ചെറുപ്പത്തിന്റെ തീക്ഷ്ണത ഒടുങ്ങിയെന്നും ചരിത്രം തീര്‍ന്നുവെന്നുമാണ് ഫുകിയാമയിലൂടെ മുതലാളിത്ത സാമ്രാജ്യത്തം പ്രഖ്യാപിച്ചത്. അധികാര ഗര്‍വ്വിന്റെ ആ വാക്കുകള്‍ ഏകാധിപതികള്‍ എല്ലാ കാലത്തും ഉപയോഗിച്ചതും ചരിത്ര പിന്‍ബലമില്ലാത്തതായിരുന്നിട്ടും ലോകമത് ശരിയും സത്യവുമെന്ന് തലകുലുക്കി. പക്ഷെ യുവാക്കള്‍ ഹോളിവുഡ് സിനിമ കണ്ടും ബര്‍ഗര്‍ തിന്നും കോള കുടിച്ചും മരിച്ചുപോകുന്നവരല്ലെന്നും വര്‍ത്തമാനാവസ്ഥകളെ ചോദ്യം ചെയ്തും തിരുത്തിയും ഭാവിയെ പുനക്രമീകരിക്കാനുള്ള കരുത്തും ശേഷിയുമവര്‍ക്കുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. ഭൂമിയില്‍ വിപ്ലവത്തിന്റെ വസന്തം വീണ്ടും വിരിയുകയാണ്.
ഇപ്പോള്‍ നാം വിസ്മയിച്ചുപോകുന്നു; ഇരുപതാം നൂറ്റാണ്ട് എന്തെല്ലാം കെട്ടുകഥകളാണ് നമ്മെ പഠിപ്പിച്ചതെന്നോര്‍ത്ത്. അസത്യങ്ങള്‍ക്ക് കണക്കുകളുടെ മേമ്പൊടികള്‍ ചേര്‍ത്ത് ബുദ്ധിയെ പറ്റിക്കുന്ന എത്രയെത്ര ഏജന്‍സികളും വിദഗ്ധരുമാണ് നമുക്ക് ചുറ്റും സൃഷ്ടിക്കപ്പെട്ടത്. അവര്‍ പറഞ്ഞതെല്ലാം സംശയങ്ങള്‍ കൂടാതെ വിശുദ്ധ സത്യമായി നാം അംഗീകരിക്കുകയും പിന്‍പറ്റുകയും ചെയ്തു. ലോകബാങ്കിന്റെ കണക്ക് പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷമായി ലോകത്ത് സാമ്പത്തിക ഉണര്‍വുണ്ടാക്കുന്ന മികച്ച പത്ത് രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്. 2008-ല്‍ ഐ.എം.എഫ് തലവന്‍ ഡൊമനിക് കാന്‍ പ്രസ്താവിച്ചത് തുണീഷ്യ വികസന വളര്‍ച്ച കാണിക്കുന്ന രാജ്യങ്ങള്‍ക്ക് നല്ല മാതൃകയാണെന്നാണ്. തൊഴിലും ഭക്ഷണവുമില്ലാതെ, ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്ന യുവാക്കളാല്‍ സമ്പന്നമായ നാടുകളെക്കുറിച്ചാണ് ലോകബാങ്കും ഐ.എം.എഫും ഇത്രയും വലിയ നുണകള്‍ അടിച്ചുവിട്ടത്. ചികത്സയും പോഷകവുമില്ലാതെ മരിച്ചുവീഴുന്ന കുട്ടികളുടെ ഗ്രാഫായിരുന്നു, സത്യത്തില്‍ വര്‍ഷംതോറും ഉയര്‍ന്നുകൊണ്ടിരുന്നത്. എന്നാല്‍ ഭരിച്ചിരുന്നവര്‍ ഇഷ്ടക്കാരായതിനാല്‍ സാമ്രാജ്യത്ത ഏജന്ററുമാരുടെ വര്‍ഷാന്ത റിപ്പോര്‍ട്ട് ബുക്കില്‍ അവയൊന്നും ഉള്‍പ്പെട്ടില്ല. ആഫ്രിക്കയിലെ ചെറുപ്പക്കാര്‍ തകര്‍ത്തത് സേഛാധിപത്യ ഭരണസംവിധാനങ്ങളെ മാത്രമല്ല; സാമ്രാജ്യത്ത ഏജന്‍സികളുടെ വിശ്വാസ്യത കൂടിയാണ്.
ഇപ്പോള്‍ നമുക്ക് ലജ്ജ തോന്നുന്നു; നമ്മുടെ ബോധ മണ്ഡലങ്ങളില്‍ അസംബന്ധങ്ങള്‍ വേരൂന്നിയത് എത്ര ആഴത്തിലാണെന്നറിഞ്ഞത്. സിനിമകള്‍ നമുക്ക് കാണിച്ചുതന്നത് പെണ്ണ് പിടിച്ചും കള്ള് കുടിച്ചും പിമ്പിരി പാടി നടക്കുന്നവരാണ് അറബി ചെക്കന്‍മാരെന്നാണ്. മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് ജനാധിപത്യബോധമില്ലാത്തവരും ഭീകരരും മതഭ്രാന്തരുമായി ജീവിക്കുന്ന അപരിഷ്‌കൃത ജനതയാണവരെന്നാണ്. എന്നാല്‍ അവര്‍ നമ്മെ ബോധ്യപ്പെടുത്തിയിരിക്കുന്നു. ആഫ്രിക്കയില്‍ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള വെളിച്ചം പ്രകാശിതമാകുന്നുവെന്ന്.
ആഫ്രിക്ക യുറോപ്പിനെ, യുറോപ്പിന്റെ ചിന്താധാരകളെ തിരുത്തകയെന്നത് ചരിത്രത്തിലെ മനോഹരവും അനിവാര്യവുമായ നടപടിക്രമമാണ്. കറുത്തവരുടേയും ഇരുണ്ട നിറക്കാരുടേയും കരുത്തും സമ്പത്തുമാണ് പടിഞ്ഞാറിനെ ആരെയും ഭ്രമിപ്പിക്കുന്ന ആഢംബര നഗരമാക്കിയത്. സ്വന്തം ദേശങ്ങള്‍ ശൂന്യമായപ്പോഴാണ് യൂറോപ്പിന്റെ പത്തായപ്പുരകള്‍ നിറഞ്ഞുകവിഞ്ഞത്. സ്വന്തം ദേഹത്തിന്റെ നിറവും രൂപവും നോക്കിയാണ് പാശ്ച്യാത്യര്‍ വംശ മഹിമയുടെ നരവംശ ശാസ്ത്രവും ഭൂമിശാസ്ത്രവും രചിച്ചതും മക്കളെ പഠിപ്പിച്ചതും. അങ്ങിനെയാണ് സ്വന്തം പൈതൃകങ്ങളും നിറവും സംസ്‌കാരവും മോശപ്പെട്ടതായി അവര്‍ക്ക് തന്നെ തോന്നിതുടങ്ങിയത്.
അറിവും അധികാരവും അടിമത്തത്തിന്റെയും വിവേചനത്തിന്റെയും ചങ്ങലകള്‍ തീര്‍ക്കുമ്പോള്‍ ആത്മാവുകളെ തിരിച്ചറിയുന്ന യുവത മോചനത്തിന്റെ സങ്കീര്‍ത്തനമാലപിക്കും. വിപ്ലവം തോക്കിന്‍ കുഴലിലൂടെ മാത്രമല്ല പൂവണിയുക; മുല്ലപ്പൂ വസന്തങ്ങളിലൂടെയുമാണ്. ദുര്‍ബലരും പീഡിതരും അധികാരത്തിന്റെ അവകാശികളാകുകയും സേഛാധിപത്യം ചെങ്കടലുകളില്‍ മുങ്ങിച്ചാകുകയും ചെയ്യുമെന്നത് ദൈവത്തിന്റെ തെറ്റാത്ത നടപടിക്രമമാണ്. ദാവീദിന്റെ പിന്‍മുറക്കാര്‍, മോശയുടെ ദേശക്കാര്‍ വീണ്ടും വീണ്ടും ദൈവപ്രവചനങ്ങളെ സാക്ഷാത്കരിക്കുകയാണല്ലോ.
ഇപ്പോള്‍ നാം സംശയാലുക്കളാകുകയാണ്; നമ്മുടെ രാജ്യത്തെ കുറിച്ച് ഭരണാധികാരികള്‍ പറയുന്നതും സാമ്രാജ്യത്ത സ്ഥാപനങ്ങള്‍ പ്രചരിപ്പിക്കുന്നതും സത്യമാണോ എന്നോര്‍ത്ത്. ഇന്ത്യ ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക പുരോഗതി നേടിയ രാജ്യമാകുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. പ്രകൃതി വിഭവങ്ങള്‍കൊണ്ടും മനുഷ്യശേഷികൊണ്ടും അതാര്‍ജ്ജിച്ചെടുക്കാനുള്ള കഴിവും പ്രാപ്തിയും നമുക്കുണ്ട്. പക്ഷെ നമ്മുടെ ഭരണാധികാരികള്‍ രാജ്യത്തെ നയിക്കുന്നത് ശരിയായ ദിശയിലൂടെയാണോ? അവര്‍ പറയുന്നത് സത്യം തന്നെയാണോ? 2010ലെ നാഷ്ണല്‍ സാംപിള്‍ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം തൊഴില്‍ ശേഷി 42 ശതമാനത്തില്‍ നിന്ന് 39 ശതമാനമായി കുറഞ്ഞിരിക്കുന്നു. തൊഴിലില്ലായ്മ 2004-05 ലെ 7.20 ല്‍ നിന്ന് 9.5 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു. രാജ്യത്ത് പ്രചരിപ്പിക്കുന്ന സാമ്പത്തിക വളര്‍ച്ചയും നിലവിലെ തൊഴിലവസരവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് ചുരുക്കം. ഈ വൈരുദ്ധ്യത്തെ കുറിച്ച് ദേശീയ ആസൂത്രണ ഉപാധ്യക്ഷന്‍ പറയുന്നത് സര്‍വേ തെറ്റും സാമ്പത്തിക പുരോഗതി ശരിയുമെന്നാണ്. എന്നാല്‍ ഇന്ത്യയില്‍ തൊഴിലെടുക്കുന്ന ചെറുപ്പക്കാരില്‍ 52 ശതമാനം പേരും അസംതൃപ്തരാണെന്നും ഉന്നത വിദ്യാഭ്യാസം തേടിയവര്‍ക്ക് തതുല്യമായ ജോലിയും വരുമാനവും ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടും കൂട്ടിവായിക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയുടെ പ്രയോജനം രാജ്യത്തിന് പൊതുവില്‍ പ്രയോജനപ്പെടുന്നിെല്ലന്ന സത്യം മറച്ചുവെക്കാന്‍ അഹുലുവാലിയ ശ്രമിക്കുകയാണെന്ന് ബോധ്യമാകും.
അധികാരവര്‍ഗം സത്യങ്ങള്‍ മറച്ചുവെക്കുന്നതിലൂടെ തകര്‍ന്നുപോകുന്നത് സാധാരണക്കാരുടെ ജീവിതമാണ്. 2009-10 കാലയളവില്‍ ഇന്ധന നികുതിയായി സര്‍ക്കാര്‍ പിരിച്ചെടുത്തത് 56365 കോടി രൂപയാണ്. ഇന്ധന സബ്‌സിഡിയായി സര്‍ക്കാര്‍ ചെലവഴിച്ചത് 14058 കോടി രൂപയും. ലാഭകരമായ എണ്ണ കമ്പനികളെ കണക്കിന്റെ കളികളിലൂടെ നഷ്ട കമ്പനികളായി ചിത്രീകരിക്കുന്നത് ജനവിരുദ്ധത നടപ്പാക്കാന്‍ നുണകള്‍ ആവശ്യമായതിനാലാണ്. മാറ്റത്തിന്റെ കൊടി ചെറുപ്പക്കാര്‍ കയ്യിലേന്തുന്നത് ജനവിരുദ്ധതയുടെ പര്യായമായി അധികാരം മാറുമ്പോഴാണ് എന്ന മാറ്റമില്ലാസത്യം ആഫ്രിക്കയിലെ ചെറുപ്പക്കാര്‍ നമ്മെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.
ഇപ്പോള്‍ നമുക്ക് ബോധ്യപ്പെട്ടിരിക്കുന്നു; മതത്തിന് സാമൂഹിക ജീവിതത്തില്‍ നന്മകള്‍ വിരിയിച്ചെടുക്കാമെന്ന്. മതത്തെക്കുറിച്ച് എന്തെല്ലാം അവാസ്തവങ്ങളാണ് സിദ്ധാന്തങ്ങളായി ആഘോഷിക്കപ്പെട്ടത്. മതം സാമൂഹികതയെ കലുഷമാക്കും. സൗഹൃദത്തിനും ഇണക്കത്തിനും തടസ്സമാണ്. അധികാര വര്‍ഗത്തിന്റെ ഏറാന്‍മൂളികളാണ്. സാമൂഹിക പരിവര്‍ത്തനത്തിന്റെ ചാലകശക്തിയാകാനുള്ള ശേഷിയില്ല...അങ്ങിനെ എത്രെയത്ര വാദഗതികള്‍. ക്രൈസ്തവരും മുസ്‌ലിംകളും ഇടതുപക്ഷക്കാരും ഇസ്‌ലാമിസ്റ്റുകളും കൈകോര്‍ത്തുകൊണ്ട് തഹ്‌രീറിന്റെ (സ്വാതന്ത്ര്യം) മുദ്രാവാക്യങ്ങള്‍ വാനിലുയര്‍ത്തിയപ്പോള്‍ തകര്‍ന്നുവീണത് ഏകാധിപതികളോടൊപ്പം നൂറ്റാണ്ടുകളായി പ്രചരിപ്പിക്കപ്പെട്ട വ്യാജ സിദ്ധാന്തങ്ങള്‍കൂടിയായിരുന്നു. യഥാര്‍ഥത്തില്‍, സാമൂഹിക ഉള്ളടക്കം നിലനിര്‍ത്തിയ മതങ്ങള്‍ ദുഷ്പ്രഭുത്വത്തിന്റെ എതിര്‍പദങ്ങളായിരുന്നു. നംറൂദിനെതിരെ ഇബ്രാഹീം. ഫറോവക്കെതിരെ മോസസ്. കംസന് കൃഷണന്‍. റോമക്കെതിരെ ജീസസ്. ദുര്‍ബലരോടുള്ള അനുകമ്പയും പീഡനങ്ങളില്‍ നിന്നുള്ള മോചനവുമാണ് മതത്തിന് ആള്‍ബലം നല്‍കിയത്. ആത്മീയതയുടെ കരുത്താണ് അവരെ കരുണാര്‍ദ്രരും വിമോചകരുമാക്കിയത്.
മതക്കാരും മതേതരക്കാരും ദൈവവിശ്വാസികളും ദൈവനിരാസകരും പുരുഷനും സ്ത്രീയുമെല്ലാം ഒന്നുചേര്‍ന്ന് അധീശത്വത്തിന്റെ ചങ്ങലകളറുക്കാമെന്നും നന്മകള്‍ വിരിയിക്കാമെന്നും ആ ചെറുപ്പക്കാര്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നു. ചെറുപ്പത്തിന്റെ ആവേശങ്ങളും ആകുലതകളും അഹ്ലാദങ്ങളും അന്തസംഘര്‍ഷങ്ങളുമെല്ലാം പുതിയ വസന്തത്തെ വിരിയിക്കാന്‍ സോളിഡാരിറ്റി ഏറ്റെടുക്കുകയാണ്. പുതിയ കേരളത്തിന്റെ ചാലകശക്തികളായി, സാമൂഹിക പരിഷ്‌കരണത്തിന്റെ നേതാക്കളായി, സന്തുലിത വികസനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ധാര്‍മ്മികതയുള്ള യുവാക്കളായി കേരളത്തിനവരെ കൈമാറും.
കാര്യങ്ങള്‍ തീര്‍ച്ചപ്പെട്ടിരിക്കുന്നു; മുതലാളിത്ത സാമ്രാജ്യത്തത്തിന്റെ കാലം അവസാനിക്കുകയാണ്. പുതിയ ആശയങ്ങളുടെ വിളിയാളം ആഫ്രിക്കന്‍ ചക്രവാളത്തില്‍ നിന്നുമുയരുമ്പോള്‍ പുതിയ കാലത്തിന് വേണ്ടി ഹര്‍ഷോന്‍മേഷത്തോടെ എഴുന്നേറ്റ് പുറപ്പെടാന്‍ ഇനിയെന്ത് തടസ്സമാണുളളത്?
വിപ്ലവാശംസകളോടെ..
പി.ഐ നൗഷാദ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ