കോഴിക്കോട്: പൊലീസിന്റെ കണ്ണുവെട്ടിച്ച് നെറ്റ്‌വര്‍ക്ക് കമ്പനിയായ 'ആംവേ' നടത്തിയ യോഗത്തിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി. എരഞ്ഞിപ്പാലം-കാരപ്പറമ്പ് റോഡിലെ ആശിര്‍വാദ് ലോണ്‍സില്‍ ബുധനാഴ്ച വൈകീട്ട് നടന്ന യോഗമാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ തടഞ്ഞത്. 75 രൂപ രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങി ആംവെ യോഗം നടത്തുന്നുവെന്നറിഞ്ഞാണ് അമ്പതോളം പ്രവര്‍ത്തകര്‍ ഹാളിനകത്ത് കയറിയത്. യോഗം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് സമരക്കാര്‍ മുദ്രാവാക്യം വിളികളുമായി നിലകൊണ്ടു. ഇതിനിടെ ക്ലാസില്‍ പങ്കെടുക്കാനെത്തിയ ചിലര്‍ സമരക്കാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ കൂടുതല്‍ പ്രവര്‍ത്തകരെത്തി. സംഭവമറിഞ്ഞ് നടക്കാവ് പൊലീസ് സ്ഥലത്തെത്തി കമ്പനി അധികൃതരോട് ക്ലാസ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ക്ലാസൊഴിവാക്കി സംഘാടകര്‍ പിരിഞ്ഞുപോയി.
സംസ്ഥാനത്ത് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ വ്യാപകമായി തട്ടിപ്പുകള്‍ നടത്തിവരുന്ന സാഹചര്യത്തിലാണ് സോളിഡാരിറ്റി മാര്‍ച്ച് നടത്തിയത്. ക്ലാസുകള്‍ തുടര്‍ന്നാല്‍ ഇനിയും സമരമുണ്ടാവുമെന്ന് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ മുന്നറിയിപ്പു നല്‍കി. മാര്‍ച്ചിന് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖയ്യും, നബീല്‍, ചാലിയം, യൂസുഫ് മൂഴിക്കല്‍, റഫീഖ് റഹ്മാന്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ആംവേയുടെ പ്രതിവാര ബിസിനസ് യോഗം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി
കണ്ണൂര്‍: ആളുകളെ കണ്ണിചേര്‍ത്ത് തട്ടിപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ച് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയായ ആംവേയുടെ പ്രതിവാര ബിസിനസ് യോഗം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. ഞായറാഴ്ച നാലുമണിയോടെ കണ്ണൂര്‍ മുനീശ്വരന്‍കോവിലിനു സമീപത്തെ ഇല്ലിക്കല്‍പ്ലാസയില്‍ നടന്ന യോഗത്തിലേക്കാണ് മുപ്പതോളം പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്.
ബിസിനസ് ക്ലാസില്‍ പങ്കെടുക്കാനും കണ്ണികളായി ചേരുന്നതിനും 200ലധികം പേര്‍ ഹാളില്‍ ഒത്തുകൂടിയിരുന്നു. വന്‍തുക പ്രതിഫലം നല്‍കുമെന്നു പറഞ്ഞാണ് ആളുകളെ കണ്ണികളാക്കുന്നതെന്ന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു. പണം നല്‍കി ചേരുന്നതിനോടൊപ്പം വന്‍വിലയുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും വേണം. നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നെങ്കിലും ഇവര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും സമരക്കാര്‍ പറഞ്ഞു.
ആളുകളെ കണ്ണിചേര്‍ക്കുന്നത് അനുവദിക്കില്ലെന്നും യോഗം നടത്താന്‍ സമ്മതിക്കില്ലെന്നും സമരക്കാര്‍ നടത്തിപ്പുകാരോട് പറഞ്ഞു. യോഗത്തിനുവേണ്ടി ഒരുക്കിയ സ്‌റ്റേജില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പു നടത്തിയതോടെ കമ്പനി അധികൃതര്‍ യോഗനടപടികള്‍ നിര്‍ത്തിവെച്ചു. സംഭവമറിഞ്ഞെത്തിയ എസ്.ഐ വി. വിജയന്റെ നേതൃത്വത്തില്‍ പൊലീസ് സമരക്കാരെ അറസ്റ്റു ചെയ്തുനീക്കി. 25ഓളം പേര്‍ക്കെതിരെ കേസെടുത്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ്, ടി.പി. ഇല്യാസ്, ഫൈസല്‍ വാരം, കെ. അസീര്‍, ഫൈസല്‍ മാടായി, കെ.കെ. സുഹൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
1 അഭിപ്രായം:
Network Markettingo.. Thattippo..?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ