DAILY DISCUSSION







ഇന്റര്‍നെറ്റു സൌകര്യമുള്ള ആര്‍ക്കും ലോകത്തിലെ ഏതു ഭാഗത്ത്‌ നിന്നും ചര്‍ച്ച ശ്രവിക്കാം, പങ്കെടുത്തു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. എല്ലാ ദിവസവും ഈ റൂമില്‍ വ്യത്യസ്ത വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. Beyluxe Messanger Download ചെയ്യാന്‍:http://www.beyluxe.com/messenger/Download.html. (Install ചെയ്തതിനു ശേഷം ഒരു പുതിയ ID ഉണ്ടാക്കുക. ശേഷം റൂമില്‍ പ്രവേശിക്കാം: Asia-India-ISLAAM PAADA SHAALA____VATTA MESHA swathandra samvatham)







2013 ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

എ.പി പയ്യന്‍ തന്നെ എല്ലാം തുറന്നു പറയുന്നു!

 എ.പി പയ്യന്‍ തന്നെ എല്ലാം തുറന്നു പറയുന്നു!
അങ്ങനെ, സമുദായത്തെ മുടിക്കാന്‍ കാന്തപുരം കൊണ്ടുവന്ന 'തിരുമുടി'യെന്ന തട്ടിപ്പും പൊളിഞ്ഞു... ഈ കാന്തപുരത്തിന്റെയും കുട്ടരുടെയും ഓരോ കളികളേയ്... കാന്തമുടിയെ കുറിച്ച് (മുമ്പ്‌ ഓണ്‍ ലൈന്‍/ബൈലക്സി ലോകത്ത്‌ അതിനുവേണ്ടി കുറെയേറെ വാദിച്ച) ജിഷാന്‍ മാഹിയെന്ന എ.പി പയ്യന്‍ തന്നെ എല്ലാം തുറന്നു പറയുന്നു!: (അല്പം സമയം മിനക്കെടുത്തിയാലും, കേട്ടാല്‍ പല പുതിയ വിവരങ്ങളും കിട്ടും!)

2013 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

പ്രിയപെട്ടവരെ അസ്സലാമു അലൈക്കും ,
'' ബൈലക്സില്‍ ഇസ്ലാം പാഠശാല റൂമിലേക്കു ഏവര്‍ക്കും സ്വാഗതം !''
അള്ളാഹു , അവന്‍റെ വേദഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിലൂടെ പറയുന്നു : " കാലം സാക്ഷി ...മനുഷ്യന്‍ മഹാ നഷ്ടത്തിലാണ്....'' ആ നഷ്ട്ടക്കാരിലാവതിരിക്കാന്‍ .... സമയം വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ .......ഇസ്ലാം പാഠശാല ബൈലക്സ് റൂമില്‍ പഠനക്ലാസ്സുകള്‍ ഒരുക്കുന്നു.....!!!!!ഏവര്‍ക്കും സ്വാഗതം ........പ്രവാചകന്‍മാര്‍ ഒക്കെയും ഏക സ്വരത്തില്‍ പരിചയപ്പെടുത്തി,ഏകനായ ഒരു ദൈവത്തെ കുറിച്ച് .....എത്ര ഉയര്‍ന്ന് പഠിച്ചാലും നമ്മുടെ സിലബസ്സില്‍ കാണാത്ത വിഷയം................!!!!!!!!!!!!!!!!!!!!!!!!! അവര്‍ ഒന്നടങ്കം മുന്നറിയിപ്പ് തന്നു, ഒരു പരലോകത്തെ കുറിച്ച്.....നാം വളരെ അശ്രദ്ധമായി അവഗണിച്ച വിഷയം...!!!!!!!!!!!!!! ! എത്ര ഭീകരയുദ്ധങ്ങളെയും അതിനു ചുക്കാന്‍ പിടിച്ചവരേയും നമ്മള്‍മഹാന്മാര്‍ [ദി ഗ്രേറ്റ്‌] എന്ന് പഠിച്ചു.....!!ഒരു ലക്ഷത്തില്‍പരം പ്രവാചകന്മാര്‍ പരിഷ്കര്‍ത്താക്കളായി ഭൂമിയില്‍ വന്നിട്ടും ഒരാള്‍പോലും നമ്മുടെ
പഠന വിഷയമല്ല.....!!!!!!!!! '' ഉപകാരപ്രദമായ അറിവ് വര്‍ദ്ദിപ്പിച്ചു തരണേ...'' എന്ന പ്രവാചകന്‍റെ പ്രാര്‍ത്ഥന ഓര്‍മിച്ചു കൊണ്ടു ഒഴിവുസമയങ്ങള്‍ പഠനത്തിനു വേണ്ടി ഉപയോഗപ്പെടുത്തുക, ......................ജീവിതത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം എന്ത്? അതെങ്ങിനെ ജീവിച്ചുതീര്‍ക്കണം ??? പരിശുദ്ധ ഖുര്‍ആന്‍ അതിന്‌വേണ്ട വെളിച്ചവും വഴികട്ടിയുമാണ്...........സൌദിഅറേബ്യ സമയം 10 30 മുതല്‍ 12 30 വരെ രാവിലെയും 4 മുതല്‍ മഗരിബ് വരെ യും......ഖുര്‍ആന്‍പഠനം ..................[.. അര്‍ത്ഥം,വിശദീകരണം,തജവീദ് ] ..ഖുര്‍ആന്‍ന്‍റെ വെളിച്ചത്തില്‍ എങ്ങിനെ ജീവിക്കണം ? പ്രവാചകന്‍റെയും സ്വഹബത്തിന്‍റെയും നിസ്വാര്‍ത്ഥമായ ജീവിത രീതി..... .''.ഹദീസ്പഠനം.''മഗരിബിക്ക് ശേഷം. ..........സമയം എങ്ങിനെ ചിലവഴിച്ചു ? എന്ന റബ്ബിന്‍റെ ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഉണ്ട് എന്ന ഉത്തമ ബോധ്യത്തോടെ,അനാവശ്യ വാദപ്രതിവാദങ്ങളില്‍ നിന്നും വ്യത്യസ്തമായി, പരസ്പര ബഹുമാനത്തോടെ ,ഒരുമയോടെ ,സമകാലീനസംഭവങ്ങളും ഉള്‍പ്പെടുത്തിയ ''...ചര്‍ച്ചാ ക്ലാസ്സുകള്‍ ...''വിത്യസ്ഥ വിഷയങ്ങളില്‍ ക്ലാസ്സെടുക്കാന്‍ താല്പരര്യമുള്ളവര്‍ക്കും ,സ്വാഗതം..!!!!!!,..പഠിക്കാനും, പഠിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഇസ്ലാം പാഠശാല ബൈലക്സ് റൂമിലേക്ക് സ്വഗതം......!

2011 ജൂലൈ 18, തിങ്കളാഴ്‌ച

മിശ്ര വിവാഹങ്ങള്‍, മതേതര വിവാഹങ്ങള്‍

 
മിശ്ര വിവാഹങ്ങള്‍, മതേതര വിവാഹങ്ങള്‍
 
 വ്യത്യസ്ത ജാതി മത വിഭാഗങ്ങളില്‍ പെട്ട സ്ത്രീ പുരുഷന്മാര്‍ പരസ്പരം പ്രണയിക്കുകയും, ദീര്‍ഘകാലം കഷ്ടപ്പെട്ട് പോറ്റിവളര്‍ത്തി പഠിപ്പിച്ച മാതാപിതാക്കളെയും ജനിച്ചു വളര്‍ന്ന മത സംസ്കാരങ്ങളെയുമൊക്കെ വലിച്ചെറിഞ്ഞ് തങ്ങള്‍ തെരഞ്ഞെടുത്തവരെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ അനുദിനം വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ആദ്യമൊക്കെ മിശ്ര വിവാഹമെന്നും 'മതേതര' വിവാഹമെന്നും എന്തിന് മതരഹിത വിവാഹമെന്നുമൊക്കെ പറഞ്ഞ് ആവേശത്തില്‍ വാഴ്ത്തിപ്പാടുന്ന ഇത്തരം വിവാഹങ്ങള്‍ ഒടുവില്‍ ദുരന്ത പര്യവസാനത്തിലാണ് കലാശിക്കുന്നത്. പലതും സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ കാഴ്ച നമ്മുടെ മുന്നില്‍ എമ്പാടും കാണാനുണ്ട്.
 
രണ്ട് സംസ്കാരങ്ങള്‍, അലിയാതെ കിടക്കുന്ന ബന്ധങ്ങള്‍, വിവാഹത്തിന് ശേഷം കുട്ടി ജനിക്കുന്നതിലൂടെ ഉരുണ്ടുകൂടുന്ന അസ്തിത്വ പ്രശ്നങ്ങള്‍, ഏതെങ്കിലും ഒരാളുടെ മതത്തിലേക്ക് മാറാനുള്ള സമ്മര്‍ദം തുടങ്ങിയ ഒരുപാട് സങ്കീര്‍ണതകള്‍ നേരിടുന്ന ഇത്തരം വിവാഹബന്ധങ്ങള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പ് സമൂഹത്തില്‍ വലിയ ക്രമസമാധാന പ്രശ്നങ്ങള്‍ തന്നെ സൃഷ്ടിക്കുന്നതായി കാണുന്നു. ഇത്തരം 'ഒളിച്ചോട്ട' വിവാഹങ്ങളോട് സ്വീകരിക്കേണ്ട സമീപനം എന്താണ്? ദുരൂഹമായ സമസ്യകള്‍ അവശേഷിപ്പിച്ച്, കാമുകനോടൊപ്പം ഒളിജീവിതം നയിച്ച് ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് മടുത്ത് തിരിച്ചുവരുന്ന ഒരു മുസ്ലിം യുവതിയോട് കുടുംബവും സമൂഹവും എന്ത് നിലപാടാണ് എടുക്കേണ്ടത്? പ്രായത്തിന്റെ ചാപല്യത്തില്‍ ചാറ്റിംഗിലൂടെയും പ്രലോഭനങ്ങളിലൂടെയുമൊക്കെ വേലി ചാടി പ്രശ്നമായാല്‍ കോടതിയിലെത്തുന്ന കേസുകളുടെ വിധിയിലും ഉണ്ട് പ്രശ്നങ്ങള്‍. ഇത്തരം കേസുകളില്‍ കോടതി വിഷയത്തിന്റെ ഗൌരവം ഉള്‍ക്കൊള്ളാതെ, രക്ഷിതാക്കളുടെ മനസ്സോ നിലപാടോ അറിയാതെ 'ഇഷ്ടപ്പെട്ട'വരോടൊപ്പം പറഞ്ഞയക്കാനാണ് വിധിക്കുന്നത്. ഇത്തരം 'വിധി'കളോട് എന്ത് സമീപനാണ് സ്വീകരിക്കേണ്ടത്? വിശ്വാസിയായ ഒരു മുസ്ലിം മറ്റൊരു മതവിഭാഗത്തില്‍ പെട്ടവരെ പ്രണയിച്ച് വിവാഹം കഴിച്ച് പരസ്പരം മതം മാറാതെ തങ്ങളുടെ വിശ്വാസം നിലനിര്‍ത്തിയാണ് ജീവിക്കുന്നതെന്ന വാദത്തോടുള്ള മതവിധി എന്താണ്? മതത്തിന്റെ കാഴ്ചപ്പാടില്‍ അവരുടെ വിശ്വാസജീവിതം സാധുവാകുമോ?
 
അബ്ദുല്‍ അസീസ് കണ്ടത്തില്‍
 
എടക്കാട്, കണ്ണൂര്‍
 
 

 
 


 
കണിശവും കൃത്യവുമായ ധാര്‍മിക നിലപാടും സദാചാര നിയമങ്ങളുമുള്ള ഇസ്ലാം, വിവാഹത്തെ കാണുന്നത് തന്നെ ദീനിനെ രക്ഷിക്കാനുള്ള ഉപാധിയായിട്ടാണ്. ഒരു പരിതസ്ഥിതിയിലും ബഹുദൈവവിശ്വാസികളെയോ അസാന്മാര്‍ഗിക ജീവിതം നയിക്കുന്നവരെയോ വിവാഹം ചെയ്യാന്‍ ഇസ്ലാം സ്ത്രീയെയോ പുരുഷനെയോ അനുവദിച്ചിട്ടില്ല. സൂറത്തുന്നൂറിലെ മൂന്നാം സൂക്തം അത് വ്യക്തമാക്കുന്നു. അവിഹിതമോ പരിധിക്ക് പുറത്തുള്ളതോ ആയ വൈവാഹിക ബന്ധങ്ങളിലേക്ക് നയിക്കാവുന്ന സാഹചര്യങ്ങള്‍ പോലും ഇസ്ലാം തടഞ്ഞിരിക്കുന്നു. ദാമ്പത്യ ബന്ധം തികച്ചും പവിത്രവും സമാധാനപൂര്‍ണവും ആയിരിക്കാന്‍ വേണ്ടിയാണീ നിയന്ത്രണം. ഒപ്പം സന്താനങ്ങള്‍ ഇസ്ലാമികമായ അന്തരീക്ഷത്തിലാവണം വളരുകയെന്നും അനിസ്ലാമിക സംസ്കാരത്തിനവര്‍ വിധേയരാവാന്‍ ഇടനല്‍കരുതെന്നും ഇസ്ലാമിന് നിര്‍ബന്ധമുണ്ട്. വേദഗ്രന്ഥങ്ങളുടെ അവകാശികളായ ജൂത -ക്രൈസ്തവ സമുദായങ്ങളില്‍ പെട്ട വനിതകളെ വിവാഹം ചെയ്യാന്‍ മുസ്ലിം പുരുഷന്മാരെ അനുവദിച്ച ഇസ്ലാം അവര്‍ ചാരിത്യ്രവതികളായിരിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. മക്കളെ പിതാക്കളുടെ മതത്തില്‍ തന്നെ വളര്‍ത്തണമെന്നത് നിര്‍ബന്ധവുമാണ്. മുസ്ലിം യുവതികള്‍ക്ക് ജൂത-ക്രൈസ്തവ പുരുഷന്മാരെ വിവാഹം ചെയ്യാന്‍ അനുമതി നല്‍കാതിരുന്നതിന്റെ പ്രധാന കാരണവും സന്താനങ്ങള്‍ അമുസ്ലിംകളായിത്തീരാനുള്ള സാധ്യതയാണ്.
 
ഇതൊക്കെയാണെങ്കിലും അനിസ്ലാമിക സംസ്കാരത്തിന്റെ അപ്രതിരോധ്യമായ സ്വാധീനവും രാജ്യത്തെ പൊതുവായ ധാര്‍മികാധഃപതനവും നിര്‍ബാധമായ സ്ത്രീ പുരുഷ സമ്പര്‍ക്കവും നമ്മുടേത് ഒരു ബഹുമത സമൂഹമാണെന്ന വസ്തുതയും മതനിരാസ മീഡിയയുടെ ബോധപൂര്‍വമായ പ്രചാരണവുമെല്ലാം ചേര്‍ന്ന് ചോദ്യത്തില്‍ അവതരിപ്പിച്ചത് പോലുള്ള സ്ഥിതിവിശേഷം സൃഷ്ടിച്ചിട്ടുണ്ടെന്നത് ശരിയാണ്. ഇസ്ലാമിനോട് പ്രതിബദ്ധതയുള്ള രക്ഷിതാക്കളുടെ സൂക്ഷ്മതയും ജാഗ്രതയുമാണ് ഇത്തരം സാഹചര്യങ്ങളില്‍ അപായഗര്‍ത്തങ്ങളില്‍ ചെന്നുചാടാതിരിക്കാനുള്ള ഗ്യാരണ്ടി. അതോടൊപ്പം മഹല്ലുകള്‍ തോറും ശക്തമായ ബോധവത്കരണത്തിന് വിവിധ മതസംഘടനകള്‍ മുന്നിട്ടിറങ്ങിയേ മതിയാവൂ. മൂന്നാമതായി, ദീന്‍ എന്നാല്‍ ഗുണകാംക്ഷയാണെന്ന് മനസ്സിലാക്കി, മുസ്ലിംകുട്ടികള്‍ അഹിതകരമായ ബന്ധങ്ങളില്‍ ചെന്നു ചാടുന്നു എന്ന് മനസ്സിലാക്കിയവര്‍ അത് യഥാസമയം രക്ഷിതാക്കളെയും ബന്ധപ്പെട്ടവരെയും അറിയിക്കാന്‍ അമാന്തിക്കരുത്. സിനിമ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങളിലെ ചതിക്കുഴികള്‍ മനസ്സിലാക്കി ഇളം തലമുറകളെ അതില്‍ നിന്ന് തടയാന്‍ മുതിര്‍ന്നവര്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ടതും അത്യാവശ്യമാണ്. നമ്മുടെ മതവിദ്യാഭ്യാസത്തിന്റെ അപര്യാപ്തിയും അശാസ്ത്രീയതയും യുവാക്കള്‍ സുശിക്ഷിതരായി വളരാന്‍ തടസ്സമാണ് എന്നുകൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അപക്വവും അപകടകരവുമായ ബന്ധങ്ങളില്‍ ചെന്നുചാടാതിരിക്കാനുള്ള ശിക്ഷണം മതവിദ്യാലയങ്ങളില്‍ ലഭ്യമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
 
എത്ര ജാഗ്രത പാലിച്ചാലും ചില സംഭവങ്ങള്‍ ഉണ്ടായെന്നിരിക്കും. അത്തരം സംഭവങ്ങളെ സമചിത്തതയോടെയും വിവേകപൂര്‍ണമായും നേരിടാനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. വൈകാരിക പ്രതികരണങ്ങളും നടപടികളും ഗുണത്തേക്കാള്‍ ദോഷമേ ചെയ്യൂ. ഉത്തരേന്ത്യയിലെ 'അഭിമാനകൊല' ഉദാഹരണമാണ്. മുസ്ലിം യുവാക്കള്‍ അമുസ്ലിംകളെ വിവാഹം ചെയ്യാന്‍ തന്നെ തീരുമാനിച്ചാല്‍ അത് മതദൃഷ്ട്യാ സാധുതയുള്ളതാക്കി മാറ്റാനുള്ള അവധാനപൂര്‍വമായ നടപടികളാണവശ്യം. മതാതീതമായ ദാമ്പത്യബന്ധങ്ങളുടെ ഐഹികവും പാരത്രികവുമായ ഭവിഷ്യത്തിനെപ്പറ്റി പ്രണയക്കുരുക്കില്‍ അകപ്പെട്ടവരെ യുക്തിസഹമായി ധരിപ്പിക്കുകയല്ലാതെ, ബലപ്രയോഗം ഒന്നിനും പ്രതിവിധിയല്ല. പ്രായപൂര്‍ത്തി വന്നവരുടെ ഇംഗിതം കോടതികള്‍ ആരായുന്നതും അതു പ്രകാരം വിധിക്കുന്നതും നിയമാനുസൃതമാണ്. അതിന് കോടതികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മാതാപിതാക്കളുടെ വികാരങ്ങള്‍ കോടതികള്‍ ഉള്‍ക്കൊണ്ടാലും യുവതീ യുവാക്കളെ അവരുടെ അഭീഷ്ടത്തിന് വിരുദ്ധമായി രക്ഷിതാക്കള്‍ക്ക് വിട്ടുകൊടുത്താലുണ്ടാവുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുക്കണമല്ലോ.
 
 
എസ്.ഐ.ഒവിന്റെ പേരുമാറ്റം
 
 ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒ ഒരു മൂല്യാധിഷ്ഠിത വിദ്യാര്‍ഥി പ്രസ്ഥാനമാണ്. ഇതഃപരന്ത്യമുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരവുമാണ്. പക്ഷേ, അമുസ്ലിം സുഹൃത്തുക്കള്‍ അടക്കമുള്ള പലരും അതുമായി സഹകരിക്കാന്‍ മടിക്കുന്നു. അതിന് ഒരു കാരണം അതിന്റെ സ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എന്ന പേരാണ്. ആയതിനാല്‍ സംഘടനയുടെ പേര് സ്റുഡന്റസ് ഇന്ത്യ ഓര്‍ഗനൈസേഷന്‍ എന്ന് മാറ്റാന്‍ പാടില്ലേ?
 
മൊയ്തീന്‍ മറാത്ത്
 
സുഊദി അറേബ്യ
 
 

 
 


 
'ഇസ്ലാമിക സംഘടന' എന്നര്‍ഥമുള്ള 'ജമാഅത്തെ ഇസ്ലാമി' എന്ന പേര്‍ സ്വീകരിച്ചുകൊണ്ടുതന്നെ മുസ്ലിംകളിലും അമുസ്ലിംകളിലും പ്രവര്‍ത്തിക്കാന്‍ ജമാഅത്തിനാവുന്നു. അമുസ്ലിം സഹകാരികളെ 'മുആവിന്‍' ഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. ഇസ്ലാം മുസ്ലിംകളുടെ മാത്രം മതമല്ലെന്നും എല്ലാ മനുഷ്യരുടെയും സന്മാര്‍ഗദര്‍ശനത്തിനായി ദൈവം നല്‍കിയ സമ്പൂര്‍ണ ജീവിത ദര്‍ശനമാണെന്നും പ്രബോധനം ചെയ്യുന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി സംഘടന മാതൃസംഘടനയില്‍ നിന്ന് ഭിന്നമായ മറ്റൊരു ഇമേജ് ഉദ്ദേശിക്കുന്നുണ്ടാവില്ല. എസ്.ഐ.ഒവിന്റെ രക്ഷാധികാരം ജമാഅത്തിനാണെന്ന് അതിന്റെ ഭരണഘടനയില്‍ ഉറപ്പ് വരുത്തിയിട്ടുമുണ്ടല്ലോ.
 
 


 
ടോണി ബ്ളെയര്‍ കണ്ടെത്തിയ ഖുര്‍ആന്‍
 
 ഈയിടെ ഖുര്‍ആന്‍ വായന തന്റെ ദിനചര്യയുടെ ഭാഗമാണെന്ന് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ളെയര്‍. മതങ്ങളെക്കുറിച്ച് അറിവ് നേടുന്നതിന് വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മതത്തില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്ന ബ്ളെയര്‍, 2007-ല്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങിയ ശേഷം കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരുന്നു.
 
"ആഗോളവത്കൃത ലോകത്ത് വിവിധ വിശ്വാസങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയെന്നത് വളരെ പ്രധാനമാണ്. ഞാന്‍ ദിനേന ഖുര്‍ആന്‍ വായിക്കാറുണ്ട്. ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ വേണ്ടിയാണിത്. മാത്രമല്ല, അത്യന്തം വിജ്ഞാനപ്രദമായ ഗ്രന്ഥമാണത്''- അദ്ദേഹം പറഞ്ഞു.
 
"പശ്ചിമേഷ്യന്‍ ദൂതന്‍ എന്ന നിലയില്‍ ഇസ്ലാമിനെക്കുറിച്ചുള്ള വിജ്ഞാനം പ്രധാനമാണ്. നവീകരണ സഹായിയായ ഗ്രന്ഥമാണ് ഖുര്‍ആന്‍. അതില്‍ എല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ട്. ശാസ്ത്രവും വിജ്ഞാനവും ഉദ്ഘോഷിക്കുന്ന അത് അന്ധവിശ്വാസങ്ങളെ തള്ളിക്കളയുന്നു. വിവാഹം, സ്ത്രീ, ഭരണം തുടങ്ങിയ കാര്യങ്ങളിലുള്ള ഖുര്‍ആന്റെ കാഴ്ചപ്പാടുകള്‍ കാലാതിവര്‍ത്തിയും പ്രായോഗികവുമാണ്''- അദ്ദേഹം പറഞ്ഞു (ഡെയ്ലി മെയില്‍ ദിനപത്രം, ലണ്ടന്‍ റിപ്പോര്‍ട്ട് ചെയ്തത്- ഗള്‍ഫ് തേജസ് ദിനപത്രം 2011 ജൂണ്‍ 14). പ്രതികരണം?
 
നസ്വീര്‍ പള്ളിക്കല്‍
 
രിയാദ്
 
 

 
ജോര്‍ജ് ഡബ്ള്യു ബുഷിന്റെ ഇറാഖ് അധിനിവേശത്തില്‍ പങ്കാളിയാവുക വഴി പൊറുക്കാനാവാത്ത അപരാധമാണ് ടോണി ബ്ളെയര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കെ ചെയ്തത്. അന്നദ്ദേഹത്തിന് മതത്തില്‍ താല്‍പര്യമില്ലായിരുന്നുവെന്ന് പറഞ്ഞത് ശരിയായിരിക്കണം. ദൈവത്തിലും മതത്തിലും ആത്മാര്‍ഥമായി വിശ്വസിക്കുന്ന ഒരാള്‍ക്കും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ, കള്ളങ്ങളുടെ മേല്‍ സ്ഥാപിച്ചെടുത്ത അധിനിവേശത്തെ പിന്തുണക്കാനോ ന്യായീകരിക്കാനോ ആവില്ല. സ്ഥാനമൊഴിഞ്ഞ ശേഷമെങ്കിലും അദ്ദേഹം മതങ്ങളെ പഠിക്കാന്‍ ആരംഭിച്ചതും വിശുദ്ധ ഖുര്‍ആന്‍ പഠനാര്‍ഹമായ ഗ്രന്ഥമാണെന്ന് തിരിച്ചറിഞ്ഞതും ഏതായാലും നല്ല കാര്യമാണ്.
 
ടോണി ബ്ളെയറുടെ ഖുര്‍ആന്‍ പഠനം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നു. നവീകരണ സഹായിയായ ഗ്രന്ഥമെന്ന് അദ്ദേഹം ഖുര്‍ആനെ വിലയിരുത്തിയപ്പോള്‍ അതൊരു പഴഞ്ചന്‍ അന്ധവിശ്വാസ സംഹിതയാണെന്ന മതേതരവാദികളുടെ വാദത്തെ നിരാകരിക്കുകയാണ് ചെയ്തത്. അതുപോലെ വിവാഹം, സ്ത്രീ, ഭരണം തുടങ്ങിയ കാര്യങ്ങളിലുള്ള ഖുര്‍ആന്റെ കാഴ്ചപ്പാടുകള്‍ കാലാതിവര്‍ത്തിയും പ്രായോഗികവുമാണെന്ന ടോണി ബ്ളെയറിന്റെ പഠനം മുസ്ലിം സെക്യുലരിസ്റുകള്‍ക്കും പുരോഹിതന്മാര്‍ക്കും ഒരേയവസരത്തിലുള്ള മറുപടിയാണ്. ബ്ളെയര്‍ മനസ്സിലാക്കിയ സത്യം പണ്ടേ ലോകത്തോട് പറഞ്ഞതാണ് ഇവരുടെയൊക്കെ കണ്ണില്‍ ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ കരടാവാന്‍ കാരണമെന്നോര്‍ക്കണം.
 
 
ലിബിയയിലെ ആഭ്യന്തര യുദ്ധം
 
 കേണല്‍ ഖദ്ദാഫിയുടെ ഏകാധിപത്യത്തിനെതിരെ ലിബിയന്‍ ജനത ജനാധിപത്യവത്കരണത്തിനുവേണ്ടി നടത്തുന്ന പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങാന്‍ കാരണമെന്താണ്?

 
എ.ആര്‍ ചെറിയമുണ്ടം
 
 


 
രാജഭരണം അവസാനിപ്പിച്ച് ലിബിയയില്‍ പട്ടാള വിപ്ളവത്തിലൂടെ അധികാരം പിടിച്ചെടുത്ത കേണല്‍ മുഅമ്മറുല്‍ ഖദ്ദാഫി നാലു പതിറ്റാണ്ടിലധികം കാലമായി തികഞ്ഞ സ്വേഛാധിപത്യമാണ് രാജ്യത്ത് നടപ്പാക്കിയത്. ഭ്രാന്തന്‍ ആശയങ്ങളും അഭിപ്രായങ്ങളും വെച്ചുപുലര്‍ത്തുന്ന ഖദ്ദാഫി ഒരു ജനകീയ പ്രസ്ഥാനത്തെയും വളരാന്‍ അനുവദിക്കാതെ തന്റെ റാന്‍മൂളികളെ മാത്രം അധികാര ശ്രേണികളില്‍ പ്രതിഷ്ഠിച്ചു. വേണ്ടതിലധികം ലഭിക്കുന്ന എണ്ണപ്പണം യുവാക്കളെ മയക്കിക്കിടത്തുന്നതിന് ഉപയോഗിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ഖദ്ദാഫിയുടെ തന്നിഷ്ടങ്ങള്‍ക്ക് കൊടുക്കാവുന്നതിലധികം വില കൊടുത്തു കഴിഞ്ഞുവെന്ന് ജനങ്ങള്‍ തിരിച്ചറിയുമ്പോഴേക്ക് സമയം വൈകിപ്പോയിരുന്നു. എന്നിട്ടും തുനീഷ്യയില്‍ നിന്നും ഈജിപ്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അവര്‍ ജനാധിപത്യത്തിനായി പ്രക്ഷോഭരംഗത്തിറങ്ങി. പക്ഷേ, നിഷ്ഠുരനും അവിവേകിയുമായ ഖദ്ദാഫി സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്നതാണ് ലോകം കണ്ടത്. താന്‍ ഭരണാധികാരിയല്ലാത്ത ഒരു ലിബിയ ലോകത്തവശേഷിക്കണം എന്നയാള്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു. മറുവശത്ത് ലിബിയയുടെ ജനാധിപത്യവത്കരണത്തേക്കാളേറെ ആ രാജ്യത്തെ എണ്ണയില്‍ കണ്ണ്നട്ട് അമേരിക്കയും നാറ്റോയും സൈനികമായി ഇടപെട്ടത് ഖദ്ദാഫിക്ക് യുദ്ധം തുടരാന്‍ മതിയായ ന്യായീകരണം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ചെകുത്താനും കടലിനും മധ്യേ അകപ്പെട്ട ലിബിയയിലെ സങ്കീര്‍ണവും കലുഷവുമായ സ്ഥിതിഗതികള്‍ പ്രവചനാതീതമായ പതനത്തിലാണ് ചെന്നെത്തിയിരിക്കുന്നത്.
 
 
ജനാധിപത്യം സലഫീ വീക്ഷണത്തില്‍
 
 ഈജിപ്തിലെ സലഫീ പ്രസ്ഥാനത്തിന്റെ വക്താവ് ശൈഖ് അബ്ദുല്‍ മുന്‍ഇം ശഹ്ഹാതുമായി അശ്ശര്‍ഖുല്‍ ഔസത്ത് ദിനപത്രം നടത്തിയ ഒരഭിമുഖത്തില്‍ ജനാധിപത്യത്തെക്കുറിച്ച ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി: "ജനാധിപത്യം പല ഘടകങ്ങളുമുള്‍ക്കൊള്ളുന്നതാണ്, അവയില്‍ മിക്കതും സ്വീകാര്യമാണ്. പക്ഷേ, അവയില്‍ ഏറ്റവും അപകടകരമായിട്ടുള്ളത് നിയമനിര്‍മാണത്തിനുള്ള പരമാധികാരം അത് ജനങ്ങള്‍ക്ക് നല്‍കുന്നു എന്നതാണ്. നിയനിര്‍മാണത്തിനുള്ള അധികാരം അല്ലാഹുവിന് മാത്രമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്'' (അശ്ശര്‍ഖുല്‍ ഔസ്വത് 18.4.2011).
 
ഇവ്വിധത്തിലുള്ള വിശദീകരണം നല്‍കിയതിന്റെ പേരിലാണ് നമ്മുടെ നാട്ടിലെ സലഫികളെന്നവകാശപ്പെടുന്നവര്‍ മൌലാനാ മൌദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും നിരന്തരം പ്രതിക്കൂട്ടില്‍ കയറ്റിക്കൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ ജനാധിപത്യം, മതേതരത്വം തുടങ്ങിയ വിഷയങ്ങളില്‍ മുജാഹിദ് വിഭാഗത്തിന്റെ നിലപാടെന്താണ്?
 
മുഹമ്മദ് അബ്ദുര്‍റഹ്മാന്‍
 
അബൂദബി
 
 
കേരളത്തിലെ മുജാഹിദ് സംഘടനകള്‍ താല്‍പര്യങ്ങള്‍ക്കുവേണ്ടി അറബ് മുസ്ലിം നാടുകളിലെ സലഫി പ്രസ്ഥാനത്തിന്റെ ഭാഗമാണ് തങ്ങളെന്ന് അവകാശപ്പെടുന്നതല്ലാതെ യഥാര്‍ഥത്തില്‍ രാഷ്ട്രാന്തരീയ സലഫിസവുമായി അവക്ക് മൌലികമായിത്തന്നെ അന്തരമുണ്ട്. കേരള സലഫികളുടെ മത-രാഷ്ട്ര വിഭജനവാദമോ സെക്യുലരിസമോ ഇതര രാജ്യങ്ങളിലെ സലഫികള്‍ അംഗീകരിക്കുന്നില്ല. 'ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന് ദേശീയ പതാകയില്‍ ആലേഖനം ചെയ്യുകയും ഖുര്‍ആനും സുന്നത്തും നിയമനിര്‍മാണത്തിന്റെ സ്രോതസ്സായി അംഗീകരിക്കുകയും ചെയ്ത സുഊദി അറേബ്യയാണ് ലോകത്തെ ഒരേയൊരു സലഫി രാഷ്ട്രം. സുഊദി സലഫികളാവട്ടെ മതേതരത്വത്തിന്റെ എല്ലാ വകഭേദങ്ങളെയും നിരാകരിക്കുന്നവരുമാണ്. അതിനാല്‍ തന്നെ അവരുടെ മുമ്പാകെ കേരള സലഫികള്‍ യഥാര്‍ഥ മുഖം പ്രദര്‍ശിപ്പിക്കാറേ ഇല്ല. ഇവിടെ മതേതരവാദികളുടെ കൈയടി മോഹിച്ചും ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിക്കാനുള്ള സുവര്‍ണാവസരമായി കണ്ടും 'മതരാഷ്ട്രവാദം' എന്ന് പേരിട്ട് ഇസ്ലാമിനെ അരാഷ്ട്രീയവത്കരിക്കുന്നവര്‍ തികഞ്ഞ ആത്മവഞ്ചനയാണ് നടത്തുന്നത്.
 
 
പ്രവാചകന്മാരുടെ ദൌത്യം
 
 ഇസ്ലാമില്‍ രാഷ്ട്രീയവും ഭരണവും ഉണ്ടെങ്കിലും അതൊരിക്കലും അതിന്റെ അവിഭാജ്യഘടകമായിരുന്നില്ല. പക്ഷേ, ജമാഅത്തെ ഇസ്ലാമി എന്ന മത-രാഷ്ട്രീയ പ്രസ്ഥാനത്തിന് സമൂഹത്തിന് മുമ്പില്‍ വേറിട്ട് കാണാനും നിലനില്‍ക്കാനും ഇസ്ലാമിലെ രാഷ്ട്രീയവും ഭരണവും നിര്‍ബന്ധമായി വന്നിരിക്കുന്നു. വിരലിലെണ്ണാവുന്ന പ്രവാചകന്മാര്‍ ഒഴികെ ഭൂരിപക്ഷ പ്രവാചകന്മാരും രാഷ്ട്രീയത്തെയും ഭരണത്തെയും അവഗണിച്ചുകൊണ്ട് ഏകദൈവ(തൌഹീദ്) സിദ്ധാന്തത്തെ മാത്രമല്ലേ പ്രബോധനം ചെയ്തിരുന്നത്? അങ്ങനെയാണെങ്കില്‍ ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണത്തില്‍ ഭൂരിപക്ഷ പ്രവാചകന്മാരെല്ലാം തന്നെ തങ്ങളുടെ ദീനും ദൌത്യവും പൂര്‍ത്തിയാക്കാതെ തിരിച്ചുപോയവരായിരുന്നു എന്നുവരില്ലേ?
 
എന്‍.പി രിയാദ്
 
 


 
'അല്ലാഹുവിന് അടിപ്പെട്ട് ജീവിക്കുക, അല്ലാഹുവല്ലാത്ത ശക്തികളെ വര്‍ജിക്കുക' എന്ന സന്ദേശവുമായാണ് എല്ലാ കാലത്തും എല്ലാ സമൂഹങ്ങളിലേക്കും പ്രവാചകന്മാര്‍ നിയുക്തരായതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിനെ നിരാകരിക്കുകയോ അല്ലാഹുവിന്റെ അധികാരം സ്വയം കൈയടക്കുകയോ ചെയ്ത ഫിര്‍ഔന്‍, നംറൂദ് തുടങ്ങിയ ധിക്കാരികളെ പ്രബോധനം ചെയ്ത പ്രവാചകന്മാര്‍, അവരെ കേവലം ആരാധനാപരമായ ശിര്‍ക്കില്‍നിന്ന് തടയുക മാത്രമല്ല ചെയ്തത്. മറിച്ച് അല്ലാഹുവിന്റെ അടിമകളെ അടക്കി ഭരിക്കാനുള്ള അധികാരം നിങ്ങള്‍ക്കല്ല എന്നും തുടര്‍ന്നു പ്രഖ്യാപിച്ചു. യൂസുഫ്, ദാവൂദ്, സുലൈമാന്‍(അ) തുടങ്ങിയ പ്രവാചകന്മാരാകട്ടെ ദൈവിക ഭരണത്തിന്റെ മാതൃക കാഴ്ചവെക്കുകയും ചെയ്തു. അവസാനമായി ലോകത്തിനാകെ അനുഗ്രഹമായി നിയുക്തനായ മുഹമ്മദ് നബി(സ) ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രബോധനം കൊണ്ട് ഒരു വിശ്വോത്തര സ്റേറ്റ് സ്ഥാപിച്ച് അതിന്റെ ഭരണം തന്റെ സച്ചരിതരായ ശിഷ്യന്മാരെ ഏല്‍പിച്ചാണ് വിടവാങ്ങിയത്. സര്‍വോപരി ഇസ്ലാമിന്റെ മൂലപ്രമാണങ്ങളായ ഖുര്‍ആനിലും സുന്നത്തിലും, വിശ്വമാനവികതയിലും നീതിയിലും അധിഷ്ഠിതമായ ഒരു രാഷ്ട്രീയ ഭരണവ്യവസ്ഥയുടെ രൂപരേഖ വരഞ്ഞു കാണിക്കുകയും ചെയ്യുന്നു. മറിച്ച് മതേതരത്വം പ്രബോധനം ചെയ്യാന്‍ വന്ന ഒരു പ്രവാചകനെയും ചരിത്രമോ ഖുര്‍ആനോ പരിചയപ്പെടുത്തുന്നില്ല. ജീവിതരംഗങ്ങളെയാകെ ഒഴിച്ചുനിര്‍ത്തി കേവലം ആരാധനയില്‍ ഊന്നുന്ന ഒരു 'തൌഹീദ്' ഇസ്ലാമിലില്ല. 'നിങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പറയുവിന്‍, അറബികളും അനറബികളും നിങ്ങള്‍ക്ക് കീഴ്പ്പെടും' എന്നാണ് അല്ലാഹുവിന്റെ ദൂതന്‍ ആഹ്വാനം ചെയ്തത്.
 
ശിര്‍ക്കിനെതിരെ തൌഹീദ് പ്രബോധനം ചെയ്ത അനേകം പ്രവാചകരെ ജനം കൊന്നുകളഞ്ഞിട്ടുണ്ട്. വളരെ പേര്‍ക്ക് ആരെയും അനുയായികളായി ലഭിച്ചില്ല. ഇവരൊക്കെ ദൌത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടവരാണോ? അല്ലെങ്കില്‍ ഭരണത്തിന്റെ കാര്യവും അതുതന്നെ. പ്രബോധനമാണ് പ്രവാചകന്മാരുടെ ചുമതല. ജനങ്ങള്‍ നന്മ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ പിന്തുടരാം, അത്രതന്നെ. ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിക്ക് ഐഡന്റിറ്റിക്ക് മാത്രമായി ഇസ്ലാമിന് അന്യമായ വാദഗതികളൊന്നും ആവശ്യമില്ല. രാജ്യ നന്മക്കായി ഇസ്ലാമിന്റെ സമ്പൂര്‍ണ സംസ്ഥാപനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു എന്നത് തന്നെയാണ് ജമാഅത്തിനെ ഇതര സാമ്പ്രദായിക മതസംഘടനകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

2011 ജൂലൈ 16, ശനിയാഴ്‌ച

ചെറുപ്പം വീണ്ടും വസന്തം വിരിയിക്കുകയാണ്

ചെറുപ്പത്തിന്റെ തീക്ഷ്ണത ഒടുങ്ങിയെന്നും ചരിത്രം തീര്‍ന്നുവെന്നുമാണ് ഫുകിയാമയിലൂടെ മുതലാളിത്ത സാമ്രാജ്യത്തം പ്രഖ്യാപിച്ചത്. അധികാര ഗര്‍വ്വിന്റെ ആ വാക്കുകള്‍ ഏകാധിപതികള്‍ എല്ലാ കാലത്തും ഉപയോഗിച്ചതും ചരിത്ര പിന്‍ബലമില്ലാത്തതായിരുന്നിട്ടും ലോകമത് ശരിയും സത്യവുമെന്ന് തലകുലുക്കി. പക്ഷെ യുവാക്കള്‍ ഹോളിവുഡ് സിനിമ കണ്ടും ബര്‍ഗര്‍ തിന്നും കോള കുടിച്ചും മരിച്ചുപോകുന്നവരല്ലെന്നും വര്‍ത്തമാനാവസ്ഥകളെ ചോദ്യം ചെയ്തും തിരുത്തിയും ഭാവിയെ പുനക്രമീകരിക്കാനുള്ള കരുത്തും ശേഷിയുമവര്‍ക്കുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. ഭൂമിയില്‍ വിപ്ലവത്തിന്റെ വസന്തം വീണ്ടും വിരിയുകയാണ്.


ഇപ്പോള്‍ നാം വിസ്മയിച്ചുപോകുന്നു; ഇരുപതാം നൂറ്റാണ്ട് എന്തെല്ലാം കെട്ടുകഥകളാണ് നമ്മെ പഠിപ്പിച്ചതെന്നോര്‍ത്ത്. അസത്യങ്ങള്‍ക്ക് കണക്കുകളുടെ മേമ്പൊടികള്‍ ചേര്‍ത്ത് ബുദ്ധിയെ പറ്റിക്കുന്ന എത്രയെത്ര ഏജന്‍സികളും വിദഗ്ധരുമാണ് നമുക്ക് ചുറ്റും സൃഷ്ടിക്കപ്പെട്ടത്. അവര്‍ പറഞ്ഞതെല്ലാം സംശയങ്ങള്‍ കൂടാതെ വിശുദ്ധ സത്യമായി നാം അംഗീകരിക്കുകയും പിന്‍പറ്റുകയും ചെയ്തു. ലോകബാങ്കിന്റെ കണക്ക് പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷമായി ലോകത്ത് സാമ്പത്തിക ഉണര്‍വുണ്ടാക്കുന്ന മികച്ച പത്ത് രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്. 2008-ല്‍ ഐ.എം.എഫ് തലവന്‍ ഡൊമനിക് കാന്‍ പ്രസ്താവിച്ചത് തുണീഷ്യ വികസന വളര്‍ച്ച കാണിക്കുന്ന രാജ്യങ്ങള്‍ക്ക് നല്ല മാതൃകയാണെന്നാണ്. തൊഴിലും ഭക്ഷണവുമില്ലാതെ, ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്ന യുവാക്കളാല്‍ സമ്പന്നമായ നാടുകളെക്കുറിച്ചാണ് ലോകബാങ്കും ഐ.എം.എഫും ഇത്രയും വലിയ നുണകള്‍ അടിച്ചുവിട്ടത്. ചികത്സയും പോഷകവുമില്ലാതെ മരിച്ചുവീഴുന്ന കുട്ടികളുടെ ഗ്രാഫായിരുന്നു, സത്യത്തില്‍ വര്‍ഷംതോറും ഉയര്‍ന്നുകൊണ്ടിരുന്നത്. എന്നാല്‍ ഭരിച്ചിരുന്നവര്‍ ഇഷ്ടക്കാരായതിനാല്‍ സാമ്രാജ്യത്ത ഏജന്ററുമാരുടെ വര്‍ഷാന്ത റിപ്പോര്‍ട്ട് ബുക്കില്‍ അവയൊന്നും ഉള്‍പ്പെട്ടില്ല. ആഫ്രിക്കയിലെ ചെറുപ്പക്കാര്‍ തകര്‍ത്തത് സേഛാധിപത്യ ഭരണസംവിധാനങ്ങളെ മാത്രമല്ല; സാമ്രാജ്യത്ത ഏജന്‍സികളുടെ വിശ്വാസ്യത കൂടിയാണ്.

ഇപ്പോള്‍ നമുക്ക് ലജ്ജ തോന്നുന്നു; നമ്മുടെ ബോധ മണ്ഡലങ്ങളില്‍ അസംബന്ധങ്ങള്‍ വേരൂന്നിയത് എത്ര ആഴത്തിലാണെന്നറിഞ്ഞത്. സിനിമകള്‍ നമുക്ക് കാണിച്ചുതന്നത് പെണ്ണ് പിടിച്ചും കള്ള് കുടിച്ചും പിമ്പിരി പാടി നടക്കുന്നവരാണ് അറബി ചെക്കന്‍മാരെന്നാണ്. മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് ജനാധിപത്യബോധമില്ലാത്തവരും ഭീകരരും മതഭ്രാന്തരുമായി ജീവിക്കുന്ന അപരിഷ്‌കൃത ജനതയാണവരെന്നാണ്. എന്നാല്‍ അവര്‍ നമ്മെ ബോധ്യപ്പെടുത്തിയിരിക്കുന്നു. ആഫ്രിക്കയില്‍ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള വെളിച്ചം പ്രകാശിതമാകുന്നുവെന്ന്.

ആഫ്രിക്ക യുറോപ്പിനെ, യുറോപ്പിന്റെ ചിന്താധാരകളെ തിരുത്തകയെന്നത് ചരിത്രത്തിലെ മനോഹരവും അനിവാര്യവുമായ നടപടിക്രമമാണ്. കറുത്തവരുടേയും ഇരുണ്ട നിറക്കാരുടേയും കരുത്തും സമ്പത്തുമാണ് പടിഞ്ഞാറിനെ ആരെയും ഭ്രമിപ്പിക്കുന്ന ആഢംബര നഗരമാക്കിയത്. സ്വന്തം ദേശങ്ങള്‍ ശൂന്യമായപ്പോഴാണ് യൂറോപ്പിന്റെ പത്തായപ്പുരകള്‍ നിറഞ്ഞുകവിഞ്ഞത്. സ്വന്തം ദേഹത്തിന്റെ നിറവും രൂപവും നോക്കിയാണ് പാശ്ച്യാത്യര്‍ വംശ മഹിമയുടെ നരവംശ ശാസ്ത്രവും ഭൂമിശാസ്ത്രവും രചിച്ചതും മക്കളെ പഠിപ്പിച്ചതും. അങ്ങിനെയാണ് സ്വന്തം പൈതൃകങ്ങളും നിറവും സംസ്‌കാരവും മോശപ്പെട്ടതായി അവര്‍ക്ക് തന്നെ തോന്നിതുടങ്ങിയത്.

അറിവും അധികാരവും അടിമത്തത്തിന്റെയും വിവേചനത്തിന്റെയും ചങ്ങലകള്‍ തീര്‍ക്കുമ്പോള്‍ ആത്മാവുകളെ തിരിച്ചറിയുന്ന യുവത മോചനത്തിന്റെ സങ്കീര്‍ത്തനമാലപിക്കും. വിപ്ലവം തോക്കിന്‍ കുഴലിലൂടെ മാത്രമല്ല പൂവണിയുക; മുല്ലപ്പൂ വസന്തങ്ങളിലൂടെയുമാണ്. ദുര്‍ബലരും പീഡിതരും അധികാരത്തിന്റെ അവകാശികളാകുകയും സേഛാധിപത്യം ചെങ്കടലുകളില്‍ മുങ്ങിച്ചാകുകയും ചെയ്യുമെന്നത് ദൈവത്തിന്റെ തെറ്റാത്ത നടപടിക്രമമാണ്. ദാവീദിന്റെ പിന്‍മുറക്കാര്‍, മോശയുടെ ദേശക്കാര്‍ വീണ്ടും വീണ്ടും ദൈവപ്രവചനങ്ങളെ സാക്ഷാത്കരിക്കുകയാണല്ലോ.

ഇപ്പോള്‍ നാം സംശയാലുക്കളാകുകയാണ്; നമ്മുടെ രാജ്യത്തെ കുറിച്ച് ഭരണാധികാരികള്‍ പറയുന്നതും സാമ്രാജ്യത്ത സ്ഥാപനങ്ങള്‍ പ്രചരിപ്പിക്കുന്നതും സത്യമാണോ എന്നോര്‍ത്ത്. ഇന്ത്യ ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക പുരോഗതി നേടിയ രാജ്യമാകുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. പ്രകൃതി വിഭവങ്ങള്‍കൊണ്ടും മനുഷ്യശേഷികൊണ്ടും അതാര്‍ജ്ജിച്ചെടുക്കാനുള്ള കഴിവും പ്രാപ്തിയും നമുക്കുണ്ട്. പക്ഷെ നമ്മുടെ ഭരണാധികാരികള്‍ രാജ്യത്തെ നയിക്കുന്നത് ശരിയായ ദിശയിലൂടെയാണോ? അവര്‍ പറയുന്നത് സത്യം തന്നെയാണോ? 2010ലെ നാഷ്ണല്‍ സാംപിള്‍ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം തൊഴില്‍ ശേഷി 42 ശതമാനത്തില്‍ നിന്ന് 39 ശതമാനമായി കുറഞ്ഞിരിക്കുന്നു. തൊഴിലില്ലായ്മ 2004-05 ലെ 7.20 ല്‍ നിന്ന് 9.5 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു. രാജ്യത്ത് പ്രചരിപ്പിക്കുന്ന സാമ്പത്തിക വളര്‍ച്ചയും നിലവിലെ തൊഴിലവസരവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് ചുരുക്കം. ഈ വൈരുദ്ധ്യത്തെ കുറിച്ച് ദേശീയ ആസൂത്രണ ഉപാധ്യക്ഷന്‍ പറയുന്നത് സര്‍വേ തെറ്റും സാമ്പത്തിക പുരോഗതി ശരിയുമെന്നാണ്. എന്നാല്‍ ഇന്ത്യയില്‍ തൊഴിലെടുക്കുന്ന ചെറുപ്പക്കാരില്‍ 52 ശതമാനം പേരും അസംതൃപ്തരാണെന്നും ഉന്നത വിദ്യാഭ്യാസം തേടിയവര്‍ക്ക് തതുല്യമായ ജോലിയും വരുമാനവും ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടും കൂട്ടിവായിക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയുടെ പ്രയോജനം രാജ്യത്തിന് പൊതുവില്‍ പ്രയോജനപ്പെടുന്നിെല്ലന്ന സത്യം മറച്ചുവെക്കാന്‍ അഹുലുവാലിയ ശ്രമിക്കുകയാണെന്ന് ബോധ്യമാകും.

അധികാരവര്‍ഗം സത്യങ്ങള്‍ മറച്ചുവെക്കുന്നതിലൂടെ തകര്‍ന്നുപോകുന്നത് സാധാരണക്കാരുടെ ജീവിതമാണ്. 2009-10 കാലയളവില്‍ ഇന്ധന നികുതിയായി സര്‍ക്കാര്‍ പിരിച്ചെടുത്തത് 56365 കോടി രൂപയാണ്. ഇന്ധന സബ്‌സിഡിയായി സര്‍ക്കാര്‍ ചെലവഴിച്ചത് 14058 കോടി രൂപയും. ലാഭകരമായ എണ്ണ കമ്പനികളെ കണക്കിന്റെ കളികളിലൂടെ നഷ്ട കമ്പനികളായി ചിത്രീകരിക്കുന്നത് ജനവിരുദ്ധത നടപ്പാക്കാന്‍ നുണകള്‍ ആവശ്യമായതിനാലാണ്. മാറ്റത്തിന്റെ കൊടി ചെറുപ്പക്കാര്‍ കയ്യിലേന്തുന്നത് ജനവിരുദ്ധതയുടെ പര്യായമായി അധികാരം മാറുമ്പോഴാണ് എന്ന മാറ്റമില്ലാസത്യം ആഫ്രിക്കയിലെ ചെറുപ്പക്കാര്‍ നമ്മെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.

ഇപ്പോള്‍ നമുക്ക് ബോധ്യപ്പെട്ടിരിക്കുന്നു; മതത്തിന് സാമൂഹിക ജീവിതത്തില്‍ നന്മകള്‍ വിരിയിച്ചെടുക്കാമെന്ന്. മതത്തെക്കുറിച്ച് എന്തെല്ലാം അവാസ്തവങ്ങളാണ് സിദ്ധാന്തങ്ങളായി ആഘോഷിക്കപ്പെട്ടത്. മതം സാമൂഹികതയെ കലുഷമാക്കും. സൗഹൃദത്തിനും ഇണക്കത്തിനും തടസ്സമാണ്. അധികാര വര്‍ഗത്തിന്റെ ഏറാന്‍മൂളികളാണ്. സാമൂഹിക പരിവര്‍ത്തനത്തിന്റെ ചാലകശക്തിയാകാനുള്ള ശേഷിയില്ല...അങ്ങിനെ എത്രെയത്ര വാദഗതികള്‍. ക്രൈസ്തവരും മുസ്‌ലിംകളും ഇടതുപക്ഷക്കാരും ഇസ്‌ലാമിസ്റ്റുകളും കൈകോര്‍ത്തുകൊണ്ട് തഹ്‌രീറിന്റെ (സ്വാതന്ത്ര്യം) മുദ്രാവാക്യങ്ങള്‍ വാനിലുയര്‍ത്തിയപ്പോള്‍ തകര്‍ന്നുവീണത് ഏകാധിപതികളോടൊപ്പം നൂറ്റാണ്ടുകളായി പ്രചരിപ്പിക്കപ്പെട്ട വ്യാജ സിദ്ധാന്തങ്ങള്‍കൂടിയായിരുന്നു. യഥാര്‍ഥത്തില്‍, സാമൂഹിക ഉള്ളടക്കം നിലനിര്‍ത്തിയ മതങ്ങള്‍ ദുഷ്പ്രഭുത്വത്തിന്റെ എതിര്‍പദങ്ങളായിരുന്നു. നംറൂദിനെതിരെ ഇബ്രാഹീം. ഫറോവക്കെതിരെ മോസസ്. കംസന് കൃഷണന്‍. റോമക്കെതിരെ ജീസസ്. ദുര്‍ബലരോടുള്ള അനുകമ്പയും പീഡനങ്ങളില്‍ നിന്നുള്ള മോചനവുമാണ് മതത്തിന് ആള്‍ബലം നല്‍കിയത്. ആത്മീയതയുടെ കരുത്താണ് അവരെ കരുണാര്‍ദ്രരും വിമോചകരുമാക്കിയത്.

മതക്കാരും മതേതരക്കാരും ദൈവവിശ്വാസികളും ദൈവനിരാസകരും പുരുഷനും സ്ത്രീയുമെല്ലാം ഒന്നുചേര്‍ന്ന് അധീശത്വത്തിന്റെ ചങ്ങലകളറുക്കാമെന്നും നന്മകള്‍ വിരിയിക്കാമെന്നും ആ ചെറുപ്പക്കാര്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നു. ചെറുപ്പത്തിന്റെ ആവേശങ്ങളും ആകുലതകളും അഹ്ലാദങ്ങളും അന്തസംഘര്‍ഷങ്ങളുമെല്ലാം പുതിയ വസന്തത്തെ വിരിയിക്കാന്‍ സോളിഡാരിറ്റി ഏറ്റെടുക്കുകയാണ്. പുതിയ കേരളത്തിന്റെ ചാലകശക്തികളായി, സാമൂഹിക പരിഷ്‌കരണത്തിന്റെ നേതാക്കളായി, സന്തുലിത വികസനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ധാര്‍മ്മികതയുള്ള യുവാക്കളായി കേരളത്തിനവരെ കൈമാറും.

കാര്യങ്ങള്‍ തീര്‍ച്ചപ്പെട്ടിരിക്കുന്നു; മുതലാളിത്ത സാമ്രാജ്യത്തത്തിന്റെ കാലം അവസാനിക്കുകയാണ്. പുതിയ ആശയങ്ങളുടെ വിളിയാളം ആഫ്രിക്കന്‍ ചക്രവാളത്തില്‍ നിന്നുമുയരുമ്പോള്‍ പുതിയ കാലത്തിന് വേണ്ടി ഹര്‍ഷോന്‍മേഷത്തോടെ എഴുന്നേറ്റ് പുറപ്പെടാന്‍ ഇനിയെന്ത് തടസ്സമാണുളളത്?


വിപ്ലവാശംസകളോടെ..
പി.ഐ നൗഷാദ്‌


2011 ജൂലൈ 15, വെള്ളിയാഴ്‌ച

ഇത്തരമൊരു പ്രസ്ഥാനം തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവന


ടി. മുഹമ്മദ് വേളം
 
ഈപ്രസ്താവന കേവലാര്‍ഥത്തില്‍ പ്രതിലോമകരമാണെന്നറിയാം.  കാരണം പ്രസ്ഥാനം പ്രസ്ഥാനത്തിനുവേണ്ടിയല്ല.  അത് മഹത്തായ ചില ലക്ഷ്യങ്ങള്‍ക്കുള്ള ഉപകരണമാണ്.  പക്ഷേ, നമ്മുടെ സംഘടനാ കാലുഷ്യങ്ങള്‍ക്കിടയിലിരുന്ന് ആലോചിക്കുമ്പോള്‍ ഈ പ്രസ്താവന ഏറെ പ്രസക്തമാണ്.  ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനത്തിനുള്ള ആത്മാര്‍ഥ ശ്രമമാണ് ഇസ്‌ലാമിക പ്രസ്ഥാനം. ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനത്തെക്കുറിച്ച് ഇങ്ങനെ അന്വേഷണം നടത്താനും ചര്‍ച്ച ചെയ്യാനും വേദിയൊരുക്കുന്ന ഒരു പ്രസ്ഥാനം എന്നതു തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ സംഭാവന. സംവാദാത്മകത എന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ഒഴിവാക്കാനാവാത്ത സഹജഗുണമാണ്.  ജമാഅത്തെ ഇസ്‌ലാമിയോട് വിയോജിപ്പിന്റെ വലിയ വിടവുകള്‍ ഉള്ളവരാണെങ്കിലും യോജിപ്പിന്റെ എന്തെങ്കിലും ബിന്ദുക്കളുണ്ടെങ്കില്‍ പ്രസ്ഥാനവുമായി പ്രാസ്ഥാനികമായി തന്നെ സംസാരിക്കാം.
 
സംഘടനയുടെ ബുദ്ധിയും വിഭവശേഷിയും മാത്രമുപയോഗിച്ചല്ല പ്രസ്ഥാനം  ഒരിക്കലും മുന്നോട്ടുപോവാന്‍ ശ്രമിച്ചത്. വിമര്‍ശകരെ വരെ ശ്രവിച്ചും ശ്രദ്ധിച്ചുമാണ് അത് എന്നും അതിന്റെ മൂലധനം സ്വരൂപിച്ചത്.  ഇങ്ങനെ നമുക്കൊരു ഇസ്‌ലാമിക പ്രസ്ഥാനമുണ്ട്.  അതിന്റെ തന്നെ പേജിലും വേദിയിലും സഭാമര്യാദകള്‍ പാലിച്ചുകൊണ്ട് നിങ്ങള്‍ക്കതിനെ വിമര്‍ശിക്കാം, നിരൂപണം ചെയ്യാം, കൂട്ടിച്ചേര്‍ക്കാം,  ശക്തിപ്പെടുത്താം.  കാരണം, അത് പ്രതിനിധീകരിക്കുന്ന ഇസ്‌ലാം സംഘടനയുടെ സ്വകാര്യസ്വത്തല്ല.  അതിന്റെ അടിത്തറയില്‍ അത് ലക്ഷ്യം വെക്കുന്ന മനുഷ്യവിമോചനവും എല്ലാവരുടെയും ആവശ്യമാണ്.  അതുകൊണ്ട് തന്നെ ഈ പ്രസ്ഥാനത്തില്‍ ആര്‍ക്കുമിടപെടാം.  എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും ഇത്തരമൊരു പ്രസ്ഥാനം നമുക്കുണ്ട് എന്നത് ഏതൊരു ഇസ്‌ലാം സ്‌നേഹിയെ സംബന്ധിച്ചും ജനാധിപത്യവാദിയെ സംബന്ധിച്ചും സന്തോഷകരമാണ്.  ആ സന്തോഷത്തിന്റെ പങ്കുവെയ്പായിരുന്നു കഴിഞ്ഞ ലക്കങ്ങളില്‍ പ്രബോധനത്തില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച. ഒരു പ്രസിദ്ധീകരണം എന്ന നിലക്ക് അത് അനിശ്ചിതമായി തുടരുന്നതിന് പ്രബോധനത്തിന് പരിമിതികള്‍ ഉണ്ടാവാം. ഒരു സംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമി ഇത്തരം ചര്‍ച്ച മറ്റു രീതിയില്‍ തുടരാന്‍ തന്നെയാണ് സ്വാഭാവികമായും ആഗ്രഹിക്കുന്നത്.
 
മലയാളത്തിലെ ചില മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ നിരന്തരമായ ജമാഅത്ത് വിരുദ്ധ കാമ്പയിന്‍ ഇപ്പോള്‍ പ്രത്യേകമായി സംഘടിപ്പിക്കുന്നുണ്ട്. ഒരു മുജാഹിദ് ഗ്രൂപ്പാണ് ഇപ്പോള്‍ അതില്‍ ഓടി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. പ്രബോധനം ജമാഅത്തെ ഇസ്‌ലാമിയെത്തന്നെ ചര്‍ച്ചക്കെടുത്തപ്പോള്‍ ശബാബിന്റെ ഇക്കാലയളവിലെ ചര്‍ച്ചാ വിഷയവും ജമാഅത്തെ ഇസ്‌ലാമി തന്നെയായിരുന്നു.  അതില്‍ ചിലര്‍ ഇപ്പോഴും ഇസ്‌ലാമിസ്റ്റുകളായി തുടരുന്നവരാണ്.  ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തെ തള്ളിപ്പറയാത്തവരാണ്.  നയനിലപാടുകളില്‍ വിയോജിപ്പുള്ളവരാണ്. മറ്റു ചിലര്‍ സാമൂഹിക മണ്ഡലത്തില്‍ ജമാഅത്തുമായും അതിന്റെ വിദ്യാര്‍ഥി യുവജനസംഘടനകളുമായും പ്രശ്‌നാധിഷ്ഠിതമായി സഹകരിക്കുന്നവരാണ്. ഈ പ്രശ്‌നമുഖത്തൊന്നും മുജാഹിദിന്റെ ഈ യുവസുഹൃത്തുക്കളെ കാണാറുമില്ല. ജമാഅത്തും ഇത്തരം സുഹൃത്തുക്കളും തമ്മിലെ വിശദാംശത്തിലെ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ താല്‍ക്കാലികമായ ചില അഭിപ്രായാന്തരങ്ങളെ ആഘോഷിക്കുന്നതില്‍ ഈ മുജാഹിദ് യുവതക്കെന്താണ് കാര്യം? കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം ആശയപരമായും പ്രായോഗികമായും ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്കും ചര്‍ച്ച ചെയ്യാനുള്ളത് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് തന്നെയാണ്.  കേരളത്തിലെ മുസ്‌ലിം മതസംഘടനകള്‍ ജമാഅത്ത് നോക്കി പ്രസ്ഥാനങ്ങളായി മാറുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. ജമാഅത്തിന്റെ ആദര്‍ശം പോലുമല്ല, അതിന്റെ സൂക്ഷ്മ നയനിലപാടുകളാണ് ഇതര സംഘടനാ പ്രസിദ്ധീകരണങ്ങളുടെ പ്രധാന ഇതിവൃത്തം. ഇതൊരു സംഘടന നേടിയെടുത്ത വളര്‍ച്ചയുടെ അടയാളം കൂടിയാണ്.
 
 
വിമര്‍ശനത്തിന്റെ
 
സമകാലിക പരിസരം
 
ജമാഅത്തെ ഇസ്‌ലാമി വളരെ ശക്തമായി വിമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭമാണിത്.  ജമാഅത്തെ ഇസ്‌ലാമി പൊതു സമൂഹവുമായി ഏറ്റവുമടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ കാലവുമാണിത്. ഇവിടത്തെ പൊതുമണ്ഡലത്തിന്റെ ആരോഗ്യത്തിന് ഹാനികരമായ വാക്കോ പ്രവൃത്തിയോ ജമാഅത്തിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല.  എന്നല്ല, ജാതിമതഭേദമന്യേ മനുഷ്യരുടെ നിരവധി പ്രശ്‌നങ്ങളില്‍ നിരന്തരമായി അത് ഇടപെട്ടുകൊണ്ടിരിക്കുന്നു. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല എന്ന് മാത്രമല്ല, സാധ്യമാവുന്ന സേവനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏത് സംഘടനയായാലും അത് രാഷ്ട്രീയ സംഘടനയാവട്ടെ, മതസംഘടനയാവട്ടെ, അതിനാല്‍ അനാഥരാക്കപ്പെട്ടവരോ വിധവകളാക്കപ്പെട്ടവരോ ആയി ചിലരെങ്കിലും കേരളത്തിലുണ്ടാവും;  ഉണ്ട്.  ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചും പോഷക സംഘടനകളെക്കുറിച്ചുമുള്ള സാക്ഷ്യം നേര്‍വിപരീതമാണ്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്റെ ഇര ഉദയന്റെ അമ്മ പറയുന്നു: ''ഞങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം സോളിഡാരിറ്റിയാണ്. ആ അമ്മ നന്ദിയോടെ ഓര്‍ക്കുന്നു. വീടിന്റെ മുഴുവന്‍ ചെലവും പഠനച്ചെലവും പൂര്‍ണമായും വഹിക്കുന്നത് ഈ സംഘടനയാണ്. ഉദയന് നടക്കാന്‍ അവര്‍ നല്‍കിയ താങ്ങില്‍ ഊന്നിനടന്ന് അവന്‍ തന്റെ ആഹ്ലാദം ഞങ്ങളോട് പങ്കുവെച്ചു''  (മധുരാജ്, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഡിസംബര്‍ 26).
 
എന്നിട്ടും മറ്റേതൊരു പ്രസ്ഥാനത്തേക്കാളും അത് വിമര്‍ശിക്കപ്പെടുന്നതിന് ഒറ്റക്കാരണമേ ഉള്ളൂ.  അത് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നു എന്നതു മാത്രമാണ്. അതുകൊണ്ട് തന്നെ ഈ വിമര്‍ശനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയെ ഒട്ടും പ്രയാസപ്പെടുത്തുന്നില്ല. പൊതുമണ്ഡലത്തിലെ ഈ വിമര്‍ശനങ്ങളെ അത് സന്തോഷപൂര്‍വം എതിരേല്‍ക്കുന്നു.
 
ഇപ്പോള്‍ ജമാഅത്ത് വിമര്‍ശനം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ രണ്ട് കാരണങ്ങളിലൊന്ന്  ആഗോള വ്യാപകമായി സാമ്രാജ്യത്വം ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന  ഇസ്‌ലാമോഫോബിയയാണ്. ഈ ചര്‍ച്ചക്ക് തുടക്കം കുറിച്ച് കൊണ്ട് ഡോ. പി.എ അബൂബക്കര്‍ സൂചിപ്പിച്ചത് പോലെ, ജമാഅത്ത് വിമര്‍ശകരില്‍ അധികപേരും യഥാര്‍ഥത്തില്‍ വിമര്‍ശിക്കുന്നത് ജമാഅത്തിനെയല്ല, ഇസ്‌ലാമിനെയാണ്. ഏറ്റവും ചുരുങ്ങിയത് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെയെങ്കിലുമാണ്. മുസ്‌ലിം സമൂഹത്തിലെ സഹോദര സംഘടനകള്‍ അറിഞ്ഞും അറിയാതെയും അതിന് കോറസ് പാടുന്നു എന്നു മാത്രം.
 
1987 മുതല്‍ ജമാഅത്തെ ഇസ്‌ലാമി തുടര്‍ച്ചയായി ഇവിടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നുണ്ട്. നേരത്തെ അത് ഉണ്ടാക്കാത്ത വിവാദങ്ങള്‍ ഇപ്പോള്‍ ഉണ്ടാവുന്നതിന്റെ ഒരു കാരണം സംഘടന നേടിയ വളര്‍ച്ചയും വിപുലമായ ജനശ്രദ്ധയുമാണ്. അതിനേക്കാള്‍ പ്രധാനമായ മറ്റൊരു കാരണം ഇപ്പോള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമോ ഫോബിയയാണ്. ഇസ്‌ലാമിനെ അതിന്റെ ഏറ്റവും സാന്ദ്രതയില്‍ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി തന്നെയാണ് അതിന്റെ ആക്രമണത്തിന് വിധേയനാവാന്‍ ഏറ്റവും യോഗ്യന്‍.
 
എതിര്‍പ്പിന്റെ തന്നെ മറ്റൊരു രൂപമാണ് തമസ്‌ക്കരണം. പ്രത്യേകിച്ച് മാധ്യമ തമസ്‌ക്കരണം. ജമാഅത്തും പോഷക സംഘടനകളും സംഘടിപ്പിക്കുന്ന ശ്രദ്ധേയമായ പൊതുജനോപകാര പ്രധാനമായ പരിപാടികളെ നമ്മുടെ മാധ്യമങ്ങള്‍ അവഗണിക്കാറാണ് പതിവ്. ഇസ്‌ലാമിക സാമൂഹികതയോടും രാഷ്ട്രീയത്തോടുമുള്ള ഭയവും ശത്രുതയും മാത്രമാണതിന് കാരണം. ഈ ശത്രുതയും ഭയവുമാകട്ടെ സാമ്രാജ്യത്വം ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതുമാണ്. സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര മാധ്യമ പിന്തുണ ലഭിക്കുന്നില്ലെന്ന് ചില അഭ്യുദയകാംക്ഷികള്‍ പരിഭവം പ്രകടിപ്പിക്കാറുണ്ട്. ഇസ്‌ലാമിക സാമൂഹിക മുന്നേറ്റങ്ങളെ ഭയപ്പെടുന്ന സാമൂഹിക സാഹചര്യമാണ് ഈ തമസ്‌ക്കരണത്തിന്റെ യഥാര്‍ഥ കാരണം. ഇസ്‌ലാമിനു കൂടി സ്വതന്ത്രമായി പങ്കുചേരാവുന്ന പൊതുമണ്ഡലം രൂപപ്പെടുന്ന സമയത്ത് മാത്രമേ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ മാധ്യമ പിന്തുണ ലഭിക്കുകയുള്ളൂ. പ്രസ്ഥാനം ഈ അവഗണനക്കെല്ലാമിടയിലും നടത്തുന്ന മുന്നേറ്റങ്ങളും ബദല്‍ മാധ്യമങ്ങളിലൂടെ (പോസ്റ്റര്‍, തെരുവ്‌യോഗം, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, ജനസമ്പര്‍ക്ക പരിപാടികള്‍) അത് നേടിയെടുക്കുന്ന തുറസ്സും ജനപിന്തുണയും തുളകള്‍ വീഴ്ത്തുന്നത് ഇസ്‌ലാമോഫോബിയയുടെ ഘനാന്ധകാരത്തിനാണ്. പൊതുമണ്ഡലത്തില്‍ പ്രസ്ഥാനം വെക്കുന്ന ഓരോ ചുവടും അത് നേടുന്ന ചെറിയ വിജയവും ഇസ്‌ലാമോഫോബിയക്കേല്‍പ്പിക്കുന്ന പ്രഹരങ്ങളാണ്. ഇത്തരം നിരവധി മുന്നേറ്റങ്ങളിലൂടെയാണ് ഇസ്‌ലാം പേടിയുടെ ധൂമപടലം വകഞ്ഞുമാറ്റപ്പെടുക. ജമാഅത്തെ ഇസ്‌ലാമിക്കെതിരായ ആക്ഷേപത്തിനും അവഗണനക്കും അതിനുമപ്പുറത്തെ മാനങ്ങളുണ്ടെന്നര്‍ഥം. ജമാഅത്തെ ഇസ്‌ലാമി ഒരേസമയം ഇസ്‌ലാമോഫോബിയയുടെ ഇരയും അതിനെ പതുക്കെ പതുക്കെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന പടയാളിയുമാണ്.
 
പ്രസ്ഥാനം ഇപ്പോള്‍ തീവ്രമായി എതിര്‍ക്കപ്പെടുന്നതിന്റെ മറ്റൊരു കാരണം അത് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. അഥവാ അതിന്റെ മുന്‍കൈയില്‍ ചില പ്രായോഗിക രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നു എന്നതാണ്. കിനാലൂര്‍ പ്രശ്‌നത്തിന്റെയും 'കോട്ടക്കല്‍ ഇടയലേഖന'ത്തിന്റെയും കാരണം പ്രായോഗിക രാഷ്ട്രീയ നീക്കങ്ങളാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തിനോ ലക്ഷ്യത്തിനോ അടിസ്ഥാന സാഹിത്യങ്ങള്‍ക്കോ പുതുതായി എന്തോ സംഭവിച്ചതല്ല ഈ എതിര്‍പ്പിന്റെ കാരണം. മതവേഷമണിഞ്ഞാടുന്ന വിമര്‍ശന ശകാരകോലങ്ങളുടെ പിന്നിലുള്ളതും കക്ഷി രാഷ്ട്രീയം തന്നെയാണ്.
 
ഇസ്‌ലാമിന്റെ മൂല്യങ്ങളും വിമോചനപരതയും രാഷ്ട്രീയ മണ്ഡലത്തിലേക്ക് കൊണ്ടുവരിക എന്നത് അതിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതുവഴി ദൈവിക മൂല്യങ്ങളും നിയമങ്ങളും രാജ്യത്ത് സംസ്ഥാപിക്കുക എന്നതും. അതുകൊണ്ട് തന്നെ ഒരിക്കലും സമുദായത്തിലെ മറ്റു മതസംഘടനകളെ പോലെ സാമുദായിക കക്ഷി രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉപഗ്രഹ സംഘടനയായല്ല അത് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഏറ്റവും ശക്തമായി രംഗത്തുവരുന്നതും സ്ഥിരം ജമാഅത്ത് വിമര്‍ശകരുടെ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്നതും മുസ്‌ലിം ലീഗാണ്.
 
പക്ഷേ, ലീഗില്‍ നിന്ന് വിഭിന്നമായ രാഷ്ട്രീയ നിലപാടുകള്‍ ജമാഅത്ത് സ്വീകരിക്കുന്നു എന്നത് പുതിയ സംഭവവികാസമല്ല. വിഭജനം മുതല്‍ അടിയന്തരാവസ്ഥവരെയും തര്‍ക്കഭൂമിയില്‍ നടന്ന ശിലാന്യാസം മുതല്‍ ഐസ്‌ക്രീം പാര്‍ലര്‍വരെയും ഇതിന്റെ പൂര്‍വ ദൃഷ്ടാന്തങ്ങളാണ്. അത്തരമൊരു രാഷ്ട്രീയം കുറേക്കൂടി പ്രായോഗിക രൂപത്തിലേക്ക് വികസിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിന്റെ സ്വാഭാവിക സംഘര്‍ഷങ്ങള്‍ മാത്രമാണ് ലീഗിനും ജമാഅത്തിനുമിടയില്‍ നടക്കുന്നത്. അതില്‍ ലീഗ് ഇസ്‌ലാമോഫോബിയയുടെ സാധ്യതകളെ പരമാവധി ജമാഅത്തിനെതിരെ പ്രയോജപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുമാത്രം.
 
ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെല്ലാം അവയുടെ ചരിത്രത്തിലെ രണ്ടാംദശ എന്ന അര്‍ഥത്തില്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അത് സ്വാഭാവികമായും അങ്ങേയറ്റം ബഹുസ്വരവും മാനവികവുമാണ്. ശരിയായ ഇസ്‌ലാമിക രാഷ്ട്രീയത്തിന് അങ്ങനെയാവാനേ കഴിയൂ.
 
മാഫിയാരാഷ്ട്രീയം മതമൂല്യങ്ങളുടെ ഈ രാഷ്ട്രീയവല്‍ക്കരണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതില്‍ പ്രത്യേകിച്ചൊരത്ഭുതത്തിനും വകയില്ല. ഇത്തരമൊരു സംഘര്‍ഷം ഇസ്‌ലാമിക സാമൂഹിക പ്രസ്ഥാനത്തിന് നീട്ടിവെക്കാന്‍ കഴിയുമായിരുന്നില്ല. അതിലൂടെ കടന്നുപോവുകയും അതിജീവിക്കുകയും ചെയ്യുക എന്നതു തന്നെയാണ് അതിന്റെ ചരിത്ര ദൗത്യം. മതമൂല്യങ്ങളുടെ രാഷ്ട്രീയവല്‍ക്കരണമെന്നത് രാജ്യത്തോടും ജനങ്ങളോടും അതിനു നിര്‍വഹിക്കാനുള്ള അടിയന്തര കര്‍ത്തവ്യമാണ്.
 
ശക്തിപ്പെടുന്ന ജമാഅത്ത് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ഇത്തരമൊരു സ്ഥൂല രാഷ്ട്രീയം മാത്രമല്ല ശക്തമായ ചില സൂക്ഷ്മ രാഷ്ട്രീയങ്ങളുമുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനം വെല്ലുവിളിയായിത്തീരുന്നത് സാമ്രാജ്യത്വത്തിനു മാത്രമല്ല, ഇവിടത്തെ സവര്‍ണ ഏക സംസ്‌ക്കാരവാദത്തിനു കൂടിയാണ്. അതേപോലെ ഭരണകൂട ഭീകരതയെ ധീരമായി ചെറുക്കാന്‍ ശ്രമിക്കുന്ന, അത്തരം ശ്രമങ്ങളെ ധീരമായി ചെറുക്കുന്നതിന് നിര്‍ലോഭമായി പിന്തുണക്കുന്ന ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ഭരണകൂട ഭീകരതയുടെ ഏജന്‍സികളുടെ എക്കാലത്തെയും പ്രധാന ശത്രുവാണ് ഈ പ്രസ്ഥാനം.  ഇപ്പോള്‍ ഭരണകൂട ഭീകരതയും അതിനെതിരായ ചെറുത്തുനില്‍പ്പുകളും ശക്തിപ്പെട്ട സാഹചര്യത്തില്‍ ആ എതിര്‍പ്പിന്റെ വീര്യവും വര്‍ധിച്ചിരിക്കുന്നു. കേരളത്തിലെ സ്ഥിരം ജമാഅത്ത് വിമര്‍ശകരെ പരിശോധിച്ചാല്‍ അവര്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരായാലും, ദേശീയം എന്ന ചെലവില്‍ സവര്‍ണ, മൃദുഹിന്ദുത്വ താല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുന്നവരാണെന്നു കാണാന്‍ കഴിയും. അവര്‍ ദുര്‍ബല ജനവിഭാഗത്തെ വേട്ടയാടുന്ന ഭരണകൂടത്തിന്റെ പൊതുസമൂഹ പ്രതിനിധികളാണ്. മലയാളത്തിലെ പ്രമുഖനായ ഒരു ജമാഅത്ത് വിമര്‍ശകന്റെ, ഈയിടെ പുറത്ത് വന്ന ജമാഅത്ത് വിമര്‍ശന പുസ്തകം പ്രമോട്ട് ചെയ്യുന്ന ഏജന്‍സികളിലൊന്ന് സര്‍ക്കാര്‍ ഇന്റലിജന്‍സ്. ഭരണകൂട ഭീകരതയുടെ ശാസ്ത്രീയ വിതരണക്കാരാണിവര്‍. വ്യാജ ഇടതുപക്ഷ വേഷമിട്ട്, ജനതക്കെതിരെ യുദ്ധം ചെയ്യുന്ന ഭരണകൂടത്തിന്റെ പേറോളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം വിമര്‍ശകര്‍.
 
ഈ രണ്ട് സാമൂഹിക വിരുദ്ധശക്തികളുടെയും വേട്ടയാടലുകള്‍ അനുഭവിക്കുന്നതിലും ജമാഅത്തെ ഇസ്‌ലാമിക്ക് ഹൃദയം നിറഞ്ഞ സന്തോഷം മാത്രമേയുള്ളൂ. മാവോ സേതുങ് പറഞ്ഞ പോലെ, ശത്രുവിനാല്‍ എതിര്‍ക്കപ്പെടുക എന്നത് ഒരു മോശം കാര്യമല്ല. ഈ പ്രതിലോമശക്തികളാല്‍ രൂക്ഷമായി എതിര്‍ക്കപ്പെടാന്‍ മാത്രം ജമാഅത്ത് സാമൂഹിക പ്രസക്തമാണ് എന്നതില്‍ സംഘടനക്ക് സന്തോഷമുണ്ട്. ജമാഅത്ത് വിരോധത്തിന്റെ സാമൂഹിക പശ്ചാത്തലവും മനശ്ശാസ്ത്രവും ഇനിയും ആഴത്തില്‍ പഠിക്കപ്പെടേണ്ടതുണ്ട്. അവയില്‍ മിക്കതും ഒരിക്കലും കേവല സംഘടനാ വിമര്‍ശനങ്ങള്‍ അല്ല.
 
ഈ ചര്‍ച്ചയില്‍ ആരോഗ്യകരമായ പല നിരൂപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പല വീക്ഷണങ്ങളുള്ളവര്‍ പങ്കുചേരുന്ന ഒരു ചര്‍ച്ച എന്ന നിലയില്‍ അവക്കിടയില്‍ വൈരുധ്യങ്ങള്‍ ഉണ്ടാവുക എന്ന സ്വാഭാവികതയും ഇവിടെ ഉണ്ട്. പാരമ്പര്യം എന്ന പേരില്‍ അരങ്ങുവാണ ജീര്‍ണതകള്‍ക്കെതിരായ തീക്ഷ്ണ പോരാട്ടത്തിനിടയില്‍ പാരമ്പര്യവുമായി ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഉണ്ടാവേണ്ടിയിരുന്ന ജൈവികമായ ബന്ധത്തിന് കുറച്ചിലുകള്‍ സംഭവിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ ദേശീയ തലത്തില്‍ തന്നെ സംഘടന ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്.
 
ആത്മീയതയെക്കുറിച്ച് പറയുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ പ്രവര്‍ത്തനത്തിനിടയില്‍ സവിശേഷമായ ഒരാത്മീയ സംസ്‌ക്കാരം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇബ്‌റാഹീം ബേവിഞ്ച സൂചിപ്പിച്ചപോലെമതസംഘടനകള്‍ വരെ അധികാരപ്പോരില്‍നെടുകെപിളരുമ്പോള്‍, പിളര്‍പ്പിന്റെ ദുര്‍ഗന്ധം കാരണം സമൂഹം ഇസ്‌ലാമിക സംഘടനകളെയും നേതാക്കന്മാരെയും വെറുക്കുന്ന കാലത്ത് ഒരാഭ്യന്തര സംഘര്‍ഷവുമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയുന്നത് സംഘടനയുടെ ഈ ആത്മീയ ബലം കൊണ്ടാണ്.
 
ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധത്തിന്റെ സംസ്‌കാരം പ്രായോഗിക തലത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംഭാവന ചെയ്തിട്ടുണ്ട്. സ്ത്രീയെ ശരീരം മാത്രമായി നോക്കികാണുന്ന പുരോഹിത വീക്ഷണത്തിനും മുതലാളിത്തക്കാഴ്ചക്കുമെതിരായ സമരവും തിരുത്തുമാണ് ജമാഅത്ത് വിജയകരമായി വളര്‍ത്തിയെടുത്ത ഈ സ്ത്രീ പുരുഷ ബന്ധ സംസ്‌കാരം. ആണും പെണ്ണും ഒരുമിച്ചു ചേര്‍ന്നാല്‍ നടക്കുക ആഭാസകരമായ കാര്യങ്ങളാണെന്ന സംസ്‌കാര ശൂന്യതയുടെ മനോഘടനയെ പ്രായോഗിക മാതൃകയിലൂടെ തകര്‍ക്കാനാണ് ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതും ലോകവ്യാപകമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നല്‍കിയ സാംസ്‌കാരിക സംഭാവനയാണ്. ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധം സാംസ്‌ക്കാരത്തിന്റെ ഏറ്റവും വലിയ സൂചകമാണ്. ഇസ്‌ലാമിന്റെ ഇത്തരമൊരു പ്രായോഗികാവിഷ്‌ക്കാരം ജമാഅത്ത് നിരന്തരം നിര്‍വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാം വിമര്‍ശകരുടെ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് പ്രായോഗികമായ മറുപടി ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ട്.
 
പ്രബോധനം പല ചര്‍ച്ചകള്‍ക്കും വേദിയൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രസ്ഥാനത്തെക്കുറിച്ചു തന്നെയുള്ള ഒരു പരമ്പരയായി എന്നുമാത്രം. ഈ ചര്‍ച്ചയെയും പ്രയോജനപ്പെടുത്തി പ്രസ്ഥാനം അതിന്റെ പ്രയാണം തുടരും. മനുഷ്യന്റെ എല്ലാ ആവിഷ്‌ക്കാരത്തിനും ഒരു അപൂര്‍ണതയുണ്ട്. അതിനെ പൂര്‍ണമാക്കാനുള്ള തീരാത്ത ദാഹമാണ് അവന്റെ ഊര്‍ജസ്രോതസ്സ്. ദൈവിക മാര്‍ഗദര്‍ശനത്തെ നമ്മുടെ സാമൂഹിക സന്ദര്‍ഭത്തിനകത്ത് ആവിഷ്‌ക്കരിക്കുകയാണ്, പ്രതിനിധാനം ചെയ്യുകയാണ് ഇസ്‌ലാമിക പ്രസ്ഥാനം ചെയ്യുന്നത്. മനുഷ്യന്റെ പരിശ്രമം എന്ന നിലക്കുള്ള അതിന്റെ അപൂര്‍ണതയെ, പോരായ്മയെ ദൈവിക വെളിച്ചത്തിലേക്ക് നിരന്തരം നവീകരിക്കേണ്ടതുണ്ട്, വളര്‍ത്തേണ്ടതുണ്ട്. അപൂര്‍ണതയില്‍ നിന്ന് പൂര്‍ണതയിലേക്കുള്ള, ഒരിക്കലും പൂര്‍ത്തിയാവാത്ത നിരന്തര പ്രയാണമാണ് മനുഷ്യന്റെ നൈതികവും ദൈവികവുമായ ഏത് സര്‍ഗാവിഷ്‌ക്കാരവും. അപൂര്‍ണതയുടെ പൂര്‍ണതയിലേക്കുള്ള ഈ സഞ്ചാരവഴിയില്‍ എല്ലാ നിരൂപകരും വിമര്‍ശകരും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ  സഹായികളാണ്.
 
 
tm.velam@gmail.com