യൂസുഫേ*,
സ്വപ്നങ്ങളുടെ കൂട്ടുകാരാ..
കഴിയുമെങ്കില്‍ സ്വര്‍ഗ്ഗ വാസത്തിനു അവധി
കൊടുത്തു നീ ഭൂമിയിലേക്ക് വരിക.
എന്‍റെ പക്കല്‍ നൂറു നൂറു സ്വപ്‌നങ്ങള്‍ ഉണ്ട്.
മറ്റാരോടും പങ്കു വയ്ക്കാനാഗ്രഹിക്കാത്തവ.
ബാല്യത്തില്‍ നിന്‍റെ സ്വപ്നത്തിന്‍റെ നേരറിഞ്ഞു
നിന്നെ കിണറ്റില്‍ തള്ളിയ സോദരന്മാരുടെ
സ്വാര്‍ത്ഥതയല്ല എനിക്ക് ചുറ്റും..
എന്‍റെ സ്വപ്നങ്ങളെ വട്ടുകളെന്നു
പരിഹസിക്കുന്ന സ്നേഹശൂന്യമായ
ഊഷ്ണ ഹൃദയങ്ങളാണ്...
ദൈവത്തിനേറെ പ്രിയമുള്ളവനെ, യൂസുഫേ..
എന്നരികില്‍ വരിക..
ഞാനെന്‍റെ സ്വപ്നങ്ങളെ കുറിച്ച് പറയട്ടെ..?
നക്ഷത്രങ്ങളെയാണ് സ്ഥിരമായ് കാണാറ്..
പക്ഷെ നിന്നെ വണങ്ങിയിരുന്നത് പോലെയല്ല
എന്നോടവ കുസൃതി കാട്ടുകയാണ്..
വെള്ളി ചിറകുകളുള്ള വര്‍ണ നക്ഷത്രങ്ങളെ
സ്വപ്നങ്ങളിലോ സ്വര്‍ഗത്തിലോ നീ കണ്ടിട്ടുണ്ടോ?
എന്നിക്ക് ചുറ്റുമവ നൃത്തം ചെയ്യുകയാണ്
യൂസുഫേ, പറയൂ എന്താണീ സ്വപ്നത്തിന്‍റെ പൊരുള്‍?
നക്ഷത്രങ്ങള്‍ മങ്ങി തെളിയുന്ന ദിവസങ്ങളില്‍
എന്‍റെ സ്വപ്നങ്ങളില്‍ വസന്തമാണ്.
കാലില്ലാത്ത ഉറുമ്പുകള്‍ പുഴുക്കളെ
പോലെ വന്നെന്‍റെ വസന്തത്തെയാകെ
മൂടുന്നതിന്‍റെ അര്‍ത്ഥമെന്ത്?
സുതാര്യമായ ചിറകുകളുള്ള ശലഭങ്ങള്‍
ഉറുമ്പുകള്‍ക്ക് മേല്‍ തപസ്സു ചെയ്യുന്നതും
എന്‍റെ പൂന്തോട്ടത്തിലെ വിളക്കുകാലില്‍
ചാരിയിരുന്നു ഒരു മാലാഖ ഉറങ്ങുന്നതും
കണ്ടു എന്‍റെ ഉറക്കം ഞെട്ടുന്നു..
യൂസുഫേ, വരിക എന്‍റെ സ്വപ്‌നങ്ങള്‍
എടുത്തു കൊള്‍ക..
അക്ഷരങ്ങള്‍ എനിക്ക് ചിറകാകുന്നതും
അക്കങ്ങള്‍ എനിക്ക് വേരാകുന്നതും
പറക്കാനകാതെ തളിര്‍ക്കാനാകാതെ
ഞാന്‍ പകച്ചു നില്‍ക്കുന്നതും മറ്റൊരു സ്വപ്നം..
എന്‍റെ പിതാവിന്‍റെ കണ്ണുനീര്‍ തുള്ളി
പ്രളയമായി എന്‍റെ ഹൃദയത്തെ മുക്കി കളയുന്നു..
ഇനിയുമെനിക്ക് മനസിലാകാത്ത എത്രയോ സ്വപ്‌നങ്ങള്‍..
യൂസുഫേ, ദൈവത്തോടനുവാദം വാങ്ങി
ഒരിക്കല്‍ കൂടി വരിക ഭൂമിയില്‍..
പക്ഷമൊടിഞ്ഞ എന്‍റെ സ്വപ്നങ്ങളൊക്കെയും
ഗുരു എന്നില്‍ നിന്നും കുടിയിറക്കും മുന്‍പ് നീ വരിക..
പൊരുള്‍ പറയുക എന്‍റെ സ്വപ്നങ്ങളുടെ..
*യൂസുഫ്: സ്വപ്ന വ്യാഖ്യാനം നടത്താന്‍ കഴിവുണ്ടായിരുന്ന, ഈജിപ്തില്‍ ജീവിച്ചിരുന്നു എന്ന് ബൈബിളിലും ഖുരാനിലും പറയുന്ന, സുന്ദരനായ പ്രവാചകന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ