹു'' (2:140).

2011 ജൂൺ 14, ചൊവ്വാഴ്ച

വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്‌ലാമിയും !


വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച പല ചോദ്യങ്ങളും ഉന്നയിക്കപ്പെടുകയുണ്ടായി. ഇത് ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു രാഷ്ട്രീയ വിംഗാണോ എന്നാണ് ചിലരുടെ സംശയം. ഈ പാര്‍ട്ടിയുടെ രൂപീകരണത്തോടെ ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ ലക്ഷ്യത്തില്‍നിന്ന് വഴിമാറിയിരിക്കുന്നു എന്നാണ് ചിലരുടെ ധാരണ.
 
ഇത് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയല്ല. മറിച്ച്, ജമാഅത്തെ ഇസ്‌ലാമിയുടെ ആശീര്‍വാദത്തിലും പരിശ്രമത്തിലും നിലവില്‍ വന്ന സ്വതന്ത്ര രാഷ്ട്രീയ കൂട്ടായ്മയാണ്. ആ പാര്‍ട്ടിക്ക് അതിന്റേതായ ലക്ഷ്യങ്ങളുണ്ട്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പരിരക്ഷ, സാധാരണ മനുഷ്യരുടെ ജീവിത രക്ഷയും സുരക്ഷിതത്വവും, സര്‍വ ജനങ്ങള്‍ക്കും സാമൂഹിക നീതി തുടങ്ങിയവക്ക് വേണ്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി നിലവില്‍ വന്നത്. ഈ ലക്ഷ്യങ്ങളോട് ഐക്യപ്പെടാന്‍ തയാറുള്ള രാജ്യനിവാസികളില്‍ ആര്‍ക്കും ഇതിന്റെ ഭാഗമാകാം. പ്രവര്‍ത്തനങ്ങളില്‍ ഈ പാര്‍ട്ടി സ്വതന്ത്രമായിരിക്കും. അതിന്റെ ക്രിയാത്മകമായ ഏത് ചുവടുവെപ്പുകളെയും ജമാഅത്തെ ഇസ്‌ലാമി പിന്തുണക്കും.
 
അതേസമയം ജമാഅത്തെ ഇസ്‌ലാമി അതിന്റെ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിച്ചു എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ അപക്വമാണ്. ഇസ്‌ലാമിനെ സര്‍വ മനുഷ്യരുടെയും സമൂഹത്തിന്റെയും രക്ഷാ മാര്‍ഗമായി ആശയപരമായും പ്രായോഗികമായും സമാധാനപരമായും അവതരിപ്പിക്കുക എന്ന ദൗത്യവു
മായി പ്രസ്ഥാനം ഇനിയും മുന്നോട്ട് പോവുക തന്നെ ചെയ്യും.

ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി    --ജമാഅത്തെ ഇസ്‌ലാമിയുടെ അമീര്‍

2011 ജൂൺ 11, ശനിയാഴ്‌ച

തെരഞ്ഞു തെരഞ്ഞു മടുത്തു മാഷേ...


ജമീല്‍ അഹ്മദ്
 
ഉച്ചയൂണിന് പുറത്തിറങ്ങാനൊരുമ്പോഴാണ് ഉറക്കെ സലാം പറഞ്ഞുകൊണ്ട് അദ്ദേഹം, മലയാളം ഡിപ്പാര്‍ട്ടുമെന്റിലേക്ക് കയറിവന്നത്. ആള്‍ നാട്ടില്‍ സ്വീകാര്യന്‍,  പ്രൈമറി സ്‌കൂള്‍ അധ്യപകനായി വിരമിച്ച് അഞ്ചാറു വര്‍ഷങ്ങളായി. സഹൃദയന്‍. അര്‍ഹിക്കുന്ന ആദരവോടെ ഞാന്‍ സ്വീകരിച്ചു. ബന്ധുക്കളുടെ സര്‍ട്ടിഫിക്കറ്റിനോ മറ്റോ ആയിരിക്കുമെന്ന് ഊഹിച്ച് വേണ്ട സഹായം ആവശ്യപ്പെട്ടു. അതൊന്നുമല്ല, കാര്യം പെണ്ണുകാണലാണ്. മകനുവേണ്ടിയാണ്. രണ്ടാണ്‍മക്കളില്‍ ഒരാളുടെ കല്യാണം ഉറപ്പിച്ചുകഴിഞ്ഞു. അടുത്തയാള്‍ക്കുവേണ്ടി യുദ്ധകാലാടിസ്ഥാനത്തില്‍ തെരഞ്ഞുകൊണ്ടിരിക്കുന്നു. എണ്‍പതു ശതമാനത്തിലധികം പെണ്‍കുട്ടികളുള്ള ഈ സര്‍ക്കാര്‍ കലാലയത്തില്‍ സെലക്ഷന്‍ മോശമാവില്ലല്ലോ. എന്റെ ഉള്ളൊന്നു കറുത്തു. പിന്നെയാണറിഞ്ഞത്, ഈയിടെ ജോയിന്‍ചെയ്ത ഗസ്റ്റ് ലക്ചറര്‍ പെണ്‍കുട്ടിയാണ് ഇരയെന്ന്.
 
''മകന്‍ വന്നില്ലേ?''
 
''ഇല്ല, ഞാന്‍ കണ്ടിട്ട് ഓകെയായിട്ടു മതിയല്ലോ അവന്റെ കാണല്‍''
 
''എന്നിട്ട് ഓകെയാണോ?''
 
''അത് വേണ്ടത്ര പോര'' നിരാശയുടെ ഭാരം കനത്ത മറുപടി. എന്നും രാവിലെ പ്രസരിപ്പോടെ കോണികയറിപ്പോകുന്ന ആ പുതുടീച്ചറുടെ ശാലീനമായ മുഖം പെട്ടെന്ന് ഓര്‍മവന്നു.
 
ഞാന്‍ പതുക്കെ മൂപ്പരെയും കൊണ്ട് പുറത്തിറങ്ങി. മകനു പെണ്ണു തെരയുന്ന ഒരു വാപ്പയുടെ ആശങ്കകളുടെ ഒരു വലിയ കെട്ട് അദ്ദേഹം എന്റെ മുമ്പില്‍ അഴിച്ചുനിരത്തി. ഈ കുറിപ്പില്‍ ഇനി നല്‍കുന്നതു മുഴുവന്‍ അതില്‍നിന്ന് തെരഞ്ഞെടുത്ത ചില ആശങ്കകളാണ്. ഇടക്കിടക്ക് ബ്രാക്കറ്റില്‍ വരുന്നതുമാത്രം ഞാന്‍.
 
'അത്യാവശ്യം വിദ്യാഭ്യാസവും കാണാന്‍ സൗന്ദര്യവും സാമാന്യം വകകളുമുള്ള ഒരു പെണ്‍കുട്ടിയെ വേണം. മകന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഈയിടെ കയറി. അതിനു യോജിച്ച നിലവാരം വേണ്ടേ. പി.ജിയൊക്കെ കഴിഞ്ഞ കുട്ടികളില്‍ കാണാന്‍ ഇത്തിരി ചൊറുക്കുള്ള ഒന്നുപോലും ഇല്ലാത്തതിന്റെ കഷ്ടപ്പാട് ചില്ലറയല്ല. പ്ലസ്റ്റൂ വരെ പഠിച്ച കുറേ കുട്ടികളുണ്ട്. നല്ല സൗന്ദര്യമുള്ള കുട്ടികള്‍. അപ്പോ വിദ്യാഭ്യാസം വേണ്ടെന്നുവെക്കണം (സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ച് ബോധവാന്മാരായ നാമെങ്ങനെ ആ കടുംകൈ ചെയ്യും). വിദ്യാഭ്യാസം നിര്‍ബന്ധമാണെങ്കില്‍ സൗന്ദര്യം വേണ്ടെന്നു വെക്കണം. പിന്നെ ഉണ്ട്, എം.ബി.ബി.എസ്സിനും എഞ്ചിനീയറിംഗിനും ഒക്കെ വലിയ നിലയില്‍ പഠിക്കുന്ന സുന്ദരിക്കുട്ടികള്‍. പക്ഷേ അതൊക്കെ നമ്മള്‍ക്ക് പറ്റുമോ (മകന്റെ തൊഴില്‍ഗ്രേഡ് അല്‍പം താഴെയല്ലേ. ഡോക്ടറെ കെട്ടിയാല്‍ അവളങ്ങുകേറി അവനെ ഭരിച്ചു കളഞ്ഞാലോ. പിന്നെ 'ഓനെ കാണാന്‍ ഞമ്മളൊക്കെ മാതിരിത്തന്നെ'യാണുതാനും). അത്യാവശ്യം പി.ജിയും ബി.എഡും മതി. സാമ്പത്തികം പിന്നെം അഡ്ജസ്റ്റു ചെയ്യാം. (സ്ത്രീധനം ശമ്പളമായി മാസ്സാമ്മാസം വീട്ടിലെത്തുമല്ലോ. ഒന്നു നിറുത്തി അദ്ദേഹം എന്റെ ശമ്പളക്കാര്യങ്ങള്‍ അന്വേഷിച്ചു. അതിനെ ഗസ്റ്റ് ലക്ചറുടെ വരുമാനവുമായി ഒന്നു താരതമ്യം ചെയ്തു).
 
'കുറേ അന്വേഷിച്ചു. പറഞ്ഞിട്ടെന്താ, വിദ്യാഭ്യാസമുള്ള ധാരാളം കുട്ടികളുണ്ട് പക്ഷേ ഒക്കെ 'തെരവാ' (ഇതൊരു മാപ്പിളവാക്കാണ്. എല്ലാ സെലക്ഷനും കഴിഞ്ഞ് ബാക്കിയായത് എന്നര്‍ഥം. നാല്‍പത്തഞ്ചിലധികം വീട്ടില്‍ പോയി സര്‍ബത്ത് കുടിച്ച് അവസാനം ആദ്യം കണ്ട പെണ്ണിനെക്കാള്‍ 'മാറ്റ്' കുറഞ്ഞ കുട്ടിയെ പൊരുത്തപ്പെട്ട  സുഹൃത്തും എനിക്കുണ്ട്).
 
തുടര്‍ന്നദ്ദേഹം പറഞ്ഞ ഒരുപമ എന്നെ ഞെട്ടിച്ചുകളഞ്ഞു.
 
'പണ്ടാരോ പറഞ്ഞതുപോലെ, വാഴക്കുലകൃഷി മാതിരിയാണ് ഇന്ന് പെണ്‍കുട്ടികള്‍. കുല പാകമായാല്‍ ആദ്യം ഒരു വെട്ടുവെട്ടും. ആ വെട്ടിന് നല്ല കുലകളൊക്കെ അങ്ങ് പോകും. അതിന് ധാരാളം ആവശ്യക്കാരുമുണ്ടാകും. (പത്താംതരം കഴിഞ്ഞാണ് ആ വിളവെടുപ്പ്. ഗള്‍ഫില്‍നിന്ന് ലീവിനുവന്ന ചെക്കന്മാര്‍ക്ക് വിദ്യാഭ്യാസം വേണ്ട. കൊണ്ടുനടക്കാനുള്ള 'വോള്‍ട്ടേജ്' മതി. ഗള്‍ഫില്‍ കല്യാണത്തിന്റെ വീഡിയോ സഹമുറിയന്മാരെ കാണിക്കുമ്പോള്‍ തന്റെ സെലക്ഷനെക്കുറിച്ച് കമന്റുകേള്‍ക്കരുതല്ലോ). ബാക്കിവരുന്ന കുട്ടികളെ പ്ലസ്റ്റുവിന് 'പഠിപ്പിക്കും'. അതുകഴിഞ്ഞാലും നടക്കും ഒരു വെട്ട്. അതിലും ബാക്കിയായവര്‍ കോളേജില്‍ കയറും. ഡിഗ്രി കഴിഞ്ഞാല്‍ വീണ്ടും തെരവ്. പി.ജിയും ബി.എഡും കഴിയുമ്പോഴേക്ക് വെട്ടിവെട്ടി ബാക്കിയായ കുറേ പടുകുലകളേ കാണൂ.'
 
'തെരഞ്ഞുതെരഞ്ഞു മടുത്തു മാഷേ.'
 
സാത്വികനും നിഷ്‌കളങ്കനുമായ ആ മനുഷ്യന്‍ ബസ്സുകയറിപ്പോയിട്ടും എന്റെ മനസ്സില്‍നിന്ന് ആ വാഴക്കുലകളുടെ ഉപമ വെട്ടിപ്പോയില്ല. ഇത്രകാലം വായിക്കുകയും പഠിക്കുകയും ചെയ്ത സാഹിത്യത്തില്‍നിന്ന് ഒരു ഉപമയും എന്നെ ഇത്രയധികം അസ്വസ്ഥനാക്കിയിട്ടില്ല.
 
ജീവിതത്തിന്റെ കണ്ണീര്‍ പാടത്ത് ഒടിഞ്ഞും വീണും കിടക്കുന്ന മോഹങ്ങള്‍ക്കിടയില്‍ വെട്ടിക്കൊണ്ടുപോകാന്‍ ആളില്ലാതെ ഭാരം തൂങ്ങിനില്‍ക്കുന്ന കുറെ പെണ്‍കുട്ടികള്‍... അല്ല, കുട്ടിപ്രായം വിട്ട സ്ത്രീകള്‍ എന്റെ മനസ്സിലൂടെ അലറിവിളിച്ച് നടന്നു. ഇത്രകാലം അമര്‍ത്തിയമര്‍ത്തി വെച്ച കുറേ പെണ്‍തേങ്ങലുകള്‍ ആ ഉപമയുടെ ആഘാതം സഹിക്കാന്‍ വയ്യാതെ ലോകം മുഴുവന്‍ മുഴങ്ങുന്നതായി തോന്നി.
 
എന്റെ ഓര്‍മയില്‍ കുറേ സഹോദരിമാരുടെ പേരുകള്‍ കടന്നുപോയി. ആയിരക്കണക്കിന് സഹോദരിമാര്‍. ആരോ നിര്‍ണയിച്ചു കൊടുത്ത ആണ്‍കൊതികള്‍ക്കനുസരിച്ച തൊലിനിറവും മുഖസൗന്ദര്യവും ഇല്ലാത്തതിന്റെ പേരില്‍ മാത്രം അവര്‍ വെട്ടിപ്പോകാതെ ഈ ജീവിതത്തില്‍ ബാക്കിയായി. ആത്മഹത്യ ചെയ്യുന്നതും വ്യഭിചരിക്കുന്നതും കടുത്ത പാപമായി കണക്കാക്കുന്ന ഒരു മതത്തില്‍ ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടുമാത്രം ഭൂമിയില്‍ മാലാഖമാരെപ്പോലെ ജീവിക്കാന്‍ അവര്‍ ബാക്കിയായി. പല സ്ഥാപനങ്ങളുടെയും ഇടനാഴികളില്‍ ആ കാലൊച്ചകള്‍ ഒരു ജീവിതത്തിന്റെ ഒഴിയാഭാരം അമര്‍ത്തി വെച്ച്, വയസ്സത്തിമാരായിക്കൊണ്ടിരിക്കുന്നു. കറുപ്പിന്റെ സൗന്ദര്യത്തെക്കുറിച്ച് നാം ലേഖനമെഴുതിക്കൊണ്ടിരിക്കുമ്പോള്‍... കറുത്ത പെണ്‍കുട്ടികളെ ആറുദിവസം കൊണ്ട് ലോകസുന്ദരിയാക്കുന്ന ക്രീമുകള്‍ ചുരുങ്ങിയ വിലയ്ക്ക് കടകളില്‍ വാങ്ങാന്‍ കിട്ടുമ്പോള്‍... സ്ത്രീ വിദ്യാഭ്യാസത്തിന്റെ വിമോചനദൗത്യത്തെക്കുറിച്ച് കവലകളില്‍ ആരോ ഉറക്കെ പ്രസംഗിക്കുമ്പോള്‍.....
 
ആരും വെട്ടിക്കൊണ്ടുപോകാതെ ഉണങ്ങിച്ചുങ്ങിയ ഈ പെണ്‍കുലകളെ അവരുടെ ഏകാന്ത വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ പുതിയ യത്തീംഖാനകള്‍ തുടങ്ങാം. മുത്തുനബിയുടെ മുടി സംരക്ഷിക്കാന്‍ നിര്‍മിക്കുന്ന നാല്‍പതു കോടിയുടെ പള്ളിയോടനുബന്ധിച്ച് നരച്ചുപോയ ഈ മുടിനാരുകളെ സംരക്ഷിക്കാനും ഒരു നാലുനില കെട്ടിടം പണിയാം. അതിനുവേണ്ടി പണപ്പിരിവും ഉടനെയാവാം. പ്രോജക്ടുകള്‍ക്കുണ്ടോ ഈ സമുദായത്തില്‍ വല്ല പഞ്ഞവും.
 
പിന്‍കുറി - ബഹുഭാര്യാത്വം മനുഷ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്ന് ആദ്യം പ്രചരിപ്പിച്ചത് ഇസ്‌ലാമിന്റെ ശത്രുക്കളാണ്. പിന്നെ അത് ഓറിയന്റലിസ്റ്റുകള്‍ ഏറ്റെടുത്തു. ഇസ്‌ലാമിന്റെ വ്യാജചങ്ങാതിമാരും ഇസ്‌ലാമിക് ഫെമിനിസ്റ്റുകളും ആ വാദം ഏറ്റെടുത്തത് ഈയിടെയാണ്. ഇസ്‌ലാമിനു വേണ്ടി നിലക്കൊള്ളുന്ന ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും ഇന്ന് ആ വാദം ഏറ്റെടുത്തു മുന്നേറുന്നതു കാണുമ്പോള്‍ നമ്മുടെ അജണ്ടകള്‍ ആരാണ് നിശ്ചയിക്കുന്നത് എന്ന് പലപ്പോഴും സംശയം തോന്നാറുണ്ട്.
 
ഒന്നുകൂടി ഉറച്ച് ചിന്തിച്ചാല്‍, ബഹുഭാര്യത്വം ആണിന്റെ അല്‍പസുഖത്തിനുവേണ്ടിയാണോ പെണ്ണിന്റെ സംരക്ഷണത്തിനുവേണ്ടിയാണോ എന്ന ഒരു സംവാദം അനിവാര്യമാണെന്ന് തോന്നിപ്പോകുന്നു. എല്ലാ തോന്നലുകളും തെറ്റാകണമെന്നില്ലല്ലോ.
 
9895 437056
 
 jameelahmednk@gmail.com